അല്‍ട്രാടെക് സിമെന്റിന്റെ അറ്റാദായം 30% ചുരുങ്ങി

അല്‍ട്രാടെക് സിമെന്റിന്റെ അറ്റാദായം 30% ചുരുങ്ങി

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രകടന ഫലം അള്‍ട്രാടെക് സിമെന്റ് പുറത്തുവിട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 30 ശതമാനം ഇടിഞ്ഞ് 631 കോടി രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 898 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 1,763 കോടി രൂപയാണ് പലിശയും നികുതിയും അടക്കമുള്ള ചെലവുകള്‍ ഒഴിവാക്കുന്നതിനു മുന്‍പുള്ള കമ്പനിയുടെ ലാഭം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞു.

പെട്രോളിയം കല്‍ക്കരി (പെറ്റ്‌കോക്)യുടെയും ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ലാഭത്തില്‍ ഇടിവ് നേരിടാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതോടൊപ്പം തേയ്മാന ചെലവുകളും (486 കോടി രൂപ) പലിശ ചെലവും (336 കോടി രൂപ) കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ് ചെലവിനത്തില്‍ 9 ശതമാനം വാര്‍ഷിക വര്‍ധനയാണ് (ഒരു ടണ്ണിന് 1,199 രൂപ) കഴിഞ്ഞ പാദത്തില്‍ അനുഭവപ്പെട്ടത്. കമ്പനിയുടെ മൊത്തം ചെലവില്‍ 34 ശതമാനവും ലോജിസ്റ്റിക്‌സ് വിഭാഗത്തിലാണ്. പെട്രോളിയം കല്‍ക്കരി വില വര്‍ധിച്ചതും രൂപയുടെ മൂല്യ തകര്‍ച്ച കാരണം ഇറക്കുമതി ചെലവ് ഉയര്‍ന്നതും ഊര്‍ജ വിഭാഗത്തിലെ ചെലവിടല്‍ 18 ശതമാനം ഉയര്‍ത്തിയതായും അള്‍ട്രാടെക് സിമന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം ഉയര്‍ന്ന് 8,476 കോടി രൂപയിലെത്തിയിട്ടുണ്ട്. തങ്ങളുടെ ഉല്‍പ്പാദന ശേഷിയുടെ 70 ശതമാനമാണ് ജൂണ്‍ പാദത്തില്‍ അള്‍ട്രാടെക് സിമന്റ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രതിവര്‍ഷം 92.5 മില്യണ്‍ ടണ്‍ ആണ് കമ്പനിയുടെ മൊത്തം ഉല്‍പ്പാദനം ശേഷി. ആദ്യ പാദത്തിലെ സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഓഹരിക്ക് 10.5 രൂപ എന്ന കണക്കില്‍ ലാഭവിഹിതം നല്‍കാനും കമ്പനി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

Comments

comments

Tags: Ultratech