സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ; കണ്ണിമ ചിമ്മാതെ നോക്കും

സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ; കണ്ണിമ ചിമ്മാതെ നോക്കും

ഡെല്‍ഹി എക്‌സ് ഷോറൂം വില 68,000 രൂപ ;സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഫൈബ്രോയിന്‍സ് ഗ്രേ, മിറാഷ് വൈറ്റ് എന്നിവ കളര്‍ ഓപ്ഷനുകള്‍

ന്യൂഡെല്‍ഹി : സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 68,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയശേഷമുള്ള സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ പ്രധാന ലോഞ്ചാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇന്ത്യയില്‍ ഇനി സുസുകിയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. സുസുകി ആക്‌സസ് 125 സ്‌കൂട്ടറിനാണ് സ്ഥാനചലനം സംഭവിച്ചത്.

സാധാരണ ഗിയര്‍ലെസ് സ്‌കൂട്ടറിന്റെ ഡിസൈന്‍ സങ്കല്‍പ്പം തച്ചുടച്ചാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്ന മാക്‌സി സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സുസുകിയുടെ വലിയ ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നു. വലിയ ഫ്രണ്ട് ഏപ്രണ്‍, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ ബര്‍ഗ്മാന്‍ 125 സ്‌കൂട്ടറിന് തീര്‍ച്ചയായും വലിയ സ്ട്രീറ്റ് പ്രസന്‍സ് നേടിക്കൊടുക്കും. ആംഗുലര്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ഫ്രണ്ട് ഏപ്രണിലെ ഇന്‍ഡിക്കേറ്ററുകള്‍, സ്റ്റെപ് സീറ്റ് എന്നിവ ഈ ഇരുചക്ര വാഹനത്തെ ഗുഡ് ലുക്കിംഗ് സ്‌കൂട്ടറാക്കി മാറ്റുന്നു.

സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ എന്‍ജിന്‍, അണ്ടര്‍പിന്നിംഗ്‌സ് എന്നിവ 2018 സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് കടം വാങ്ങിയിരിക്കുകയാണ്. ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിലെ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 8.7 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ തീര്‍ച്ചയായും സിവിടി തന്നെ. 53.5 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് സുസുകി അവകാശപ്പെടുന്നു. സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഫൈബ്രോയിന്‍സ് ഗ്രേ, മിറാഷ് വൈറ്റ് എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ എസ്ആര്‍ 125 എന്നിവയോടാണ് സുസുകിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടര്‍ മത്സരിക്കേണ്ടത്

എന്‍ജിന്‍, ഷാസി എന്നിവ ആക്‌സസ് 125 സ്‌കൂട്ടറിന്റേതാണെങ്കില്‍ ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റ് വാഹനഘടകങ്ങളും സുസുകി ജിക്‌സറില്‍നിന്ന് സംഭാവന സ്വീകരിച്ചു. സുസുകി ആക്‌സസ് 125 സ്‌കൂട്ടറിലേതുപോലെ കോംബി ബ്രേക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേഡായി ലഭിച്ചിരിക്കുന്നു. ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് സുസുകി ഡീലര്‍ഷിപ്പുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. 5,000 രൂപയാണ് ടോക്കണ്‍ തുക. ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ എസ്ആര്‍ 125 എന്നിവയോടാണ് സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് മത്സരിക്കേണ്ടത്.

Comments

comments

Categories: Auto