മതേതരത്വം സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

മതേതരത്വം സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

മികച്ച ജീവിത നിലവാരം ലഭ്യമായ സമൂഹങ്ങളില്‍ മത ചിന്തകള്‍ കുറവ്

ന്യൂഡെല്‍ഹി: ജനങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും മാനിക്കുകയും മതനിരപേക്ഷകാഴ്ചപ്പാട് പുലര്‍ത്തുകയും ചെയ്യുന്നത് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെയും യുഎസിലെ ടെന്നെസീ സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനത്തിയത്. 109 രാജ്യങ്ങളില്‍ മതങ്ങള്‍ക്കുള്ള പ്രാധാന്യം വിലയിരുത്തികൊണ്ട് നടത്തിയ പഠനം ‘സയന്‍സസ് അഡ്വാന്‍സസ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മതത്തിന്റെ സ്വാധീനം കുറയുന്നത് ഒരു രാജ്യത്തിന്റെ ഭാവി സാമ്പത്തിക പുരോഗതിയെ സഹായിക്കുന്നുവെന്ന് പഠനം പറയുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ സമൂഹങ്ങളില്‍ മത ചിന്തകള്‍ കുറവാണെന്നും ദരിദ്ര രാഷ്ട്രങ്ങള്‍ കൂടുതല്‍ മതപരമാണെന്നും തെളിവുണ്ടെങ്കിലും മതനിരപേക്ഷത സമ്പത്ത് സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന കാര്യം ഇപ്പോഴും കൃത്യമായി പറയാനാകില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഫ്രഞ്ച് സൈക്കോളജിസ്റ്റ് എമിലി ഡര്‍കെയിം ഉള്‍പ്പടെയുള്ള സാമൂഹ്യശാസ്ത്ര പണ്ഡിതമാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. ഒരിക്കല്‍ മതം ഇല്ലാതായാല്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനം ആ രാജ്യത്തെ ജനങ്ങളുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് എമിലി ഡര്‍കെയിം അഭിപ്രായപ്പെട്ടത്.

മതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സാമ്പത്തിക ഉല്‍പ്പാദനക്ഷമതയെ നയിക്കുമെന്ന് ജര്‍മന്‍ സൈക്കോളജിസ്റ്റ് മാക്‌സ് വെബറും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, മതനിരപേക്ഷത സാമ്പത്തിക വികസനത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്നില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഡാമിയന്‍ റുക് പറഞ്ഞു. മതേതരത്വത്തിനൊപ്പം ജനങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ക്ക് മതിയായ ആദരവ് നല്‍കുകയും സഹിഷ്ണുത നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് സാമ്പത്തിക വികസനം സാധ്യമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗര്‍ഭച്ഛിദ്രം, വിവാഹമോചനം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങളോട് സാമൂഹികമായി എതിര്‍പ്പ് കുറവുള്ള രാജ്യങ്ങള്‍ ഭാവിയില്‍ സാമ്പത്തികമായ പുരോഗതി കൈവരിക്കുന്നതിന് വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ മതപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന രാജ്യങ്ങള്‍ക്ക് പുരോഗതി നേടില്ലെന്ന് പറയാനാവില്ല. ഇത്തരം രാജ്യങ്ങള്‍ ആധുനികവല്‍ക്കരണത്തിനും വ്യക്തികളുടെ അവകാശങ്ങള്‍ മാനിക്കുന്നതിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് റുക് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories
Tags: Development