ഡിജിറ്റല്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് ഇന്നൊവേഷനെ  തടയുന്നു

ഡിജിറ്റല്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് ഇന്നൊവേഷനെ  തടയുന്നു

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ ആഗോള തലത്തിലുള്ള സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നൈപുണ്യമുള്ള ജീവനക്കാരുടെ കുറവാണെന്നും ഡിജിറ്റല്‍ സുരക്ഷാ രംഗത്തെ ജീവനക്കാരുടെ കുറവാണ് ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രധാന വിലങ്ങുതടിയെന്നും ഗാര്‍ട്‌നറിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നറിന്റെ ‘ദ ഗാര്‍ട്‌നര്‍ 2018 സിഐഒ അജന്‍ഡ സര്‍വേ’യില്‍ പങ്കെടുത്ത ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാരില്‍ (സിഐഒ) 95 ശതമാനവും അടുത്ത മൂന്നു വര്‍ഷത്തിനിടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. എന്നാല്‍ 65 ശതമാനം സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ ആക്രമണങ്ങളെ ചെറുക്കാനുള്ള സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഉള്ളൂവെന്ന വസ്തുത ആശങ്കയ്ക്കിടയാക്കുന്നതാണ്.

ആഗോളതലത്തിലെ 98 രാജ്യങ്ങളിലെ പ്രധാന ബിസിനസ് മേഖലകളില്‍ നിന്നുള്ള 3,160 സിഐഒമാരാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ 35 ശതമാനം പേരും ഡിജിറ്റല്‍ സുരക്ഷക്കായി അവരുടെ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കൂടാതെ 36 ശതമാനം പേര്‍ ഇതു സംബന്ധിച്ച് സജീവമായി പരീക്ഷണങ്ങള്‍ നടത്തുന്നവരും വേഗത്തില്‍ തന്നെ സുരക്ഷാസംവിധാനം വിന്യസിക്കാനുമുള്ള പദ്ധതിയിടുന്നവരുമാണ്.

സൈബര്‍ സുരക്ഷ ഇപ്പോഴും സ്ഥാപനങ്ങളും പ്രധാന ആശയങ്കാവിഷയമാണെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് ഗാര്‍ട്‌നര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ റോബ് മക്മില്ലന്‍ പറഞ്ഞു. പല സൈബര്‍ കുറ്റവാളികളും ഡിജിറ്റല്‍ മേഖലയില്‍ വലിയ അറിവുള്ളവരാണ്. ബിഗ് ഡാറ്റാ പോലുള്ള ആധുനിക ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ക്ക് എല്ലാതലത്തിലും ഒരു സ്ഥാപനത്തെ സംരക്ഷിക്കാനാവില്ല. അതിനാല്‍ ബിസിനസിനെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരംക്ഷിക്കുന്നതിന് സുസ്ഥിരമായ നിയന്ത്രണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്.

സൈബര്‍ സുരക്ഷാ രംഗത്ത് നൈപുണ്യമുള്ള ജീവനക്കാരുടെ വലിയ കുറവാണ് ഇന്ന് അനുഭവപ്പെടുന്നത്. ഇത് ഇന്നൊവേഷനെ തടസം സൃഷ്ടിക്കുന്നപ്രധാന കാരണങ്ങളിലൊന്നാണ്. സ്ഥാപനത്തിന്റെ സൈബര്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിദഗ്ധ ജീവനക്കാരെ കണ്ടെത്തുകയെന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്. അതുപോലെ സൈബര്‍ സുരക്ഷക്കായി ചെലവഴിക്കുന്ന തുക ബിസിനസിനെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സുരക്ഷക്കായുള്ള നിക്ഷേപത്തിന്റെ അളവ് ബിസിനസ് വരുമാനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്. ശരിയായ തുക ശരിയായ കാര്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech