അശോക് ലെയ്‌ലാന്‍ഡിന്റെ അറ്റാദായം 233% വളര്‍ന്നു

അശോക് ലെയ്‌ലാന്‍ഡിന്റെ അറ്റാദായം 233% വളര്‍ന്നു

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷത്തിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുമായി ഓട്ടോമൊബീല്‍ കമ്പനിയായ അശോക് ലെയ്‌ലാന്‍ഡ്. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 233 ശതമാനം വളര്‍ന്ന് 370 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 47 ശതമാനം വര്‍ധിച്ച് 6,250 കോടി രൂപയിലെത്തിയിട്ടുണ്ട്. എബിറ്റ്ഡ 111 ശതമാനം വര്‍ധിച്ച് 648 കോടി രൂപയിലെത്തി.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 42,127 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. മുന്‍വര്‍ഷത്തെ സമാനമായ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനം വര്‍ധനയാണ് വില്‍പ്പനയിലുണ്ടായത്. ഇന്റര്‍മീഡിയേറ്റ് വാഹന വിഭാഗത്തിലാണ് തങ്ങള്‍ ഗണ്യമായ വളര്‍ച്ച നേടിയതെന്ന് അശോക് ലെയ്‌ലാന്‍ഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് കെ ദസരി പറഞ്ഞു.

ബസുകളുടെയും വലിപ്പം കുറഞ്ഞ വാണിജ്യ വാഹനങ്ങളുടെയും വിഭാഗങ്ങളിലും ശക്തമായ വളര്‍ച്ചയാണുണ്ടായതെന്നും ദസരി ചൂണ്ടിക്കാട്ടി. കയറ്റുമതിയും 24 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 1,165 കോടി രൂപ മിച്ചമുണ്ടെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗോപാല്‍ മഹാദേവന്‍ പറഞ്ഞു.

 

Comments

comments