ഹുബ്ലിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു

ഹുബ്ലിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു

ഹുബ്ലി: സംസ്ഥാനത്തെ രണ്ടാം നിര മൂന്നാം നിര നഗരങ്ങളിലെ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇന്നലെ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ് ഇന്‍ക്യുബേറ്ററായ സാന്‍ഡ്‌ബോക്‌സ് സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച പ്രസ്തുത ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ യുഎസ് ആസ്ഥാനമായ സാങ്കേതിക വിദഗ്ധനും ദേശ്പാണ്ഡെ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഗുരുരാഗ് ദേശ്പാണ്ഡെയാണ് പ്രമോട്ട് ചെയ്യുന്നത്.

ഹുബ്ലി വിമാനത്താവളത്തിനടുത്ത് ഗോകുല്‍ റോഡില്‍ 6.09 ഏക്കറിലാണ് പുതിയ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മേക്കേഴ്‌സ് ലാബ്, ഇഎസ്ഡിഎം (ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ്) ക്ലസ്റ്റര്‍ തുടങ്ങി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള സെന്ററില്‍ ഒരേ സമയം 100 കമ്പനികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. സാന്‍ഡ്‌ബോക്‌സ് ഇതുവരെ സുസ്ഥിരതയും വികസന സാധ്യതയുള്ള ബിസിനസ് മാതൃകകളോടു കൂടിയ 80 ഓളം സംരംഭങ്ങളുടെ പിന്തുണച്ചിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളെ നേരിടുന്നതിന് വിപ്ലവകരമായ ഇന്നൊവേഷനുകള്‍ രാജ്യത്തിന് ആവശ്യമാണെന്നും ജനസംഖ്യയുടെ 60 ശതമാനം വരുന്ന ഗ്രാമീണ ജനതയെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാക്കുന്നതിന് സാമൂഹ്യ ഇന്നൊവേഷനുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ്യ പരിഹാരങ്ങള്‍ രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ നിന്നുമാണ് ഉല്‍ഭവിക്കുന്നത്. രാജ്യത്തെ 1.3 ബില്യണ്‍ വരുന്ന ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായാല്‍ രാജ്യം ലോകത്തിനു തന്നെ മാതൃകയാകും. നമ്മുടെ ഇന്നൊവേഷനുകള്‍ വഴി ലോകത്തെ നയിക്കാന്‍ രാജ്യത്തിനാകും. രാജ്യത്തെ വാര്‍ഷിക മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8-10 ശതമാനം സംഭാവന ചെയ്യുന്നത് ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന മെട്രോ ഇതര നഗരങ്ങളിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 25 ഇന്‍ക്യുബേഷന്‍ സെന്റുകളെ പിന്തുണയ്ക്കുന്നുണ്ട്. വളര്‍ച്ചാ പദ്ധതികള്‍ അടിസ്ഥാനതലം മുതല്‍ നടപ്പിലാക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളായും സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Hubli