സാമ്പത്തിക വര്‍ഷം 2019: ഒന്നാം പാദ ഫലവും ഉറച്ച പ്രതീക്ഷകളും

സാമ്പത്തിക വര്‍ഷം 2019: ഒന്നാം പാദ ഫലവും ഉറച്ച പ്രതീക്ഷകളും

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വിപണി ആവേശത്തിലാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും പിഎംഐ ഇന്‍ഡെക്‌സും മുന്നോട്ടു കുതിക്കുന്നു. നിര്‍മാണ മേഖലയിലടക്കം ഉത്തേജനം പ്രകടമാണ്. എണ്ണവില കൂടി സ്ഥിരപ്പെടുന്ന സാഹചര്യമാണ് വിപണി കാത്തിരിക്കുന്നത്.

 

ഭാവിയില്‍ ആഭ്യന്തര വിപണിയുടെ സ്വഭാവം നിര്‍ണയിക്കുന്ന ചില സുപ്രധാന ഉത്തേജകങ്ങളുണ്ട്. വരുമാന വളര്‍ച്ചയുടെ തുടക്കം, എണ്ണ വിലയിലെ സ്ഥിരത, ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ, വികസ്വര വിപണികളില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശ നിക്ഷേപം സംബന്ധിച്ച തീര്‍പ്പ് എന്നിവയാണ് ഈ കാര്യങ്ങള്‍. 2019 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം ഈ മാസം ആദ്യമാണ് ആരംഭിച്ചത്. ഒന്നാം പാദത്തിന്റെ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തില്‍ വിപണി ഉറ്റുനോക്കുന്ന ഒരു പ്രധാന ഘടകം വരുമാന നേട്ടത്തിലെ വളര്‍ച്ച സംബന്ധിച്ചുള്ളതാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വാഹന വില്‍പ്പന, പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) എന്നീ സാമ്പത്തിക ഘടകങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റം വളരെ ഉറച്ച പ്രതീക്ഷകളാണുയര്‍ത്തിയിട്ടുള്ളത്. വര്‍ഷം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍ 2018 ലെ നാലാം പാദത്തില്‍ ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ച 70 ബിപിഎസ് (ബേസിസ് പോയ്ന്റ്) ആയിരുന്നു. 2019 ഒന്നാം പാദത്തില്‍ വാഹന വില്‍പനയില്‍ 20 ശതമാനം വളര്‍ച്ച ഉണ്ടായി. പിഎംഐ ആകട്ടെ 50.4 ല്‍ നിന്ന് 53.3 ആയി ഉയര്‍ന്നു. ബിസിനസ് രംഗത്ത് ആത്മവിശ്വാസവും ഭാവിയിലേക്ക് ധാരാളം ഓര്‍ഡറുകളും ഇതു മൂലം വന്നു ചേര്‍ന്നു. കഴിഞ്ഞ രണ്ടോ മൂന്നോ പാദങ്ങളില്‍ ഇല്ലാതിരുന്ന വരുമാന വളര്‍ച്ചയാണ് ഇതിലൂടെ വിപണി പ്രതീക്ഷിക്കുന്നത്. കുറേക്കാലമായി ഇങ്ങനെയൊരു മുന്നേറ്റം ഇല്ലായിരുന്നു. മറ്റു വികസ്വര വിപണികളിലെ മുന്‍നിരക്കാരെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രകടനം വേണ്ടത്ര ഉയരാതെ പോയതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്്.

സെന്‍സെക്‌സ് സൂചികയില്‍ വരുന്ന ഓഹരികള്‍ക്ക് നികുതി ശേഷ വരുമാനത്തില്‍ (പിഎടി) 19 ശതമാനം വളര്‍ച്ചയും 50 ഇന്‍ഡെക്‌സ് ഓഹരികള്‍ക്ക് നിഫ്റ്റിയില്‍ 14.7 ശതമാനം വളര്‍ച്ചയും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ഇതേ വിഭാഗത്തില്‍ പിഎടി വളര്‍ച്ച 5 മുതല്‍ 8 ശതമാനം വരെ നെഗറ്റീവ് ആയിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വ്യത്യാസം ബോധ്യപ്പെടുക. ഓരോ പാദത്തിലേയും ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍ വളരെ മോശമായിരുന്നതിനാല്‍ ഷെയറൊന്നില്‍ നിന്നുള്ള നേട്ടം (ഇപിഎസ്) 2018 സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ 530 രൂപയായി കണക്കാക്കിയിരുന്നെങ്കിലും ഫലത്തില്‍ ഇതു വെറും 480 രൂപയായി കുറഞ്ഞു. ഇക്കാരണത്താല്‍ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകളുടെ കാര്യത്തിലും നിലവാരക്കുറവുണ്ടായി. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷത്തെ ഇപിഎസ് 580 രൂപയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണ് ഇതില്‍ ഉണ്ടാവുക. ഒന്നാം പാദം മുതല്‍ വരുമാന നേട്ടം തിരിച്ചുവരുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. കച്ചവട രംഗത്തെ പുരോഗതി, മൂല്യനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തുമ്പോഴേ എണ്ണത്തിലെ കുറവ് ഒരു ഘടകമായിത്തീരുന്നുള്ളൂ എന്നത് വിപണിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. ഒന്നാം പാദത്തില്‍ ഫാര്‍മ മേഖല, ലോഹം, നിര്‍മ്മാണവും എഞ്ചിനീയറിംഗും, ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി), എണ്ണ, വാതക മേഖല എന്നിവയുടെ കാര്യത്തില്‍ ആവേശകരമായ പ്രതീക്ഷകളാണുള്ളത്. ടെലികോം, സിമെന്റ്, ബാങ്കുകള്‍, വൈദ്യുതി എന്നീ മേഖലകളിലും നേരിയ പ്രതീക്ഷയുണ്ട്.

നാലു പ്രധാന ഘടകങ്ങളില്‍ വരുമാന വളര്‍ച്ചയാണ് വിപണിയില്‍ ഗുണപരമായ നേട്ടമുണ്ടാക്കാന്‍ പോകുന്നത്. മറ്റു മൂന്നു ഘടകങ്ങളില്‍ എണ്ണയുടെ കാര്യത്തില്‍ ഗള്‍ഫില്‍ നിന്നും യുഎസില്‍ നിന്നുമുള്ള വരവിനെ ആശ്രയിച്ചാണ് കാര്യങ്ങളുടെ കിടപ്പ് എന്നതിനാല്‍ ഇതു സംബന്ധിച്ച തീര്‍പ്പുകള്‍ ഇപ്പോള്‍ അസാധ്യമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ എണ്ണവില ബാരലിന് 80 ഡോളര്‍ കടക്കാനുള്ള സാധ്യത തുലോം കുറവാണ്.

ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ പലപ്പോഴും വിപണിയില്‍ ദൃശ്യമായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അതു ബാധിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നു നാലു മാസമായി വിപണിയില്‍ വില്‍പന നടത്തുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ 6,500 കോടിയാണ് ഈ വഴിക്കെത്തിയത്. മേയില്‍ 5,000 കോടിയും ജൂണ്‍മാസം 2,000 കോടിയും ഇങ്ങനെ എത്തി. ജൂലൈയിലും അവര്‍ മികച്ച നിലവാരത്തിലുണ്ടാകും. വില്‍പനയുടെ വേഗത കുറഞ്ഞുവെങ്കിലും വരുമാന നേട്ടം വളര്‍ച്ചയിലേക്കു തിരിച്ചെത്തുന്നതോടെ ശക്തമായ സാന്നിധ്യമായിത്തീരുമെന്നു തീര്‍ച്ച. ആഗോള തലത്തില്‍ ഓഹരി നേട്ടം സുസ്ഥിരമായതോടെ വികസ്വര വിപണിയില്‍ നിന്ന് വികസിത വിപണിയിലേക്ക് ഫണ്ട് മാറ്റുന്ന പ്രക്രിയ അവര്‍ അവസാനിപ്പിക്കും. ഈ ഘട്ടത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും. എണ്ണവില സാധാരണ നിലയിലാകുന്നതോടെ ഇന്ത്യയുടെ പ്രകടനം ഭാവിയില്‍ വളരെ മികച്ചതായിരിക്കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Comments

comments

Categories: Business & Economy, Slider