ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നോട്ടമിട്ട് ജപ്പാനിലെ 100 കമ്പനികള്‍

ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നോട്ടമിട്ട് ജപ്പാനിലെ 100 കമ്പനികള്‍

ബെംഗലൂരു: ജപ്പാനിലെ കമ്പനികളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരുടെ ആവശ്യം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നിയമിക്കാന്‍ ജപ്പാനിലെ നാഗസാക്കിയില്‍ നൂറോളം കമ്പനികള്‍ തയ്യാറാകുകയാണെന്ന് ജപ്പാനിലെ പ്രതിനിധി പറയുന്നു.

വിവര സാങ്കേതിക വിദ്യയിലും മറ്റുമുള്ള ഉയര്‍ന്ന അറിവും, മികച്ച പ്രവര്‍ത്തന അനുഭവമുള്ള എഞ്ചിനിയര്‍മാര്‍ക്കാണ് മുന്‍ഗണന. ഷിപ്പിംഗ്, ഐടി, നിര്‍മാണ, സേവന മേഖലകള്‍, വ്യവസായ, വാണിജ്യ മേഖലകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് ഒരുപാട് അവസരങ്ങളാണ് ജാപ്പനീസ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് നാഗസാക്കി പ്രിഫെക്ച്വറല്‍ അസംബ്ലി മെമ്പര്‍ കിസുക്കെ യമാമോട്ടോ പറയുന്നു. ബംഗലൂരു ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ്(ബിസിഐസി) സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാന്‍ ആഭ്യന്തര വാണിജ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷിഗേക്കി മയേഡയാണ് ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കമ്പനികള്‍ എഞ്ചിനിയര്‍മാരെ ഏറ്റെടുക്കുന്നത്. ഐടി മേഖലയില്‍ നിന്നും രണ്ട് ലക്ഷ്യം ഇന്ത്യന്‍ വിദഗ്ധര്‍ക്കാണ് ജപ്പാനില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നാഗസാക്കി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2,000 ത്തോളം കമ്പനികളില്‍ 93 കമ്പനികള്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന സാങ്കേതികവിദ്യയിലുണ്ടാകുന്ന വിടവും മനുഷ്യവിഭവ മൂലധനത്തിന്റെ ദൗര്‍ലഭ്യവും കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനി ഉടമകള്‍ കരുതുന്നത്.

ഐടി, ഷിപ്പിംഗ്, നിര്‍മാണ മേഖലകളിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ ഘട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യമാമോട്ടോ പറഞ്ഞു. നാഗസാക്കിയിലെ കമ്പനികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

Comments

comments

Categories: FK News, Slider

Related Articles