ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വില വര്‍ധിപ്പിച്ചു

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വില വര്‍ധിപ്പിച്ചു

മൂന്ന് ശതമാനം വരെയാണ് വില വര്‍ധന. വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,205 മുതല്‍ 22,409 രൂപ വരെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്, ഗ്രാന്‍ഡ് ഐ10 മോഡലിന്റെ വില വര്‍ധിപ്പിച്ചു. മൂന്ന് ശതമാനം വരെയാണ് വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. വാഹനത്തിന്റെ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 14,205 രൂപ മുതല്‍ 22,409 രൂപ വരെ വില വര്‍ധിക്കും. ഗ്രാന്‍ഡ് ഐ10 മോഡലിന്റെ ബേസ് വേരിയന്റ് നേരത്തെ 4.73 ലക്ഷം രൂപയ്ക്കാണ് വിറ്റിരുന്നതെങ്കില്‍ ഇനിയത് 4.87 ലക്ഷം രൂപയായി വര്‍ധിക്കും. 7.46 ലക്ഷം രൂപയായിരുന്നു ടോപ് വേരിയന്റിന് വില. 7.69 ലക്ഷം രൂപയായി വില വര്‍ധിക്കും. ഓഗസ്റ്റ് ഒന്നിന് വില വര്‍ധന പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ വര്‍ഷം അവസാനം ജിഎസ്ടി കൗണ്‍സില്‍ സെസ് വര്‍ധിപ്പിച്ചപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. നയ രൂപീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരത പുലര്‍ത്താത്തത് ഇന്ത്യയില്‍ തങ്ങളുടെ ഭാവി നിക്ഷേപത്തെ ബാധിക്കുമെന്ന് കമ്പനി തുറന്നടിച്ചു. മാത്രമല്ല, ഗ്രാന്‍ഡ് ഐ10, എക്‌സെന്റ് മോഡലുകള്‍ ഒഴികെ ഐ20, വെര്‍ണ, ക്രെറ്റ, ഇലാന്‍ട്ര, ടക്‌സണ്‍ എന്നീ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയായിരുന്നു വില വര്‍ധന.

പരിഷ്‌കരിച്ച ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്

പരിഷ്‌കരിച്ച ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 കഴിഞ്ഞ വര്‍ഷമാണ് പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ പുറത്തിറക്കിയത്. കാറിനകത്തും പുറത്തും നിരവധി മാറ്റങ്ങളാണ് ഹ്യുണ്ടായ് വരുത്തിയത്. സെഗ്‌മെന്റിലെ ശക്തമായ മത്സരം നേരിടുന്നതിന് പുതിയ ലുക്ക് നല്‍കി. പഴയ എന്‍ജിനേക്കാള്‍ മെച്ചപ്പെട്ട ടോര്‍ക്കും പവറും നല്‍കുന്ന ഓള്‍-ന്യൂ 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നല്‍കി. എന്നാല്‍ പെട്രോള്‍ വേര്‍ഷനിലെ എന്‍ജിനില്‍ മാറ്റം വരുത്തിയില്ല.

Comments

comments

Categories: Auto