ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; ജെം ആന്‍ഡ് ജുവല്‍റി കൗണ്‍സിലിന്റെ ആരോപണം

ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നു; ജെം ആന്‍ഡ് ജുവല്‍റി കൗണ്‍സിലിന്റെ ആരോപണം

ന്യൂഡെല്‍ഹി: വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നടത്തിയ തിരിമറികളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്നും വായ്പകള്‍ നേടാന്‍ ജുവല്‍റി വ്യവസായികള്‍ കടുത്ത പ്രതിബന്ധങ്ങള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ട്. നീരവ് മോദി നടത്തിയ തട്ടിപ്പുകള്‍ ആത്മാര്‍ത്ഥതയോടെ വ്യവസായം നടത്തുന്ന തങ്ങള്‍ക്കാണ് വിനയായിരിക്കുന്നതെന്ന് ജുവല്‍റി വ്യാപാരികള്‍ പരാതിപ്പെടുന്നു.

സമീപകാല സംഭവങ്ങളെ തുടര്‍ന്ന് ബാങ്കുകള്‍ വ്യാപാരികള്‍ക്ക് വായ്പകള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് ജെം ആന്‍ഡ് ജുവല്‍റി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആനന്ദ പദ്മനാഭന്‍ ചൂണ്ടിക്കാട്ടി. ‘വ്യവസായത്തിനാവശ്യമായ മൂലധനം നേടുന്നതിലാണ് പ്രധാനമായും തടസം നേരിടുന്നത്. 15,000 കോടി രൂപയാണ് ഞങ്ങള്‍ക്ക് അടിയന്തരമായി വേണ്ടത്. മുന്‍പ് ചില ജുവല്‍റി റീട്ടെയ്‌ലര്‍മാര്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നു. എന്നാല്‍ നീരവ് മോദി വിഷയത്തിന് ശേഷം ഈ പ്രശ്‌നം രാജ്യമെമ്പാടും വ്യാപിച്ചിരിക്കുകയാണ്,’ ആനന്ദ പദ്മനാഭന്‍ പറഞ്ഞു.

‘വായ്പ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഞങ്ങളുടെ വിപുലീകരണ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളത്. വന്‍കിട ജുവല്‍റി ഉടമകളോട് ഗഡുക്കളായി വായ്പ അടക്കാനാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചില വ്യാപാരികള്‍ ഗഡുക്കളായി 10 കോടി മുതല്‍ 15 കോടി രൂപ വരെ അടയ്ക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വായ്പകള്‍ എത്രയും വേഗം അടച്ച് തീര്‍ക്കാനാണ് ബാങ്കുകള്‍ വ്യവസായികളോട് ആവശ്യപ്പെടുന്നതെന്നും ആനന്ദ പദ്മനാഭന്‍ പറഞ്ഞു. എന്നാല്‍ വായ്പകള്‍ പുതുക്കി നല്‍കാന്‍ താല്‍പ്പര്യം കാട്ടുന്നതേയില്ല. ഒന്നിലധികം വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കണമെങ്കില്‍ ബാങ്കുകളുടെ പിന്തുണ അത്യാവശ്യമാണെന്ന സാഹചര്യത്തിലാണ് ഈ സമീപനം വെല്ലുവിളിയാകുന്നത്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ചെലവിന്റെ 75 ശതമാനം വായ്പകള്‍ ബാങ്കുകള്‍ നല്‍കുകയും ശേഷിക്കുന്ന 25 ശതമാനം തുക വ്യാപാരികള്‍ തന്നെ കണ്ടെത്തുകയാണ് വേണ്ടത്. വ്യാപാരികള്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നെന്നാണ് ബാങ്കുകള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ എല്ലാ വ്യാപാരികളും അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ രണ്ടാമത്തെ വലിയ വായ്പാ ദാതാക്കളായ പിഎന്‍ബിയില്‍ 13,000 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതിനെ തുടര്‍ന്ന് നീരവ് മോദിയും ചോക്‌സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. നീരവ് മോദിയേയും ചോക്‌സിയേയും സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിനും ഇരുവരുടേയും 3,500 കോടിയോളം മൂല്യം വരുന്ന ആസ്തികള്‍ കണ്ടുകെട്ടുന്നതിനും അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ന്യൂഡെല്‍ഹിയിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.

രണ്ട് വ്യവസായികളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് ബാങ്കുകളും ജുവല്‍റി വ്യാപാരികളും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ രണ്ട് ലക്ഷം കോടി രൂപ മൂല്യമുള്ളതാണ് രാജ്യത്തെ വജ്ര ആഭരണ വ്യവസായ മേഖല. പ്രതിവര്‍ഷം ഏഴ് മുതല്‍ 10 ശതമാനം കണ്ടാണ് വിപണി മുന്നേറുന്നത്.

 

Comments

comments

Categories: FK News, Slider, Top Stories
Tags: Banks, jwellery