പൊതുമേഖല ഇന്‍ഫ്രാസ്ട്രക്ചര്‍: പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പദ്ധതി

പൊതുമേഖല ഇന്‍ഫ്രാസ്ട്രക്ചര്‍: പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: പൊതുമേഖലയില്‍ വിജയകരമായി മുന്നോട്ടുപോകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്റ്റീല്‍ പ്ലാന്റുകളിലേക്കും ഊര്‍ജ പദ്ധതികളിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം.

എന്‍ടിപിസി, സ്റ്റീല്‍ അതോറ്റി ഓറഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റും (ഡിഐപിഎഎം) നിതി ആയോഗും ചേര്‍ന്ന് ഇതിനായി വിജയകരമായി പുരോഗമിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ കണ്ടെത്തും. ഈ ആസ്തികളുടെ മൂല്യം കണക്കാക്കി ഇവ വില്‍പ്പന നടത്തുന്നതിനുള്ള സംവിധാനം സംബന്ധിച്ചും ഡിഐപിഎഎമ്മും നിതി ആയോഗും നിര്‍ദേശിക്കും.

എന്‍ടിപിസി, സെയ്ല്‍, ഭെല്‍ തുടങ്ങിയ കമ്പനികളോടും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന പദ്ധതികള്‍ കണ്ടെത്തി നിര്‍ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതികള്‍ ഇരുപതോ അതില്‍ കൂടുതലോ വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ തേടുന്നുണ്ടെന്നാണ് വിവരം. വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പുറത്തുപോകണമെന്നും പദ്ധതികളുടെ പ്രവര്‍ത്തനവും പരിപാലന ചുമതലയും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്നും നിതി ആയോഗ് ആണ് ശുപാര്‍ശ ചെയ്തത്.

ഈ വര്‍ഷം 80,000 കോടി രൂപയുടെ ആസ്തി വില്‍പ്പനയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018ല്‍) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ സമാഹരിച്ചിരുന്നു.

 

Comments

comments