രണ്ടാമങ്കത്തിന് ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ്

രണ്ടാമങ്കത്തിന് ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ്

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.35 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി : ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, സുരക്ഷ ഫീച്ചറുകള്‍ എന്നിവ നല്‍കിയാണ് കാര്‍ പരിഷ്‌കരിച്ചത്. 7.35 ലക്ഷം (വി പെട്രോള്‍ ബേസ് വേരിയന്റ്) മുതല്‍ 9.29 ലക്ഷം രൂപ (വിഎക്‌സ് ഡീസല്‍ ടോപ് വേരിയന്റ്) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍ ലൈനപ്പില്‍നിന്ന് ഇ (ബേസ് വേരിയന്റ്), എസ് വേരിയന്റുകളും ഡീസല്‍ ലൈനപ്പില്‍നിന്ന് ഇ വേരിയന്റും ഹോണ്ട ഒഴിവാക്കിയിരിക്കുന്നു. നാല് പെട്രോള്‍ വേരിയന്റുകളിലും മൂന്ന് ഡീസല്‍ വേരിയന്റുകളിലും 2018 ഹോണ്ട ജാസ് ലഭിക്കും.

2014 ലാണ് ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഹോണ്ട ജാസ് ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20 എന്നിവരില്‍നിന്ന് കടുത്ത മത്സരമാണ് ഹോണ്ട ജാസ് അഭിമുഖീകരിച്ചത്. അകത്തും പുറത്തും കൂടുതല്‍ ഫീച്ചറുകളുമായി രണ്ടാമങ്കത്തിന് കച്ച മുറുക്കിയിരിക്കുകയാണ് ഹോണ്ട ജാസ്. 2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ് ആദ്യ ദര്‍ശനം നല്‍കിയത്.

ഹോണ്ടയുടെ പ്രത്യേകതയായ പരിഷ്‌കരിച്ച റിയര്‍ എല്‍ഇഡി വിംഗ് ലൈറ്റുകള്‍, പുതിയ ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ (ടോപ് വിഎക്‌സ് വേരിയന്റ്), രണ്ട് പുതിയ ബോഡി കളര്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് 2018 ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. ഉല്‍പ്പാദനവേളയില്‍ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങളെയാണ് ഫേസ്‌ലിഫ്റ്റ് എന്ന് പറയുന്നത്. പവര്‍ട്രെയ്ന്‍ കാര്യത്തില്‍ ഹോണ്ട ജാസ് നിലവിലെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 89 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 കുതിരശക്തി കരുത്തും 200 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

2018 ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റിന്റെ കാബിനില്‍ പരിഷ്‌കാരങ്ങള്‍ നിരവധിയാണ്. മികച്ച ഫീച്ചറുകളാല്‍ ഇന്റീരിയര്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം ഡിജിപാഡ് 2.0 എന്ന ഹോണ്ടയുടെ പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ഫീച്ചര്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റിവേഴ്‌സ് കാമറ ഡിസ്‌പ്ലേയും സപ്പോര്‍ട്ട് ചെയ്യുന്നതാണ് എഎന്‍വി (ഓഡിയോ, വീഡിയോ, നാവിഗേഷന്‍) സിസ്റ്റം.

വൈറ്റ്, റെഡ് ഇല്യൂമിനേഷനോടെ പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, കീലെസ് റിമോട്ട് സഹിതം ടച്ച് സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ഹോണ്ട സ്മാര്‍ട്ട് കീ, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഡീസല്‍ വേരിയന്റുകളിലും സിവിടി പെട്രോള്‍ വേരിയന്റുകളിലും മാത്രം ലഭിക്കും. സെന്‍ട്രല്‍ ലോക്ക് ഹാന്‍ഡ് സ്വിച്ച്, ഡ്രൈവര്‍ സൈഡ് വാനിറ്റി മിറര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ ഇപ്പോള്‍ സ്റ്റാന്‍ഡേഡാണ്. എന്‍വി (നോയ്‌സ് ആന്‍ഡ് വൈബ്രേഷന്‍സ്) കുറച്ചതായി ഹോണ്ട അറിയിച്ചു.

നാല് പെട്രോള്‍ വേരിയന്റുകളിലും മൂന്ന് ഡീസല്‍ വേരിയന്റുകളിലും 2018 ഹോണ്ട ജാസ് ലഭിക്കും

കളര്‍ ഓപ്ഷനുകളും പരിഷ്‌കരിച്ചു. ഇന്റീരിയറില്‍ പ്രീമിയം ബേഷ് കളറാണ് നല്‍കിയിരിക്കുന്നത്. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നിവയാണ് അഞ്ച് ബോഡി കളര്‍ ഓപ്ഷനുകള്‍. ഇവയില്‍ ആദ്യ രണ്ട് ഓപ്ഷനുകള്‍ പുതിയതാണ്.

2018 ഹോണ്ട ജാസ് ഫേസ്‌ലിഫ്റ്റ് (ഡെല്‍ഹി എക്‌സ് ഷോറൂം വില)

പെട്രോള്‍

വി                        എംടി                 7.35 ലക്ഷം

വിഎക്‌സ്      എംടി                  7.79 ലക്ഷം

വി                       സിവിടി            8.55 ലക്ഷം

വിഎക്‌സ്      സിവിടി            8.99 ലക്ഷം

ഡീസല്‍

എസ്                എംടി                      8.05 ലക്ഷം

വി                     എംടി                      8.85 ലക്ഷം

വിഎക്‌സ്    എംടി                      9.29 ലക്ഷം

Comments

comments

Categories: Auto