എനര്‍ജി ഡ്രിങ്കുകള്‍ക്ക് നികുതി; പരാതിയുമായി യുഎസും യൂറോപ്യന്‍ യൂണിയനും

എനര്‍ജി ഡ്രിങ്കുകള്‍ക്ക് നികുതി; പരാതിയുമായി യുഎസും യൂറോപ്യന്‍ യൂണിയനും

ദുബായ്: മൂന്ന് ജിസിസി രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയനും സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്കും ഊര്‍ജ്ജ പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്താണ് പരാതി.

ഊര്‍ജ്ജ പാനീയങ്ങള്‍ക്ക് 100 ശതമാനം എക്‌സൈസ് തീരുവയും കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനം എക്‌സൈസ് ഡ്യൂട്ടിയുമാണ് ജിസിസി രാജ്യങ്ങളിലെ പ്രധാനികള്‍ ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍. പാനീയങ്ങളില്‍ എത്രമാത്രം പഞ്ചസാരയും മറ്റും അടങ്ങിയിരിക്കുന്നുണ്ട് എന്നത് കണക്കിലെടുക്കാതെയുള്ള ഈ തീരുവ ചുമത്തലിന് യുക്തിയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെയും യുഎസിന്റെയും എല്ലാം പരാതി.

എന്നാല്‍ ആരോഗ്യകരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നികുതി ചുമത്തിയതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മനുഷ്യരുടെ ആരോഗ്യവും പ്രകൃതിയെയും സംരക്ഷിക്കുകയെന്ന ദൗത്യം മുന്‍നിര്‍ത്തിയാണ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് നികുതി ചുമത്തിയത്. അല്ലാതെ തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കാനല്ലസൗദി വ്യക്തമാക്കി.

ആരോഗ്യകരമായ ജീവിതശൈലി ജനങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2017 ല്‍ എനര്‍ജി ഡ്രിങ്കുകള്‍ക്കും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും ജിസിസി രാജ്യങ്ങള്‍ നികുതി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രമേഹവും പൊണ്ണത്തടിയും സമൂഹത്തില്‍ വ്യാപകമാകുന്നത് കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.

മൂന്ന് രാജ്യങ്ങളോടും നികുതി പിന്‍വലിക്കണമെന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇത് നടപ്പാക്കരുതെന്നും യുഎസ് പ്രത്യേകം ആവശ്യപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാക്‌സിന്റെ കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാരോട് സ്വിറ്റ്‌സര്‍ലന്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്.

8.4 ബില്ല്യണ്‍ ഡോളറിന്റേതാണ് ഗള്‍ഫിലെ മൊത്തം സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണി. കൊക്കകോള, പെപ്‌സി, റെഡ്ബുള്‍ തുടങ്ങിയ വിദേശ ബ്രാന്‍ഡുകളെയാണ് നികുതി കാര്യമായി ബാധിക്കുക.

 

Comments

comments