നിറങ്ങളില്‍ ‘ആറാടി’ 2018 ഹോണ്ട നവി

നിറങ്ങളില്‍ ‘ആറാടി’ 2018 ഹോണ്ട നവി

ഡെല്‍ഹി എക്‌സ് ഷോറൂം വില 44,775 രൂപ ;റേഞ്ച് ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നിവയാണ് പുതിയ കളര്‍ ഓപ്ഷനുകള്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട നവി അവതരിപ്പിച്ചു. 44,775 രൂപയാണ് മോട്ടോ-സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2016 ലാണ് ഇരുചക്ര വാഹനം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ആദ്യം പുറത്തിറക്കിയത്. പുതുതായി രണ്ട് നിറങ്ങള്‍ കൂടി നല്‍കിയതോടെ വാഹനത്തിന്റെ ആകെ കളര്‍ ഓപ്ഷനുകളുടെ എണ്ണം ആറായി വര്‍ധിച്ചു.

പുതിയ സ്‌റ്റൈലിഷ് ഫ്യൂവല്‍ ഗേജ്, ലോഹം ഉപയോഗിച്ച് നിര്‍മ്മിച്ച മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍ എന്നിവയാണ് ഹോണ്ട നവിയുടെ 2018 എഡിഷനില്‍ പരിഷ്‌കാരങ്ങളായി കാണുന്നത്. ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍ എന്നിവയുടെയും വാഹനത്തിന്റെ ബോഡിയുടെയും നിറം ഒന്നുതന്നെയാണെന്ന കാര്യം പുതിയ വിശേഷമാണ്. കുഷന്‍ സ്പ്രിംഗിന് സ്‌പോര്‍ടി റെഡ് നിറം നല്‍കിയിരിക്കുന്നു. കൂടാതെ റേഞ്ച് ഗ്രീന്‍, ലഡാക്ക് ബ്രൗണ്‍ എന്നിവയാണ് പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍. അനവധി ആക്‌സസറികള്‍ ഉള്‍പ്പെടെ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ തുടര്‍ന്നും ലഭിക്കും.

2018 ഹോണ്ട നവിയുടെ സ്റ്റാന്‍ഡേഡ് വേര്‍ഷന് നിലവിലെ മോഡലിനേക്കാള്‍ 1991 രൂപയാണ് അധികം വില. ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ വികസന വിഭാഗം പൂര്‍ണമായി രൂപകല്‍പ്പന ചെയ്ത ആദ്യ ഉല്‍പ്പന്നമാണ് നവി എന്ന മോട്ടോ സ്‌കൂട്ടര്‍. ജനപ്രീതിയാര്‍ജ്ജിച്ച ഹോണ്ട ആക്റ്റിവ സ്‌കൂട്ടറിന്റെ അതേ അണ്ടര്‍പിന്നിംഗ്‌സാണ് ഹോണ്ട നവി ഉപയോഗിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക് നവി മോട്ടോ സ്‌കൂട്ടര്‍ എച്ച്എംഎസ്‌ഐ കയറ്റുമതി ചെയ്യുന്നുണ്ട്.

ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍ എന്നിവയുടെയും വാഹനത്തിന്റെ ബോഡിയുടെയും നിറം ഒന്നുതന്നെയാണ്

ആക്റ്റിവ സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന അതേ 109 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറാണ് ഹോണ്ട നവിക്ക് കരുത്തേകുന്നത്. 7,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.96 എന്‍എം പരമാവധി ടോര്‍ക്കും എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ സിംഗിള്‍ ഷോക്ക് എന്നിവയാണ് സസ്‌പെന്‍ഷന്‍ സംവിധാനം. ഡ്രം ബ്രേക്കുകള്‍ തുടര്‍ന്നും ഉപയോഗിക്കും. ട്യൂബ്‌ലെസ് ടയറുകളിലാണ് ഹോണ്ട നവി ഓടുന്നത്.

Comments

comments

Categories: Auto