ട്രെയിനില്‍ എലി; അഭിഭാഷകയ്ക്ക് 19,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ട്രെയിനില്‍ എലി; അഭിഭാഷകയ്ക്ക് 19,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യവെ എലികളെ കണ്ടെത്തിയ അഭിഭാഷകയ്ക്ക് ഇന്ത്യന്‍ റെയില്‍വെ 19,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രഖ്യാപിച്ച് ഉപഭോക്തൃ കോടതി. മുംബൈയില്‍ നിന്നും എറണാകുളത്തേക്കുള്ള തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് അഭിഭാഷകന്‍ തന്റെ കോച്ചില്‍ എലികളെ കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടുന്ന റെയില്‍വെ വകുപ്പിന്റെ അനാസ്ഥയാണ് അഭിഭാഷക തുറന്നുകാട്ടിയത്.

2015, ഡിസംബര്‍ 2നാണ് സംഭവം നടന്നത്. മുംബൈയിലെ അഭിഭാഷകയായ ശീതള്‍ കണാക്കിയയും ബന്ധു ഹേമ കണാക്കിയയും തുരന്തോ എക്‌സപ്രസില്‍ യാത്ര ചെയ്യവെയാണ് എലികളെ കണ്ടെത്തുന്നത്. ടിക്കറ്റ് പരിശോധകനോട് കാര്യം പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും കൈക്കൊള്ളാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അവര്‍ ദക്ഷിണ മുംബൈയിലെ ജില്ലാ ഉപഭോക്തൃ കോടതിക്ക് പരാതി നല്‍കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വൃത്തിയില്ലാത്ത ശൗചാലയങ്ങളും കോച്ചുകളുമാണ് തീവണ്ടിയിലേതെന്നും മാലിന്യമുള്ളതിനാല്‍ എലികള്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും പരാതിയില്‍ ശീതള്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രെയിനില്‍ യാത്രക്കാര്‍ക്കായി നല്‍കുന്ന ഭക്ഷണവും മോശമായിരുന്നു. തങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിച്ചുവെന്ന് ശീതള്‍ പരാതിയില്‍ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് റെയില്‍വെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഉണ്ടായില്ലെന്നും ശീതള്‍ പറഞ്ഞു. ഇവര്‍ ടിക്കറ്റ് തുക ചേര്‍ത്ത് 6,600 രൂപ തിരിച്ചു നല്‍കണമെന്നും ട്രെയിനില്‍ അനുഭവിച്ച യാതനകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, റെയില്‍വെ വകുപ്പ് ശീതള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ ഉപഭോക്തൃ കോടതിക്ക് ശീതളിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് 19,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെ വകുപ്പിനോട് ഉത്തരവിടുകയായിരുന്നു.

 

Comments

comments

Categories: FK News
Tags: rat, Train

Related Articles