ബജറ്റ് ഫോണുകള്‍ക്ക് ഹീലിയോ എ ചിപ്പുമായി മീഡിയടെക്

ബജറ്റ് ഫോണുകള്‍ക്ക് ഹീലിയോ എ ചിപ്പുമായി മീഡിയടെക്

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ മീഡിയടെക് തങ്ങളുടെ ഊര്‍ജകാര്യക്ഷമതയുള്ള ഹീലിയോ ചിപ്പ്‌സെറ്റുകളുടെ ശ്രേണി വിപുലപ്പെടുത്തികൊണ്ട് പുതിയ ചിപ്പ് സെറ്റ് അവതരിപ്പിച്ചു. ബജറ്റ് ഫോണുകളെ ലക്ഷ്യമിടുന്ന പുതിയ ചിപ്പ്‌സെറ്റായ ‘ഹീലിയോ എ’ ഹീലിയോ എ22 സോക്കിനൊപ്പമാണ് എത്തുന്നത്. ശക്തമായ ക്വാഡ് കോര്‍ പ്രകടനം, അവശ്വനീയമായ കാമറ ഫീച്ചറുകള്‍, എഐ അധിഷ്ഠിത സൗകര്യങ്ങള്‍, ഊര്‍ജകാര്യക്ഷമത എന്നിവയാണ് ഹീലിയോ എയുടെ പ്രത്യേകതകള്‍.

മീഡിയ ടെക്കിന്റെ കോര്‍പൈലറ്റ് ടെക്‌നോളജിയുള്ള ചിപ്പ്‌സെറ്റ് ഓരോ ടാസ്‌ക്കിലും ഊര്‍ജം നിയന്ത്രിച്ചാണ് ഡിവൈസിന്റെ ബാറ്ററി ശേഷി വര്‍ധിപ്പിക്കുന്നത്. കമ്പനിയുടെ ന്യൂറോപൈലറ്റ് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റിന്റെയും മറ്റ് കമ്പനികളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളും ചിപ്പ്‌സെറ്റിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12എന്‍എം ഫിന്‍ഫെറ്റ് ഫാബ്രിക്കേഷന്‍ ടെക്‌നോളജി കുറഞ്ഞ ഊര്‍ജത്തില്‍ ഉയര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ ഹീലിയോ എ22 നെ സഹായിക്കും.

മൊബീല്‍ വിപണി എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങള്‍ ഉയര്‍ന്ന വിലയുള്ള ഉപകരണങ്ങളില്‍ മാത്രം പരിമിതമാകരുതെന്നുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ തുടര്‍ച്ചയാണ് ഹീലിയോ എ എന്നു മീഡിയടെക് വയര്‍ലെസ് കമ്യൂണിക്കേഷന്‍ ബിസിനസ് യൂണിറ്റ് ജിഎം ടി എല്‍ ലീ പറഞ്ഞു. മൊബീല്‍ ഫോണുകളുടെ ഇടത്തരം വിപണി വലിയ തോതിലാണ് വളര്‍ച്ച പ്രാപിക്കുന്നത്. ഇവിടെ നല്‍കുന്ന പണത്തിന് ശരിയായ മൂല്യം നല്‍കുന്ന നിലവാരമുള്ള ഉപകരണങ്ങളാണ് ഉപഭോക്താക്കള്‍ക്കാവശ്യം. ഹീലിയോ എ22 വഴി ഉപകരണ നിര്‍മാതാക്കള്‍ക്ക് ഇടത്തരം ഫോണ്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത മൊബീല്‍ അനുഭവം നല്‍കാന്‍ സഹായകമായ വിപണി ഇന്നൊവേഷനുകള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Tech