എണ്ണവില കുറക്കേണ്ട; മധ്യവര്‍ഗത്തിന് വേണ്ടത് ആദായ നികുതി ഇളവ്

എണ്ണവില കുറക്കേണ്ട; മധ്യവര്‍ഗത്തിന് വേണ്ടത് ആദായ നികുതി ഇളവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം രാജ്യത്ത് രൂപപ്പെട്ട് വരികയാണ്. 2014 ല്‍ അധികാരമേറ്റെടുത്ത സമയത്തുണ്ടായിരുന്ന വഷളായ ധന കമ്മി നിയന്ത്രിക്കാനും നാണയപ്പെരുപ്പം പിടിച്ചു കെട്ടാനും മോശമായിരുന്ന നിക്ഷേപ അന്തരീക്ഷത്തെ പ്രതീക്ഷാ നിര്‍ഭരമാക്കാനും സര്‍ക്കാരിന് സാധിച്ചെന്ന് വിവിധ സൂചികകള്‍ സാക്ഷ്യപ്പെടുത്തുന്നു. താല്‍ക്കാലികമായ ഇടിവിന് ശേഷം ആഭ്യന്തര ഉല്‍പ്പാദന ശരാശരിയും ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കര്‍ഷകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും മധ്യവര്‍ഗം ആഗ്രഹിച്ച നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ മുഖം തിരിച്ചിട്ടില്ല. ഇന്ധനവില ഇളവിനായുള്ള മുറവിളികളില്‍ ഉലയാതെ ദീര്‍ഘകാല പ്രയോജനം ലഭിക്കുന്ന ആദായനികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതാണ് ഇത്തരുണത്തില്‍ കരണീയം.

ജൂണ്‍ മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിനും മുകളിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് മുന്നറിയിപ്പ് തന്നെയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും മോണിറ്ററി പോളിസി കമ്മറ്റിയെയും പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഇത് നിര്‍ബന്ധിതരാക്കി. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചു നടക്കുന്ന ഖാരിഫ് കൃഷിയുടെ മിനിമം താങ്ങു വിലയും (എംഎസ്പി) സര്‍ക്കാര്‍ ഉയര്‍ത്തിയതോടെ റീട്ടെയ്ല്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കുമ്പോള്‍, പണപ്പെരുപ്പം കൂടുന്നത് ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് പ്രതികൂലമായ സാഹചര്യമാണ്. അതേസമയം ഇതൊരു അര്‍ദ്ധ സത്യം മാത്രമാണെന്നതാണ് വാസ്തവം. പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങി, നിത്യോപയോഗ സാധനങ്ങളുടെ വില പരിധിക്കുള്ളില്‍ നില്‍ക്കുകയും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നിടത്തോളം, പണപ്പെരുപ്പം വോട്ടര്‍മാരെ സംബന്ധിച്ച് വലിയ പ്രാധാന്യമൊന്നുമില്ലാത്ത വിഷയം മാത്രമാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലം പരിശോധിച്ചാല്‍, വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങു വിലയും ഇന്ധന സബ്‌സിഡികളും ഉയര്‍ന്ന സാമ്പത്തിക കമ്മിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിലൂടെ ഗ്രാമീണ മേഖലയിലെ വരുമാനം വര്‍ധിപ്പിച്ചതുമടക്കമുള്ള നടപടികളെല്ലാം നാണയപ്പെരുപ്പം വര്‍ധിപ്പിക്കുന്നതായിരുന്നു എന്നു കാണാം. എന്നിട്ടും, 2009 ല്‍ അവര്‍ അനായാസം ഭരണത്തുടര്‍ച്ച നേടി. പണപ്പെരുപ്പം ദീര്‍ഘകാലം നീണ്ടു നില്‍ക്കാന്‍ അവസരമൊരുക്കിയതും ഭാവനാതീതമായ തരത്തിലുള്ള അഴിമതികള്‍ക്ക് അരങ്ങൊരുക്കിയതും 2011-12 കാലയളവിനു ശേഷം സാമ്പത്തിക കമ്മി അനിയന്ത്രിതമായി ഉയരാന്‍ ഇടയാക്കിയതുമാണ് 2014 ല്‍ യുപിഎ സഖ്യത്തിന് അധികാരം നഷ്ടപ്പെടാനുള്ള കാരണം. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 3.8 ശതമാനം എന്ന ശരാശരി റീട്ടെയ്ല്‍ പണപ്പെരുപ്പത്തോടെയാണ് യുപിഎ സര്‍ക്കാരിന്റെ തുടക്കം. 2014 ല്‍ അവര്‍ ഭരണമവസാനിപ്പിക്കുമ്പോഴേക്കും പണപ്പെരുപ്പം ഇരട്ടയക്കത്തിലെത്തി. സാമ്പത്തിക കമ്മി നിയന്ത്രിക്കുന്നതിലും സമാനമായ പരാജയമാണ് സംഭവിച്ചത്. 2004 ല്‍ വാജ്‌പേയ് സര്‍ക്കാരില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങുമ്പോള്‍ ഉണ്ടായിരുന്ന കുറഞ്ഞ സാമ്പത്തിക കമ്മി, 2014 ല്‍ ഭരണം അവസാനിപ്പിച്ചപ്പോഴേക്കും 4.1 ശതമാനമെന്ന ഉയര്‍ന്ന തോതിലേക്ക് എത്തി.

ഇതിന്റെയെല്ലാം രാഷ്ട്രീയ പാഠം വളരെ ലളിതമാണ്. ഹ്രസ്വകാത്തേക്ക് പണപ്പെരുപ്പം വര്‍ധിക്കുന്നതും, സാമ്പത്തിക നിയന്ത്രണ നടപടികളില്‍ വിട്ടുവീഴ്ച ചെയ്യുന്നതും ഒരു ഭരണ കക്ഷിയെയും വലിയ തോതില്‍ ബാധിക്കില്ല; രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണ കാലയളവിലേതു പോലെ ഇതൊക്കെ ഘടനാപരമായി മാറരുതെന്ന് മാത്രം.

അധികാരത്തില്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നിലുള്ള സന്ദേശം വളരെ വ്യക്തമാണ്. കാര്‍ഷിക വിളകളുടെ മിനിമം താങ്ങു വില വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക കമ്മി അല്‍പം മോശമാകുന്നതിനും, തെരഞ്ഞെടുപ്പു വര്‍ഷത്തിലെ അവശേഷിക്കുന്ന ഏതാനും മാസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. പ്രത്യേകിച്ച് അവശ്യസാധനങ്ങളുടെ വിലയെ ബാധിക്കാത്തിടത്തോളം.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുന്നതും അനന്തരഫലമായുണ്ടാകുന്ന ഇന്ധന ചെലവുകളും മധ്യവര്‍ഗത്തെ പിണക്കിയേക്കാം. എന്നാല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യക്തിഗത നികുതികളില്‍ കുറവു വരുത്താന്‍ സര്‍ക്കാരിനു മുന്നില്‍ വഴി തുറന്നു കിടക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അനുദിനം ചാഞ്ചാടുന്ന പെട്രോളിയം നികുതി നിരക്കുകളില്‍ കുറവു വരുത്തുന്നതിനു പകരം, കൂടുതല്‍ സുസ്ഥിരമായ ആദായ നികുതി ഇളവുകള്‍ നല്‍കുന്നതാണ് അവലംബിക്കാവുന്ന മെച്ചപ്പെട്ട മാര്‍ഗം. എണ്ണ വിലയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉപഭോക്തൃ രാഷ്ട്രമായ ഇന്ത്യയില്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കും. എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദനം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമനുസരിച്ചേ അതില്‍ മാറ്റങ്ങള്‍ ഉണ്ടാകൂ.

ഇന്ധന വിലയില്‍ കുറവു വരുത്തുന്നത്, പരിസ്ഥിതിക്ക് ദോഷകരമായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. അതേസമയം ആദായ നികുതിയില്‍ ഇളവുകള്‍ നല്‍കുന്നത് മധ്യ വര്‍ഗത്തിന്റെ ക്ഷേമത്തിന് ഉപകരിക്കും. ആഭ്യന്തര ഉപഭോഗത്തിനാല്‍ നയിക്കപ്പെടുന്ന സാമ്പത്തിക അഭിവൃദ്ധിയും രാജ്യത്ത് പ്രകടമാകും. പ്രത്യേകിച്ച് സാമ്പത്തിക, രാഷ്ട്രീയ നഷ്ടങ്ങളൊന്നും വരുത്താതെ തന്നെ സമ്പദ് വ്യവസ്ഥക്ക് നല്‍കാവുന്ന മൃദുവായ ഉത്തേജകങ്ങളിലൊന്നാണ് നികുതി ഇളവ് പ്രഖ്യാപനം.

റീട്ടെയ്ല്‍ പണപ്പെരുപ്പത്തിലെ ഹ്രസ്വകാല വര്‍ധനയെ കുറിച്ചുള്ള ആശങ്കകള്‍ മോണിറ്ററി പോളിസി കമ്മറ്റിക്ക് വിട്ടു കൊടുക്കുക. ജനക്ഷേമമാണ് രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രധാനം. വായ്പ എഴുതിത്തള്ളലും ഉയര്‍ന്ന മിനിമം താങ്ങു വിലയും കര്‍ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്കായി മധ്യവര്‍ഗമാണ് ഇപ്പോള്‍ കാത്തിരിക്കുകന്നത്. ആനുകൂല്യങ്ങള്‍ കൈമാറാന്‍ അടുത്ത ഏതാനും മാസങ്ങളേക്കാള്‍ മികച്ച സമയമില്ല. കമ്പനികള്‍ക്കായി 2015 ലെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയിളവ് നടപ്പാക്കുകയും കൂടി ചെയ്താല്‍ ഓഹരി വിപണിയില്‍ ഉല്‍സവത്തിന് കൊടിയേറും.

Comments

comments

Categories: Business & Economy, Slider
Tags: petrol, tax