നെക്‌സോണ്‍ എക്‌സ്എം വേരിയന്റിന് എഎംടി ഗമ

നെക്‌സോണ്‍ എക്‌സ്എം വേരിയന്റിന് എഎംടി ഗമ

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.50 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : നെക്‌സോണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ എക്‌സ്എം എന്ന മിഡ് വേരിയന്റില്‍ ടാറ്റ മോട്ടോഴ്‌സ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കി. ഈ വര്‍ഷമാദ്യം എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റിലാണ് എഎംടി നല്‍കിയിരുന്നത്. ഇപ്പോള്‍ എക്‌സ്എം വേരിയന്റില്‍ എഎംടി നല്‍കിയതോടെ (എക്‌സ്എംഎ) കൂടുതല്‍ പേര്‍ക്ക് നെക്‌സോണ്‍ എഎംടി വാങ്ങാനാകും. കഴിഞ്ഞ വര്‍ഷമാണ് ടാറ്റ നെക്‌സോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ നെക്‌സോണ്‍ എഎംടി എക്‌സ്എംഎ ലഭിക്കും. യഥാക്രമം 7.50 ലക്ഷം രൂപ, 8.53 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇതോടെ എക്‌സ്എംഎ, എക്‌സ്ഇസഡ്എ പ്ലസ് എന്നീ രണ്ട് ട്രിമ്മുകളില്‍ ടാറ്റ നെക്‌സോണ്‍ എഎംടി ലഭിക്കും.

എക്‌സ്ഇസഡ്എ എന്ന ടോപ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ നെക്‌സോണ്‍ എഎംടി എക്‌സ്എംഎ പെട്രോള്‍ വേരിയന്റിന് ഏകദേശം രണ്ട് ലക്ഷം രൂപയും എക്‌സ്എംഎ ഡീസല്‍ വേരിയന്റിന് ഏകദേശം 1.77 ലക്ഷം രൂപയും കുറവാണ്. കൂടാതെ, നെക്‌സോണ്‍ മിഡ് ഓട്ടോമാറ്റിക് വേരിയന്റിന് പുതുതായി ‘ഐവറി വൈറ്റ്’ റൂഫ് കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നു.

ടാറ്റ നെക്‌സോണ്‍ എക്‌സ്ഇസഡ്എ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സ്എംഎ ട്രിമ്മില്‍ ചില ഫീച്ചറുകള്‍ കാണാനില്ല. എന്നാല്‍ ഫോളോ മീ ഹോം ഹെഡ്‌ലാംപുകള്‍, പവര്‍ ടെയ്ല്‍ഗേറ്റ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറം കണ്ണാടികള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, സ്റ്റിയറിംഗില്‍ ഓഡിയോ കണ്‍ട്രോള്‍ സഹിതം കണക്റ്റ്‌നെക്‌സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, വീല്‍ കവറുകള്‍ എന്നിവ ലഭിച്ചു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് നല്‍കാതിരുന്നത്. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി.

ഹൈപ്പര്‍ഡ്രൈവ് എന്ന് ടാറ്റ മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്ന അതേ 6 സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് നെക്‌സോണ്‍ എഎംടി എക്‌സ്എംഎ ഉപയോഗിക്കുന്നത്. ഓട്ടോ ഗിയര്‍ബോക്‌സിന്റെ കൂടെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൗള്‍ ഫംഗ്ഷന്‍ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. സെഗ്‌മെന്റില്‍ ഇതാദ്യമായി മള്‍ട്ടി ഡ്രൈവ് മോഡുകള്‍ (ഇക്കോ, സിറ്റി, സ്‌പോര്‍ട്) നിങ്ങള്‍ക്ക് ലഭിക്കും.

എഎംടി ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 170 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 260 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. മാന്വല്‍ വേരിയന്റുകളുമായി ഈ കണക്കുകളില്‍ വ്യത്യാസമില്ല.

നെക്‌സോണ്‍ മിഡ് ഓട്ടോമാറ്റിക് വേരിയന്റിന് പുതുതായി ‘ഐവറി വൈറ്റ്’ റൂഫ് കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നു

മാരുതി സുസുകി വിറ്റാര ബ്രെസ്സ എഎംടിയാണ് ടാറ്റ നെക്‌സോണിന്റെ പുതിയ എഎംടി വേരിയന്റുകളുടെ ഏറ്റവും വലിയ എതിരാളി. ബ്രെസ്സയുടെ ബേസ് എഎംടി വേരിയന്റിനും നെക്‌സോണ്‍ എക്‌സ്എംഎ ഡീസല്‍ വേരിയന്റിനും വില സമാനമാണ്. അതേസമയം ബ്രെസ്സ ഇസഡ് ഡിഐ ഓട്ടോമാറ്റിക്കിനേക്കാള്‍ വില കുറവാണ് നെക്‌സോണ്‍ എക്‌സ്ഇസഡ്എ പ്ലസിന്. സെഗ്‌മെന്റില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് ഓട്ടോമാറ്റിക്കാണ് ടാറ്റ നെക്‌സോണ്‍ എഎംടിയുടെ മറ്റൊരു എതിരാളി.

Comments

comments

Categories: Auto