എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ

എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ

ന്യൂഡെല്‍ഹി: ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെ രാജ്യത്തെ എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയ്ല്‍വെ തീരുമാനിച്ചു. വൈഫൈ സംവിധാനം ഒരുക്കുന്നതിന്റെ ചെലവ് റെയ്ല്‍വേ വഹിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റെയ്ല്‍വേ സഹമന്ത്രി രാജെന്‍ ഗോഹെയ്ന്‍ പറഞ്ഞു. 2016-17 കാലയളവില്‍ 100 സ്‌റ്റേഷനുകള്‍, 2017-18ല്‍ 200 സ്‌റ്റേഷനുകള്‍, 2018-19ല്‍ 500 സ്‌റ്റേഷനുകള്‍ എന്നിങ്ങനെ സൗജന്യമായി വൈഫൈ സേവനം നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഇതുവരെ 707 സ്റ്റേഷനുകളില്‍ ഈ സംവിധാനം ഉറപ്പാക്കിയെന്നും ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിനുള്ള എഴുതിത്തയാറാക്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

എ1, എ വിഭാഗത്തിലുള്ള സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഗൂഗിള്‍ ഇന്‍ക് ഗ്രൂപ്പ് കമ്പനിയായ മഹാതാ ഇന്‍ഫര്‍മേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി (എംഐഐപിഎല്‍) റെയ്ല്‍ടെല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുതലുള്ള ഈ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഒരുക്കുന്നതിന്റെ ചെലവ് കരാര്‍ പ്രകാരം റെയ്ല്‍ടെലും എംഐഐപിഎല്ലും പങ്കിടുമെന്ന് ഗോഹെയ്ന്‍ പറഞ്ഞു. ‘ബി’, ‘സി’ വിഭാഗം സ്റ്റേഷനുകളിലും ഇതേ രീതിയില്‍ വരുമാനം പങ്കിടുന്ന തരത്തിലുള്ള മാതൃക പിന്തുടരാന്‍ റെയ്ല്‍ടെലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ‘ഡി’, ‘ഇ’ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളില്‍ സൗകര്യമൊരുക്കാന്‍ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് (യുഎസ്ഒഫ്) കീഴില്‍ പണം ലഭ്യമാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയ്ല്‍വേയുടെ അനുബന്ധ സ്ഥാപനമായ റെയ്ല്‍ടെല്‍ കോര്‍പ്പറേഷനിമായുള്ള പങ്കാളിത്തത്തിലൂടെ നിരവധി ഇന്ത്യന്‍ റെയ്ല്‍വേ സ്റ്റേഷനുകളില്‍ തങ്ങളുടെ സൗജന്യ വൈഫൈ സേവനങ്ങള്‍ ഗൂഗിള്‍ നടപ്പിലാക്കിയിരുന്നു. 30 മിനുറ്റില്‍ 300 എംബി ഡാറ്റയാണ് ഇതുവഴി ഒരു ശരാശരി ഉപഭോക്താവ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

Comments

comments

Categories: FK News, Slider