ആമസോണ്‍ പ്രൈം ഡേ: ചെറുനഗരങ്ങളില്‍ നിന്നും 35% പുതിയ വരിക്കാരെ നേടിയതായി ആമസോണ്‍

ആമസോണ്‍ പ്രൈം ഡേ: ചെറുനഗരങ്ങളില്‍ നിന്നും 35% പുതിയ വരിക്കാരെ നേടിയതായി ആമസോണ്‍

 

ബെംഗളൂരു: പ്രൈം സര്‍വീസിലേക്ക് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാനായതായി ആമസോണ്‍ ഇന്ത്യ. 17,18 തിയതികളിലായി നടന്ന പ്രൈം ഡേ വില്‍പ്പനയില്‍ രാജ്യത്തെ രണ്ടാം നിര നഗരങ്ങളില്‍ നിന്നുമായി 35 ശതമാനത്തിലധികം പുതിയ വരിക്കാരെയാണ് കമ്പനിക്ക് നേടാനായതെന്നും ആമസോണ്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ 17 രാജ്യങ്ങളിലായി ചെവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ സംഘടിപ്പിച്ചത്.

പ്രൈം ഡേ വില്‍പ്പന ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രൈം സബ്‌സ്‌ക്രിപ്ഷനില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ പ്രൈം സര്‍വീസ് ആരംഭിച്ചതിനു ശേഷമുള്ള മറ്റേത് ആഴ്ചകളിലേതിനേക്കാളും കൂടുതലായി പുതിയ വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ പ്രൈം ഡേ വില്‍പ്പനയോടനുബന്ധിച്ചുള്ള ഒരാഴ്ചയില്‍ കമ്പനിക്ക് സാധിച്ചു. ലോകവ്യാപകമായി 100 മില്യണിലധികം ഉല്‍പ്പന്നങ്ങളാണ് പ്രൈം വരിക്കാര്‍ രണ്ട് ദിവസത്തെ വില്‍പ്പനയില്‍ വാങ്ങിയത്. റെഡ്മി വൈ2 ഫോണ്‍, ടാറ്റ ഉപ്പ്, മി പവര്‍ ബാങ്ക് എന്നിവയാണ് ഈ ദിവസങ്ങളില്‍ ആമസോണ്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയതെന്നും കമ്പനി വ്യക്തമാക്കി.

പ്രൈം ഡേ വില്‍പ്പനയുടെ ഭാഗമായി നിരവധി കാഷ്ബാക്ക് ഓഫറുകളും ആമസോണ്‍ ഇന്ത്യ നല്‍കിയിരുന്നു. സാധാരണ ദിവസങ്ങളിലുള്ളതിനെ അപേക്ഷിച്ച് പ്രൈം വരിക്കാര്‍ തങ്ങളുടെ ആമസോണ്‍ പേ ബാലന്‍സ് ഏഴ് മടങ്ങ് കൂടുതലായി ഉയര്‍ത്തിയിരുന്നുവെന്നും കമ്പനി പറഞ്ഞു. നെസ്‌ലേ, നെസ്പ്ലസ്, വണ്‍പ്ലസ്, മാര്‍ക്‌സ് ആന്‍ഡ് സെപ്ന്‍സര്‍, ബോഷ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നായി 200ല്‍ അധികം എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങളാണ് പ്രൈം ദിനത്തില്‍ കമ്പനി അവതരിപ്പിച്ചത്. ഇതില്‍ മിക്ക ഉല്‍പ്പന്നങ്ങളും രണ്ട് മണിക്കൂര്‍കൊണ്ട് ഡെലിവെറി ചെയ്യുന്നതിന് പ്രൈം നൗ ആപ്പില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നാല് നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് കമ്പനി ഈ ഓഫര്‍ നല്‍കിയത്.

വില്‍പ്പനയോടനുബന്ധിച്ച് തങ്ങളുടെ പ്രൈം വീഡിയോ, പ്രൈം മ്യൂസിക് ഓഫറുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചതായി ആമസോണ്‍ അറിയിച്ചു. ഈ വര്‍ഷം പ്രൈം ഡേ വില്‍പ്പന 36 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിലൂടെ കുടുതല്‍ വരിക്കാരെ നേടാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സാധിച്ചു. എക്‌സ്‌ക്ലൂസീല് ഉല്‍പ്പന്ന ശ്രേണിയിലൂടെ മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനും സാധിച്ചതായി ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യന്‍ ഇകൊമേഴ്‌സ് വിപണിയില്‍ ആമസോണിന്റെ മുഖ്യ എതിരാളി ഫ്‌ലിപ്കാര്‍ട്ടും നാല് ദിവസത്തെ മെഗാ വില്‍പ്പന സംഘടിപ്പിച്ചിരുന്നു.

 

 

 

 

Comments

comments