പാപ്പരത്ത നിയമ ഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അനുമതി

പാപ്പരത്ത നിയമ ഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഹോം ബയേഴ്‌സിനെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍മാരായി പരിഗണിക്കുന്നതിന് ഈ വര്‍ഷം മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഭേദഗതി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്‍ അവതരിപ്പിക്കുക. പാപ്പരത്ത നടപടികള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും നിക്ഷ്പക്ഷവുമാക്കാനാണ് പാപ്പരത്ത നിയമ ഭേദഗതി ബില്ലിന് അനുമതി നല്‍കിയതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് സിതാന്‍ഷു കര്‍ ട്വിറ്ററില്‍ കുറിച്ചു.
2017ലെ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്‍ പിന്‍വലിക്കാനുള്ള നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ എതിര്‍പ്പുകളും എഫ്ആര്‍ഡിഐയിലെ വിവാദ വ്യവസ്ഥകള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകളുമാണ് ബില്‍ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്.

2017 ഓഗസ്റ്റ് 11നാണ് എഫ്ആര്‍ഡിഐ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിലവിലിത് പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നിലവില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ കമ്മിറ്റി എഫ്ആര്‍ഡിഐ ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓഗസ്റ്റ് 10നാണ് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നത്. പരാജയപ്പെട്ട ധനകാര്യ ബിസിനസുകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് എഫ്ആര്‍ഡിഐ ബില്‍ മുന്നോട്ടുവെക്കുന്നത്. പാപ്പരത്ത നിയമത്തിന്റെ പരിധിയില്‍ വരാത്ത ബിസിനസുകളെയാണ് എഫ്ആര്‍ഡിഐ ബില്‍ പരിഗണിക്കുന്നത്.

ബാങ്കുകളെ കടബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതിന് ഒരു റെസലൂഷന്‍ (പരിഹാരം) കോര്‍പ്പറേഷന്‍ രൂപീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വായ്പകള്‍ എഴുതിത്തള്ളുന്നതിലൂടെ പ്രതിസന്ധിയിലേക്ക് പോകുന്നതില്‍ നിന്നും ബാങ്കുകളെ തടയാനും മറ്റുമുള്ള നടപടികള്‍ റെസലൂഷന്‍ കോര്‍പ്പറേഷന്‍ നോക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഇത് നിക്ഷേപകരുടെ താല്‍പ്പര്യത്തിനെതിരാണെന്നാണ് വിലയിരുത്തപ്പെട്ടത്.

 

Comments

comments