സര്‍വീസ് ഓണ്‍ വീല്‍സുമായി മെഴ്‌സിഡീസ് ബെന്‍സ്

സര്‍വീസ് ഓണ്‍ വീല്‍സുമായി മെഴ്‌സിഡീസ് ബെന്‍സ്

ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ സേവനം ലഭ്യമായിരിക്കും

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ സര്‍വീസ് ഓണ്‍ വീല്‍സ് ആരംഭിച്ചു. ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ രണ്ടാം നിര, മൂന്നാം നിര വിപണികളില്‍ സേവനം ലഭ്യമായിരിക്കും. മെഴ്‌സിഡീസ് ബെന്‍സിന് ഇരുനൂറില്‍ താഴെ ഉപയോക്താക്കളുള്ള നഗരങ്ങളിലാണ് സര്‍വീസ് ഓണ്‍ വീല്‍സ് നടപ്പാക്കുന്നത്. സെയില്‍സും സര്‍വീസുമായി ഇന്ത്യയില്‍ വ്യാപകമായി സാന്നിധ്യമറിയിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. സര്‍വീസ് സെന്ററുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ഇനി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടിവരില്ല. പകരം വീട്ടുപടിക്കല്‍ സര്‍വീസ് ലഭ്യമാക്കുകയാണ് സര്‍വീസ് ഓണ്‍ വീല്‍സിലൂടെ ചെയ്യുന്നത്.

ഭാരത് ബെന്‍സ് 4023 40 ടണ്‍ ട്രാക്റ്റര്‍ ട്രെയ്‌ലറിലാണ് സര്‍വീസ് ഓണ്‍ വീല്‍സ് ട്രക്ക് സജ്ജമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യമെമ്പാടുമായി രണ്ട് ട്രക്കുകള്‍ വിന്യസിക്കും. ഇവയില്‍ ഒരു ട്രക്ക് വടക്ക്, കിഴക്ക് മേഖലകളിലേക്കായി ഓടുമ്പോള്‍ രണ്ടാമത്തെ ട്രക്ക് തെക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളില്‍ സര്‍വീസ് നടത്തും. ഏകദേശം ഒന്നര കോടി രൂപ വീതം വില വരുന്നതാണ് ട്രക്കുകള്‍.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മിനി സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നതിനേക്കാള്‍ നല്ലത് ട്രക്കുകള്‍ ഓടിക്കുന്നതാണെന്ന് മെഴ്‌സിഡീസ് ബെന്‍സ് പ്രസ്താവിച്ചു. നിലവില്‍ ഇവിടങ്ങളില്‍ വിറ്റുപോയ കാറുകളുടെ എണ്ണം പരിമിതമാണ് എന്നതാണ് കാരണം. ഇരുനൂറില്‍ക്കൂടുതല്‍ കാറുകള്‍ വിറ്റുപോയാല്‍ മിനി സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നത് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ പരിഗണിക്കും.

ആവശ്യമായ എല്ലാ ഉപകരണങ്ങളോടെയുമാണ് സര്‍വീസ് ഓണ്‍ വീല്‍സ് ട്രക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ആദ്യ സര്‍വീസോ പൂര്‍ണ്ണ സര്‍വീസോ നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. റിപ്പയര്‍ ജോലികള്‍ ചെയ്തുതരും. സര്‍വീസ് ലൗഞ്ച്, ഓഫീസ് ഏരിയ, ടൂള്‍സ് ഏരിയ എന്നിവ ട്രക്കിനകത്ത് ഒരുക്കിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ഇനി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടിവരില്ല. വീട്ടുപടിക്കല്‍ സര്‍വീസ് ലഭ്യമാക്കുകയാണ് സര്‍വീസ് ഓണ്‍ വീല്‍സിലൂടെ ചെയ്യുന്നത്

ആദ്യ ഘട്ടത്തില്‍ ജല്‍ഗാവ്, ഗാന്ധി നഗര്‍, ജാം നഗര്‍, വല്‍സാഡ്, കച്ച്, അമരാവതി, ഉഡുപ്പി, ബെല്ലാരി, ധാര്‍വാഡ് ഉള്‍പ്പെടെ പതിനഞ്ച് നഗരങ്ങളിലാണ് മെഴ്‌സിഡീസ് ബെന്‍സ് സര്‍വീസ് ഓണ്‍ വീല്‍സ് എത്തുന്നത്. 2019 ല്‍ സര്‍വീസ് ആവശ്യങ്ങള്‍ക്കായി മറ്റ് നഗരങ്ങളില്‍ സര്‍വീസ് ഓണ്‍ വീല്‍സ് ഓടിയെത്തും. ഭാവിയില്‍ കൂടുതല്‍ ട്രക്കുകള്‍ വിന്യസിച്ചേക്കും.

Comments

comments

Categories: Auto