എയര്‍ടെല്‍ ശമ്പള വര്‍ധന: മിത്തലിന് നിരാശ; വിത്തലിന് കോളടിച്ചു

എയര്‍ടെല്‍ ശമ്പള വര്‍ധന: മിത്തലിന് നിരാശ; വിത്തലിന് കോളടിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ വാര്‍ഷിക ലാഭം ദശാബ്ദത്തിലെ തന്നെ ഏറ്റവും താഴ്ന്ന സ്ഥിതിയിലെത്തിയത് കമ്പനി ചെയര്‍മാന്റെ ശമ്പളത്തിലും പ്രതിഫലിച്ചു. 5 ലക്ഷം രൂപ മാത്രമാണ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ലിന്റെ പ്രതിഫലത്തില്‍ ഉണ്ടായ വാര്‍ഷിക വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30.19 കോടി രൂപയാണ് മിത്തലിന് ശമ്പള ഇനത്തില്‍ ലഭിച്ചത്. തൊട്ടു മുന്‍പത്തെ വര്‍ഷം 30.14 കോടി രൂപ അദ്ദേഹത്തിന് എയര്‍ടെലില്‍ നിന്ന് ലഭിച്ചിരുന്നു. കമ്പനിയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,099 കോടി രൂപയിലേക്കാണ് കൂപ്പു കുത്തിയത്. 71 ശതമാനമാണ് ലാഭത്തിലെ ഇടിവ്.

ടെലികോം മേഖലയിലെ യുദ്ധസമാന സാഹചര്യത്തില്‍ പെട്ട് ലാഭം ഇടിഞ്ഞെങ്കിലും മിത്തല്‍ ഒഴികെയുള്ള കമ്പനിയുടെ ജീവനക്കാര്‍ക്ക് ഭേദപ്പെട്ട ശമ്പള വര്‍ധന നല്‍കിയിട്ടുണ്ട്. കമ്പനി മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ഗോപാല്‍ വിത്തലിന്റെ പ്രതിഫലം 37 ശതമാനം വര്‍ധിച്ച് 16.97 കോടി രൂപയിലെത്തി. അദ്ദേഹത്തിന്റെ ഓഹരികളിലും വര്‍ധനയുണ്ടായെന്ന് കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വിത്തലിന് മുന്‍ വര്‍ഷം 12.4 കോടി രൂപയാണ് ശമ്പള ഇനത്തില്‍ ലഭിച്ചിരുന്നത്.

201718 കാലയളവില്‍, കമ്പനിയിലെ നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്ന ജീവനക്കാരുടെ ശമ്പളം 14.84 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റ് ജീവനക്കാര്‍ക്ക് ശരാശരി 7.1 ശതമാനത്തിന്റെ ശമ്പള വര്‍ധനയും നല്‍കിയിട്ടുണ്ട്. 2017-18 കാലയളവില്‍ എയര്‍ടെല്‍ ശമ്പളം നല്‍കുന്ന ജീവനക്കാരില്‍ 800 പേരുടെ കുറവുണ്ടായി. 2016-17 കാലയളവിലെ 9,279 ല്‍ നിന്നും 8,453 ആയാണ് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ്.

ഇന്ത്യയില്‍ ടെലികോം വ്യവസായം അഭൂതപൂര്‍വമായ രീതിയില്‍ പ്രക്ഷുബ്ധമായ ഒരു വര്‍ഷത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് സുനില്‍ മിത്തല്‍ പറഞ്ഞു. വിലനിര്‍ണയത്തിലെ തീവ്രമായ സമ്മര്‍ദം വിപണിയില്‍ നിന്നുള്ള പുറത്തേക്ക് പോക്കുകളും മേഖലയിലെ സംയോജനങ്ങളും ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് സ്വകാര്യ ഓപ്പറേറ്റര്‍മാരും ഒരു പൊതുമേഖലാ സ്ഥാപനവും മാത്രം മേഖലയില്‍ നിലനില്‍ക്കുന്ന തലത്തിലേക്ക് മേഖലയിലെ ഏകീകരണം എത്തിയെന്നും മിത്തല്‍ ചൂണ്ടിക്കാട്ടി. ”ഹ്രസ്വകാലത്തില്‍, വലിയ തടസങ്ങളുണ്ടാക്കുന്ന സമ്മര്‍ദിതമായ പരിവര്‍ത്തനമാണ് മേഖലയിലുണ്ടാവുന്നത്. എങ്കിലും പുതിയ ഘടന, മേഖലയെ സംബന്ധിച്ച് നേട്ടമാണെന്ന് ആത്യന്തികമായി തെളിയും,” അദ്ദേഹം പറഞ്ഞു.

വരുമാനം ഇടിഞ്ഞെങ്കിലും എയര്‍ടെലിന്റെ ഉപഭോക്താക്കളുടെ അടിത്തറ ഓരോ വര്‍ഷവും ശക്തിപ്പെടുകയാണ്. ജിയോയുടെ കടന്നു കയറ്റത്തിനിടയിലും 201718 സാമ്പത്തിക വര്‍ഷത്തില്‍ 413 ദശലക്ഷം വരിക്കാരെയാണ് കമ്പനി നിലനിര്‍ത്തിയത്. ഇത് സര്‍വകാല റെക്കോഡാണ്. എന്നാല്‍ കമ്പനിയുടെ സംയോജിത വരുമാനത്തില്‍ ഇടിവാണുണ്ടായത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാനമായ 83,688 കോടി രൂപയിലെത്തി.

ശരാശരി ഉപഭോക്തൃ വരുമാനവും (എആര്‍പിയു) പുതിയ ഉല്‍പ്പന്നങ്ങള്‍ നല്‍കുക വഴി ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുകയുമാണ് കമ്പനിയുടെ തന്ത്രമെന്നും മിത്തല്‍ പറഞ്ഞു. ”അക്രമണോല്‍സുകമായ നെറ്റ്‌വര്‍ക്ക് വ്യാപനത്തിനാണ് ഞങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. 4ജി സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1,10,000 മൊബീല്‍ സൈറ്റുകളാണ് ഈ വര്‍ഷം സ്ഥാപിച്ചത്,” മിത്തല്‍ വ്യക്തമാക്കി.

 

 

 

 

 

 

Comments

comments

Tags: Airtel