ദുബായ് എക്‌സ്‌പോ 2020യില്‍ വിസ്മയമാകാന്‍ ഇന്ത്യ

ദുബായ് എക്‌സ്‌പോ 2020യില്‍ വിസ്മയമാകാന്‍ ഇന്ത്യ

 

എക്‌സ്‌പോ 2020യില്‍ ഇന്ത്യ ഒരേക്കറിന്റെ പ്ലോട്ടെടുക്കും

ദുബായ്: ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ ദുബായ് എക്‌സ്‌പോ 2020യില്‍ വിസ്മയകാഴ്ച്ചകളൊരുക്കാന്‍ ഇന്ത്യയും. സ്റ്റാര്‍പ്പുകളെയും ഇന്നൊവേഷനെയും ഫോക്കസ് ചെയ്തായിരിക്കും എക്‌സ്‌പോയില്‍ ഇന്ത്യയുടെ പങ്കാളിത്തം. എക്‌സ്‌പോ 2020 വേദിയില്‍ ഇന്ത്യ ഏകദേശം ഒരു ഏക്കറിന്റെ പ്ലോട്ടാകും എടുക്കുകയെന്നാണ് വിവരം.

ഇന്നൊവേഷനിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലുമുള്ള ഇന്ത്യയുടെ ശക്തി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാകും ഇന്ത്യന്‍ പവിലിയനെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് പറഞ്ഞു.

എക്‌സ്‌പോ 2020യില്‍ ഇന്ത്യയുടെ പങ്കാളിത്തം ശക്തമാക്കുന്നതിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് രാജ്യത്തെ പ്രധാന വ്യാവസായിക സംഘടനയായ ഫിക്കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിഫലനം കൂടിയായിരിക്കും ദുബായ് എക്‌സ്‌പോ 2020യിലെ ഇന്ത്യയുടെ പങ്കാളിത്തമെന്നാണ് യുഎഇ സര്‍ക്കാര്യ വ്യക്തമാക്കിയത്. 2020 ഒക്‌റ്റോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെയാണ് എക്‌സ്‌പോ 2020 നടക്കുക. ‘മനസുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക’ എന്ന ആശയത്തിലൂന്നിയാണ് എക്‌സ്‌പോ 2020 സംഘടിപ്പിക്കുന്നത്. 25 ദശലക്ഷം സന്ദര്‍ശകര്‍ ദുബായ് എക്‌സ്‌പോയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദുബായ് എക്‌സ്‌പോ 2020യുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് പങ്കാളിയായി എത്തുന്നത് ടെക് ഭീമന്‍ സിസ്‌കോയാണ്. ഇത് സംബന്ധിച്ച് എക്‌സ്‌പോ 2020 ദുബായും സിസ്‌കോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഷോപ്പിംഗ് മാമാങ്കമെന്ന നിലയില്‍ അല്‍ഭുതമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന എക്‌സ്‌പോ 2020 സന്ദര്‍ശിക്കാനെത്തുന്ന ഓരോ വ്യക്തിക്കും സിസ്‌കോ ഡിജിറ്റല്‍ കണക്റ്റിവിറ്റി സേവനങ്ങള്‍ പ്രദാനം ചെയ്യും.

എക്‌സ്‌പോയുമായി ബന്ധപ്പെട്ട് വിപണി സജീവമാകുന്നതോടെ 2019ല്‍ 4.2 ശതമാനം വളര്‍ച്ച എമിറേറ്റ് കൈവരിക്കുമെന്ന് പ്രതീക്ഷ.

സന്ദര്‍ശകര്‍, എക്‌സ്‌പോയുടെ ഭാഗമായ പങ്കാളികള്‍, വിവിധ ഡിവൈസുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെയെല്ലാം തമ്മില്‍ സിസ്‌കോ ബന്ധിപ്പിക്കും. വേള്‍ഡ് എക്‌സപോയുടെ 167 വര്‍ഷത്തെ ചരിത്രത്തിനിടയിലുള്ള ഏറ്റവും മികച്ച ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആയിരിക്കും ഈ പതിപ്പിലേതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

ദുബായ് സമ്പദ് വ്യവസ്ഥയ്ക്ക് വമ്പന്‍ കുതിപ്പേകും എക്‌സ്‌പോ എന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് വിപണി സജീവമാകുന്നതോടെ 2019ല്‍ 4.2 ശതമാനം വളര്‍ച്ച എമിറേറ്റ് കൈവരിക്കുമെന്ന് പ്രതീക്ഷ. ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മഹാമേളയായ എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് അടിസ്ഥാനസൗകര്യമേഖലയിലടക്കം വരുന്ന ചെലവിടലാണ് സാമ്പത്തികരംഗത്തിന് കുതിപ്പേകുക.

എക്‌സ്‌പോ 2020 ദുബായിലും യുഎഇയിലാകെയും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഐഎംഎഫ് ഉള്‍പ്പടെ മിക്ക സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തിലാണ് 2020ല്‍ ദുബായില്‍ അന്തര്‍ദേശീയ എക്‌സിബിഷനെന്ന നിലയില്‍ എക്‌സ്‌പോ 2020 നടക്കുക. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സ് രണ്ട് തരത്തിലുള്ള എക്‌സ്‌പോകളാണ് സംഘടിപ്പിക്കാറുള്ളത്. വേള്‍ഡ് എക്‌സ്‌പോയും സ്‌പെഷല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോയും. ഇതില്‍ സ്‌പെഷല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ എല്ലാ മൂന്നു വര്‍ഷവുമാണ് നടത്തുക ഇതിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. ആറു മാസം ദൈര്‍ഘ്യമുള്ള വേള്‍ഡ് എക്‌സ്‌പോ 1996 മുതല്‍ എല്ലാ അഞ്ചു വര്‍ഷവുമാണ് നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇതിന് വലിയ പ്രാധാന്യമാണ് ബിസിനസ് ലോകം കല്‍പ്പിക്കുന്നത്. ദുബായില്‍ 2020ല്‍ നടക്കാനിരിക്കുന്നത് വേള്‍ഡ് എക്‌സ്‌പോയാണ്.

2010ലെ എക്‌സ്‌പോ ചൈനയിലെ ഷാംഗ്ഹായ് നഗരത്തിലാണ് നടന്നത്. 2015ലെ എക്‌സ്‌പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാന്‍ നഗരമാണ് നേടിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഈ എക്‌സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ വാക്കുകളില്‍ മനുഷ്യപ്രയത്‌നങ്ങളുടെ ഒരു പ്രദര്‍ശന വേദിയാണീ അന്തര്‍ദേശീയ എക്‌സ്‌പോ. ഇതിന്റെ ഏറ്റവും മികവുറ്റ രീതിയില്‍ അവതരിപ്പിക്കാനാണ് ദുബായ് സര്‍ക്കാരിന്റെ ശ്രമം. ലോകം ഇതുവരെ കാണാത്ത രീതിയില്‍ പ്രകൃതി സൗഹൃദമായും ബിസിനസ് കുതിപ്പേകുന്ന തരത്തിലുമാകും എക്‌സ്‌പോ നടക്കുകയെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ദുബായ്. മനസുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്നതാണ് എക്‌സ്‌പോ 2020യുടെ ആപ്താവക്യം. ആഗോള പൗരനായി മനുഷ്യരെ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എക്‌സ്‌പോയില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Top Stories

Related Articles