ബോളിവുഡ് സിനിമക്ക് മുന്നില്‍ ചൈനീസ് വിപണി തുറക്കുന്നു

ബോളിവുഡ് സിനിമക്ക് മുന്നില്‍ ചൈനീസ് വിപണി തുറക്കുന്നു

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഹോളിവുഡ് ചലച്ചിത്ര വ്യവസായ രംഗത്തിന് നഷ്ടങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന തിരിച്ചടിച്ചാല്‍ അത് യുഎസ് സിനിമാ വ്യവസായ മേഖലയില്‍ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവുമുണ്ടാക്കുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഇത് പുതിയ ഒരു അവസരമായിരിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളിവുഡ് സിനിമകളുടെ അഭാവത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ മെച്ചപ്പെട്ട ബിസിനസ് നടത്താനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഹോളിവുഡ് ചലച്ചിത്രങ്ങള്‍ സേവന വ്യാപാരത്തിന്റെ ഭാഗമാണെന്നും നിലവിലെ വ്യാപാര സമ്മര്‍ദത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്കപ്പുറം മറ്റുമേഖലകളിലേക്കും വ്യാപിക്കുമെന്നും ചൈനീസ് അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് കോര്‍പറേഷനിലെ ഗവേഷകനായ ബായ് മിംഗ് പറഞ്ഞു.

”യുഎസ്‌ചൈന വ്യാപാര സംഘര്‍ഷവും ചൈനീസ് പ്രേക്ഷകര്‍ക്ക് അമേരിക്കന്‍ ചലച്ചിത്രങ്ങളോടുള്ള പ്രിയം കുറഞ്ഞതും ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് വലിയ അവസങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്,” ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി വിഭാഗം ഗവേഷകന്‍ ടിയാന്‍ ഗ്വാംഗ്കിയാംഗ് പറഞ്ഞു.

ചൈനയില്‍ പ്രതിവര്‍ഷം 34 ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് അനുവാദമുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഹോളിവുഡ് സിനിമകളുടെ ടിക്കറ്റ് വില്‍പ്പന 22.3 ശതമാനം വളര്‍ന്ന് 8.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അമേരിക്കന്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സിനിമകള്‍ പോലും ചൈനീസ് ബോക്‌സ് ഓഫീസുകള്‍ തകര്‍ക്കുന്ന പ്രകടനം നടത്തിയ സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. 2016 ല്‍ പുറത്തിറങ്ങയ വാര്‍ക്രാഫ്റ്റ് എന്ന ഫാന്റസി ചിത്രം 433 ദശലക്ഷം ഡോളര്‍ ആഗോള ബോക്‌സ് ഓഫീസ് വരുമാനമാണ് നേടിയിരുന്നത്. ഇതില്‍ പകുതിയും ചൈനയില്‍ നിന്നായിരുന്നു. അമേരിക്കയില്‍ ചിത്രം പരാജപ്പെടുകയും ചെയ്തു.

യുഎസ്‌ചൈന വ്യാപാരയുദ്ധം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനു നല്‍കുന്ന അവസരങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. 2016നും 2018 നും ഇടയിലുള്ള കാലയളവില്‍ ഇന്ത്യ വെറും എട്ട് ചലച്ചിത്രങ്ങളാണ് ചൈനയില്‍ റിലീസ് ചെയ്തത്. അതേസമയം ഹോളിവുഡ് റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണം 156 ആണ്. ഇതില്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് സഹനിര്‍മാണം നടത്തിയ ചലച്ചിത്രങ്ങളുമുള്‍പ്പെടുമെന്ന് വിനോദ വ്യവസായവുമായി ബന്ധപ്പെട്ട നിരീക്ഷകരായ എന്റ്ഗ്രൂപ്പ് ഇന്‍കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സാംസ്‌കാരികമായ സമാനതകള്‍ കാരണം ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് ചൈനയില്‍ വലിയ സാമ്പത്തിക വിജയം നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ല്‍ 196 ദശലക്ഷം ഡോളര്‍ കളക്ഷന്‍ നേടി ഇന്ത്യന്‍ ചിത്രമായ ദംഗല്‍ ചൈനീസ് ബോക്‌സ് ഓഫീസുകള്‍ ഇളക്കി മറിച്ചിരുന്നു. ഇന്ത്യന്‍ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറും ജനുവരി 28ന് അവസാനിച്ച ആഴ്ചയില്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ മുന്നിട്ടു നിന്നതായി എന്റ്ഗ്രൂപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 2.79 ബില്യണ്‍ യുവാന്‍ ആണ് ചൈനയില്‍ നിന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ കൊയ്തത്.

വലിയ വിപണി സാധ്യതകളും നേരത്തെ റിലീസ് ചെയ്ത ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയവും പരിഗണിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമാ വ്യവസായം ചൈനീസ് വിപണിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് ടിയാന്‍ ഗ്വാംഗ്കിയാംഗ് പറഞ്ഞു. സഹ നിര്‍മാണം പോലുള്ള വിവിധ മാര്‍ഗങ്ങളിലൂടെ വിപണി സാന്നധ്യം വിപുലമാക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

 

 

 

 

Comments

comments