വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടി ഒക്‌റ്റോബറില്‍

വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടി ഒക്‌റ്റോബറില്‍

അഹമ്മദാബാദ്: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടി ഒക്‌റ്റോബര്‍ 11 മുതല്‍ 13 വരെ സംസ്ഥാനത്ത് നടക്കും. ഇതിന്റെ ഭാഗമായി ഇന്നൊവേറ്റീവ് ആശയങ്ങളുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് രണ്ടാം നിര മൂന്നാം നിര നഗരങ്ങളുള്‍പ്പെടെ 30 ഓളം നഗരങ്ങളില്‍ സംഘാടകര്‍ യാത്ര ചെയ്യും.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റേയും വളര്‍ച്ചയെ മുന്നോട്ടുനയിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പ്രാപ്തരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് സംസ്ഥാന ഖനന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം കെ ദാസ് പറഞ്ഞു. പരിപാടിയുടെ കര്‍ട്ടന്‍ റൈസര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവാസവ്യവസ്ഥയിലെ മറ്റുള്ളവര്‍ക്കും അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന മികച്ച ആളുകളുമായി സംവദിക്കാന്‍ അവസരം നല്‍കുമെന്നും വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി സംസ്ഥാനത്തെ നൂതന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ നല്‍കുന്നവരുടെ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്‍ഡസ്ട്രീസ് കമ്മീഷണറേറ്റ്, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകജാലക സംവിധാനമായ ഐഎന്‍ഡിഇഎക്‌സ്ടിബി, ഗുജറാത്ത് വ്യവസായ വികസന കോര്‍പ്പറേഷന്‍ (ഡിഐഡിസി) എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഫിക്കി, ഗുജറാത്ത് ഇലക്ട്രോണിക്‌സ് & സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , ഐക്രിയേറ്റ് എന്നിവരും പരിപാടിയോട് സഹകരിക്കുന്നുണ്ട്. ഐഎന്‍ഡിഇഎക്‌സ്ടിബി എംഡി രാജ്കുമാര്‍ ബെനിവാള്‍, വ്യവസായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ശ്വേത ടെയോതിയ, ഫിക്കി ഗുജറാത്ത് സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് വാസ്തുപാല്‍ എന്നിവര്‍ കര്‍ട്ടന്‍ റൈസിംഗ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് & ടെക്‌നോളജി ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകത്വ താല്‍പ്പര്യങ്ങളുള്ളവര്‍ക്കുമായി എക്‌സ്പിരിമെന്റല്‍ ലേണിംഗ്, നെറ്റ്‌വര്‍ക്ക് സെഷനുകള്‍ ഉണ്ടാകും. ഈ വര്‍ഷം മൂന്നു കോടി രൂപയാണ് വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര വികസിപ്പിക്കുന്ന ഇന്നൊവേറ്റര്‍മാരെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ചലഞ്ചില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അഗ്രിടെക്, ഫിന്‍ടെക്, സ്മാര്‍ട്ട്, ഷെയേര്‍ഡ് ഗതാഗതം, വനിതാ കേന്ദ്രീകൃത സേവനങ്ങള്‍, നിര്‍മാണം 4.0, ഗവേണന്‍സ് 2030, മിലിറ്ററി ഇന്റലിജന്‍സ്, മാരിടൈം, ഹെല്‍ത്ത് ടെക് തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക.

Comments

comments

Categories: FK News
Tags: Startup

Related Articles