40,000 കോടി രൂപ സമാഹരിക്കാന്‍ ആര്‍ഐഎല്‍ പദ്ധതിയിടുന്നു

40,000 കോടി രൂപ സമാഹരിക്കാന്‍ ആര്‍ഐഎല്‍ പദ്ധതിയിടുന്നു

200 ബില്യണ്‍ രൂപ നോണ്‍ കണ്‍വര്‍ട്ടിബ്ള്‍ ഡിബഞ്ചറുകള്‍ വഴി സ്വരൂപിക്കുന്നതിന് കമ്പനിയുടെ ഓഹരിയുടമകള്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഏകദേശം 40,000 കോടി രൂപയുടെ (400 ബില്യണ്‍ രൂപ) മൂലധനം സ്വരൂപിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പദ്ധതിയിടുന്നു. വായ്പയിലൂടെയും ബോണ്ടുകള്‍ വഴിയും പണം കണ്ടെത്താനാണ് കമ്പനിയുടെ നീക്കമെന്നും ഇന്ത്യന്‍ കറന്‍സിയിലായിരിക്കും ഭൂരിഭാഗം തുകയും സ്വരൂപിക്കുന്നതെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. തങ്ങളുടെ ടെലികോം ബിസിനസായ ജിയോയും മറ്റ് ഉപഭോക്തൃ ബിസിനസുകളും വിപുലീകരിക്കുന്നതിനുവേണ്ടിയാണ് ആര്‍ഐഎല്‍ 40,000 കോടി രൂപയോളം വായ്പയെടുക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ 200 ബില്യണ്‍ രൂപ നോണ്‍ കണ്‍വര്‍ട്ടിബ്ള്‍ ഡിബഞ്ചറുകള്‍ വഴി സ്വരൂപിക്കുന്നതിന് കമ്പനിയുടെ ഓഹരിയുടമകള്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ റിലയന്‍സിന്റെ മൊത്തം കടബാധ്യതയില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ഡാറ്റ വ്യക്തമാക്കുന്നത്. ജിയോയുടെ വിപുലീകരിക്കുന്നതിലും പരമ്പരാഗത ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് വിഭാഗത്തിലും റിലയന്‍സ് നടത്തിയുള്ള ഭീമമായ ചെലവിടലാണ് കമ്പനിയുടെ കടം ഉയരാന്‍ കാരണമായത്. മൊത്തം 2.2 ട്രില്യണ്‍ രൂപയുടെ കടബാധ്യതയാണ് ആര്‍ഐഎല്ലിനുള്ളത്. ഇതില്‍ പകുതിയിലധികവും 2022ഓടെ അടച്ചുതീര്‍ക്കേണ്ടതാണെന്നും ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പറയുന്നു.

ഫൈബര്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ (ജിയോ ഗിഗാ ഫൈബര്‍) അവതരിപ്പിക്കുന്നത്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ടെലികോം ആസ്തികള്‍ ഏറ്റെടുക്കുന്നത് എന്നിവ ഉള്‍പ്പടെ ഭീമമായ നിക്ഷേപ പദ്ധതികളാണ് ആര്‍ഐഎല്‍ ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുള്ളത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സ്‌പെക്ട്രം, മൊബീല്‍ഫോണ്‍ ടവര്‍, ഫൈബര്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് ഏകദേശം 173 ബില്യണ്‍ രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. ടെക്‌സ്റ്റൈല്‍സ് നിര്‍മാണ കമ്പനിയായ അലോക് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതിന് 50 ബില്യണ്‍ രൂപ മുടക്കുന്നതിനും കമ്പനി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 1,100 നഗരങ്ങളില്‍ ജിയോ ഗിഗാ ഫൈബര്‍ അവതരിപ്പിക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ ആര്‍ഐഎല്ലിന്റെ അറ്റ വായ്പാ ബാധ്യത ഈ വര്‍ഷം വീണ്ടും ഉയരും.

Comments

comments

Categories: Business & Economy
Tags: Reliance