ജിദ്ദയില്‍ ആദ്യ മള്‍ട്ടിപ്ലക്‌സ് തുറക്കാന്‍ വോക്‌സ് സിനിമാസ്

ജിദ്ദയില്‍ ആദ്യ മള്‍ട്ടിപ്ലക്‌സ് തുറക്കാന്‍ വോക്‌സ് സിനിമാസ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ 600 സ്‌ക്രീനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് മജീദ് അല്‍ ഫുട്ടയിമിന്റെ ഭാഗമായ വോക്‌സ് സിനിമാസ്

റിയാദ്: സിനിമാ വിലക്ക് നീങ്ങിയതോടെ സൗദി അറേബ്യയില്‍ വിനോദ വ്യവസായരംഗത്ത് വലിയ ഉണര്‍വാണുണ്ടായിരിക്കുന്നത്. ഇത് പരമാവധി മുതലെടുക്കുന്ന രീതിയിലാണ് യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് അല്‍ ഫുട്ടയിമിന്റെ ഭാഗമായ വോക്‌സ് സിനിമാസ്. ജിദ്ദിയലെ തങ്ങളുടെ ആദ്യ മള്‍ട്ടിപ്ലക്‌സ് ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് വോക്‌സ് സിനിമാസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വിനോദ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണ് വോക്‌സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ 600 സ്‌ക്രീനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് വോക്‌സ് സിനിമാസ്. ഇതിന്റെ ഭാഗമായാണ് ജിദ്ദയിലെ മള്‍ട്ടിപ്ലക്‌സ്. 600 സ്‌ക്രീനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി 2 ബില്ല്യണ്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് വോക്‌സ് സിനിമാസ് നടത്തുന്നത്.

ജിദ്ദയിലെ റെഡ് സീ മാളിലായിരിക്കും പുതിയ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കുക. രാജ്യത്തെ ജനകീയ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നാണിത്. 145,000 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള മാളിലെ സന്ദര്‍ശകരുടെ എണ്ണം 2018 അവസാനമാകുമ്പോഴേക്കും 18.5 ദശലക്ഷം ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാളിലെ മള്‍ട്ടിപ്ലക്‌സില്‍ 12 സ്‌ക്രീനുകളാകും ഉണ്ടാകുകയെന്ന് വോക്‌സ് അറിയിച്ചു. സിനിമയ്‌ക്കൊപ്പം നവീന ഡൈനിംഗ് അനുഭവവും പകരുന്ന തരത്തിലുള്ള ആഡംബര പാക്കേജുകളും നല്‍കും. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതുമയാര്‍ന്ന രീതിയില്‍ ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങളുമൊരുക്കും. ലോകോത്തര നിലവാരത്തിലുള്ള സിനിമാ അനുഭവം സൗദിയിലെ ജനങ്ങള്‍ക്ക് പകരുകയാണ് ലക്ഷ്യമെന്ന് വോക്‌സ് സിനിമാസ് സിഇഒ കാമെറണ്‍ മിഷേല്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: multiplex

Related Articles