ഫ്‌ളിപ്കാര്‍ട്ടിലെ വിവിധ പദവികളില്‍ വിദേശികളെ നിയമിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ടിലെ വിവിധ പദവികളില്‍ വിദേശികളെ നിയമിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

 

യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്റ്റീസസ് ആക്റ്റിനോട് ചേര്‍ന്നു പോകുന്നതിന്റെ ഭാഗമായാണ് വിദഗ്ധരെ നിയമിക്കുന്നത്

ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, നിയമോപദേഷ്ടാവ്, കംപ്ലയന്‍സ് ഓഫ്‌സര്‍ പദവികളിലേക്ക് ആഗോള തലത്തില്‍ വിദഗ്ധരായവരെ പരിഗണിക്കുന്നു. അഴിമതി വിരുദ്ധ നിയമങ്ങള്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നത് പൂര്‍ത്തിയായാല്‍ ഉടന്‍ ഇതിനായുള്ള നടപടികള്‍ വാള്‍മാര്‍ട്ട് ആരംഭിക്കും.

ലോകത്തിലെ വന്‍കിട റീട്ടെയ്‌ലറായ വാള്‍മാര്‍ട്ട് ഗുരുഗ്രാമില്‍ നിന്ന് തങ്ങളുടെ ചില സുപ്രധാന ജീവനക്കാരെ ഫഌപ്കാര്‍ട്ടിന്റെ ആസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. യുകെയിലെ തങ്ങളുടെ അസ്ഡ യൂണിറ്റില്‍ ഉണ്ടായിരുന്ന വിദഗ്ധരെയും ഇന്ത്യയിലേക്ക് കമ്പനി നിയമിച്ചേക്കും. അസ്ഡ യൂണിറ്റ് ഏപ്രിലില്‍ എതിരാളിയായ സയ്ന്‍സ്ബറിക്ക് 10 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് വിറ്റിരുന്നു.
യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്റ്റീസസ് ആക്റ്റിനോട് ചേര്‍ന്നു പോകുന്നതിന്റെ ഭാഗമായാണ് ഫഌപ്കാര്‍ട്ടിലെ സിഎഫ്ഒ, നിയമോപദേഷ്ടാവ്, കംപ്ലയന്‍സ് ഓഫിസര്‍ പദവികള്‍ നികത്തുന്നത്. യുഎസില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ അഴിമതി പ്രവര്‍ത്തനം നടത്തുന്നത് തടയുന്നതിനുള്ള നിയമമാണിത്.
ഫഌപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരി നിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഈ വര്‍ഷം ഏപ്രിലിലാണ് വാള്‍മാര്‍ട്ട് നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഏറ്റെടുക്കലാണ് ഇത്. യുഎസിലെ തങ്ങളുടെ മുഖ്യ എതിരാളിയയ ആമസോണിനെ പിന്തള്ളിയാണ് ഇടപാടില്‍ വാള്‍മാര്‍ട്ട് മുന്നിലെത്തിയത്.
2007 മുതല്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ വാള്‍മാര്‍ട്ട് നടത്തി വരികയാണ്. മൊത്ത വ്യാപാര സ്റ്റോറുകളുടെ ഒരു ശൃംഖല രാജ്യത്ത് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍ 2011നും 2017നുമിടക്ക് ഈ ശൃംഖല വിപുലീകരിക്കപ്പെട്ടിട്ടില്ല. വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി വാള്‍മാര്‍ട്ട് ഉദ്യോഗസ്ഥര്‍ മെക്‌സിക്കോയിലെ ഒരു ലേലത്തില്‍ കോഴ നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഎസ് അഴിമതി വിരുദ്ധ നിയമങ്ങള്‍ ഇന്ത്യയില്‍ തങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കമ്പനി ശ്രമിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Flipkart