സംസ്ഥാന വ്യവസായ-വാണിജ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാന വ്യവസായ-വാണിജ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയം പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: പുതിയ വ്യവസായ-വാണിജ്യ നയത്തിന് ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വ്യാവസായിക വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് നയമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നയത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നയവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നയത്തിന് അന്തിമ രൂപം നല്‍കിയത്.
വ്യവസായങ്ങള്‍ തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയം പ്രഖ്യാപിക്കുന്നു. ഗ്രാമീണ മേഖലയില്‍ പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്ത ഭടന്‍മാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിന് പ്രോത്സാഹിപ്പിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്കും പിന്തുണ നല്‍കുമെന്നും നയത്തില്‍ പറയുന്നുണ്ട്. മലബാര്‍ മേഖലയില്‍ പ്രകൃതിവാതകം ഉപയോഗിച്ചുളള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും നയം വ്യക്തമാക്കുന്നു.
മുഴുവന്‍ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കും. സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാര്‍ സിമന്റ്‌സിലേയും ടിസിസിയിലേയും ഉല്‍പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ഗ്രേ സിമന്റ് ഉല്‍പ്പാദനം ആരംഭിക്കും.
സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നയത്തിലുണ്ട്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ തമ്മിലുളള സഹകരണം വര്‍ധിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ തീരുമാനിച്ച ബിഎച്ച്ഇഎല്‍ഇഎംഎല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നിവ ഏറ്റെടുക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകും.
കയര്‍ മേഖലയില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുന്നതിന് കേരള കയര്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പത്തു കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി. കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ആധുനിക സാധ്യതകള്‍ ഉപയോഗിച്ച് മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കുന്നത്. നിര്‍ദിഷ്ട കമ്പനിയില്‍ കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനും അതുപോലെയുളള സ്ഥാപനങ്ങള്‍ക്കും നല്‍കും.

ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ എന്‍. പത്മകുമാറിനെ ഗ്രാമവികസന വകുപ്പ് കമ്മിഷണറായി മാറ്റി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കയര്‍ ഡയറക്റ്ററുടെ ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.
ലാന്റ് റവന്യൂ കമ്മിഷണര്‍ എ ജെ ജെയിംസിന് റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ എം.ഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എസ്. ഹരികിഷോറിന് എംജിഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്റ്ററുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

Comments

comments

Categories: Business & Economy, Slider