ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാനൊരുങ്ങി സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ്

ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാനൊരുങ്ങി സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പങ്കാളിത്തമുള്ള ഇന്ത്യന്‍ വിര്‍ച്വല്‍ സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.ഐപിഒയുമായി ബന്ധപ്പെട്ട് ഏതാനും നിക്ഷേപ ബാങ്കര്‍മാരെ നിയമിച്ചിട്ടുണ്ടെന്നാണ് സ്മാഷുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം ഡിസംബറോടെ ഐപിഒ നടത്താനാണ് പദ്ധതി.

ബിസിനസുകാരനായ ശ്രിപാല്‍ മൊറഖിയ 2012ലാണ് സ്മാഷ് കമ്പനി സ്ഥാപിച്ചത്. സ്മാഷ് എന്റര്‍ടെയ്ന്‍മെന്റിലെ 24.5 ശതമാനം ഓഹരികള്‍ 49 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നതിന് നാസ്ഡാക് ലിസ്റ്റഡ് കമ്പനിയായ ഐ-ആം കാപിറ്റല്‍ മേയില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഈ ഏറ്റെടുക്കല്‍ ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും. അതിന് ശേഷമാണ് ഐപിഒ പ്രക്രിയകള്‍ സ്മാഷ് ആരംഭിക്കുക.

വിവിധ സംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിനും വായ്പാ തിരിച്ചടവിനും, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്ക് വേണ്ടിയുമാണ് ഐപിഒ വഴി ലഭിക്കുന്ന പണം സ്മാഷ് ഉപയോഗിക്കുക. രാജ്യത്തെ 30 കേന്ദ്രങ്ങളില്‍ വിര്‍ച്വല്‍ ഗെയിമുകള്‍ക്കായുള്ള സെന്ററുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ഗോ-കാര്‍ട്ടിംഗ് ആന്‍ഡ് ബൗളിംഗ് എന്നിവയ്ക്കായുള്ള ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകളും കമ്പനി നല്‍കുന്നു. യുഎസിലും ഒരു സെന്ററുള്ള കമ്പനി ദുബായ്, സൗദി അറേബ്യ,തായ്‌ലന്‍ഡ് എന്നിവടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുകയാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവെന്‍ഡസ് വെല്‍ത്ത് മാനേജ്‌മെന്റിലെ ഉയര്‍ന്ന മൂല്യമുള്ള വ്യക്തിഗത നിക്ഷേപകരില്‍ നിന്നും 90 കോടി രൂപ സ്മാഷ് സമാഹരിച്ചിരുന്നു. അതേ മാസം തന്നെ പിവിആര്‍ ലിമിറ്റഡും, മേജര്‍ സിനിപോളെക്‌സ് ഗ്രൂപ്പും തങ്ങളുടെ ബൗളിംഗ് സംയുക്ത സംരംഭമായ പിവിആര്‍ ബ്ലൂ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിനെ 86 കോടി രൂപയ്ക്ക് സ്മാഷിന് വിറ്റിരുന്നു. ഇക്വിറ്റി,ഡെറ്റ് എന്നിവ വഴി 2017 ജൂലൈയില്‍ കമ്പനി 280 കോടി രൂപ സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: IPO