പാല്‍ ഉല്‍പ്പന്ന കയറ്റുമതിക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രം

പാല്‍ ഉല്‍പ്പന്ന കയറ്റുമതിക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രം

പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് 10 ശതമാനം ഇന്‍സെന്റിവ്

ന്യൂഡെല്‍ഹി: പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതയെ പ്രോല്‍സാഹിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉച്ചഭക്ഷണ വിതരണ പദ്ധതികളില്‍ പാല്‍ ഉള്‍പ്പെടുത്തുന്നതും പാലിന്റെ ചരക്ക് സേവന നികുതി കുറയ്ക്കുന്നതും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. പാലിന്റെ സംഭരണ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ക്ഷീര കര്‍ഷകര്‍ നടത്തി വരുന്ന സമരം തുടരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
ധനകാര്യ വകുപ്പിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്ര റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍, അമുല്‍ മാനേജിംഗ് ഡറക്റ്റര്‍ ആര്‍ എസ് സോധി, മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റസ് ആന്‍ഡ് പ്രൈസസ് സെന്റര്‍ ചെയര്‍മാന്‍ പാഷ പട്ടെല്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു. കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. പാലുല്‍പ്പാദന മേഖല നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് 10 ശതമാനം ഇന്‍സെന്റിവ് നല്‍കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു.

പാലുല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായും ഉടന്‍ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയില്‍ നിന്ന് സഹായം സ്വീകരിക്കുന്ന ധാരാളം രാജ്യങ്ങളുണ്ട്. ഇവയില്‍ ചിലതില്‍ പാലിന് അപര്യാപ്തത നേരിടുന്നവയാണ്. സഹായത്തിന്റെ ഭാഗമായി ഈ രാജ്യങ്ങള്‍ക്ക് പാല്‍പ്പൊടി വിതരണം ചെയ്യാന്‍ സാധിക്കും. പാലിന്റെ റീട്ടെയ്ല്‍ ആവശ്യകതയെ മുന്നോട്ട് നയിക്കുന്നതിനുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നതെന്നും ശീതള പാനിയങ്ങള്‍ക്ക് പകരം പാല്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.
വെണ്ണ, നെയ്യ് എന്നിവയുടെ ചരക്ക് സേവന നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നതും ലാക്‌റ്റോസിന്റെ (പാലില്‍ മാത്രമുള്ള ഒരു തരം പഞ്ചസാര) ഇറക്കുമതി തീരുവ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൊഴുപ്പ് നീക്കിയ പാല്‍പ്പൊടിയുടെ 1.5 ലക്ഷം ടണ്ണിലധികം ക്ഷീര സഹകരണ സംഘങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കയറ്റുമതി സബ്‌സിഡി നല്‍കിയിട്ടുണ്ടെങ്കില്‍ ഇതില്‍ 50,000 ടണ്‍ എളുപ്പത്തില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നും ഇതുവഴി ആഭ്യന്തര വിലകള്‍ മെച്ചപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy