ബുക്ക്‌മൈഷോ 685 കോടി രൂപ സമാഹരിച്ചു

ബുക്ക്‌മൈഷോ 685 കോടി രൂപ സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ മാതൃ കമ്പനിയായ ബിഗ്ട്രീ എന്റര്‍ടെയ്ന്‍മെന്റ് 685 കോടി രൂപ സമാഹരിച്ചു. ടിപിജി ഗ്രോത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡി റൗണ്ട് സമാഹരണഘട്ടത്തില്‍ മുന്‍ നിക്ഷേപകരില്‍ പലരും പങ്കെടുത്തു. ഇതോടെ പ്ലാറ്റ്‌ഫോമിന്റെ വിപണി മൂല്യം 5,140 കോടി രൂപയായി വര്‍ധിച്ചു.

ടിജിപി ഗ്രോത്തിന് ആഗോളതലത്തിലുള്ള മാധ്യമ വിനോദ മേഖലയില്‍ വിപുലമായ അനുഭവമാണുള്ളതെന്നും ഈ മേഖലയില്‍ വളര്‍ച്ചാ പദ്ധതികള്‍ ത്വരിതപ്പെടത്താന്‍ കമ്പനി ശ്രമിച്ചുവരികയാണെന്നും ബുക്ക്‌മൈഷോ സിഇഒ ആശിഷ് ഹെമ്‌റാജനി പറഞ്ഞു. ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് മേഖലയില്‍ പേടിഎമ്മുമായിട്ട് മത്സരിക്കുന്ന സമയത്താണ് പുതിയ നിക്ഷേപ സമാഹരണം. നിലവില്‍ പ്രതിമാസം 12-15 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുന്നുണ്ടെന്നും 30 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നുമാണ് ബുക്ക്‌മൈഷോ അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം 52 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റതായും പ്രവര്‍ത്തനമാരംഭിച്ച 2016 മേയ് മുതല്‍ 500 ശതമാനം വലളര്‍ച്ച കൈവരിച്ചതായും പേടിഎമ്മും അവകാശപ്പെട്ടിരുന്നു.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സിനിമ ഇതര വിനോദപരിപാടികളുടെ ടിക്കറ്റ് വില്‍പ്പന വര്‍ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിക്ഷേപത്തിന്റെ സിംഹഭാഗവും ഈ പദ്ധതിക്കു വേണ്ടിയാകും ഉപയോഗിക്കുക. നിലവില്‍ മൊത്ത വരുമാനത്തിലേക്ക് 30 ശതമാനമാണ് ഈ വിഭാഗത്തിന്റെ സംഭാവന. ഇത് 2020 ആകുന്നതോടെ 50 ശതമാനമാക്കി ഉയര്‍ത്താനാണ് പദ്ധതി. ബുക്ക്‌മൈഷോയുടെ സിനിമ ഇതര വിനോദപരിപാടികളുടെ ടിക്കറ്റ് വില്‍പ്പന 60 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

Comments

comments

Categories: Business & Economy
Tags: Book my show