പുതിയ ഇമോജികളെ അവതരിപ്പിച്ചു കൊണ്ട് ടെക് ഭീമന്മാര്‍ ഇമോജി ദിനം ആഘോഷിച്ചു

പുതിയ ഇമോജികളെ അവതരിപ്പിച്ചു കൊണ്ട് ടെക് ഭീമന്മാര്‍ ഇമോജി ദിനം ആഘോഷിച്ചു

വാഷിംഗ്ടണ്‍: തങ്ങളുടെ സേവനങ്ങളില്‍/ ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും, ഇപ്പോള്‍ പ്രിയപ്പെട്ടതുമായ ഇമോജികള്‍ ഏതെല്ലാമാണെന്നു വെളിപ്പെടുത്തി കൊണ്ടു ടെക് ഭീമന്മാരായ ആപ്പിളും, ഫേസ്ബുക്കും, ട്വിറ്ററും ലോക ഇമോജി ദിനം ചൊവ്വാഴ്ച (ജുലൈ 17) ആഘോഷിച്ചു. വെബ് പേജുകളിലും, ഇലക്ട്രോണിക് മെസേജുകളിലും ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍, ചിത്രലിപികളാണു പൊതുവേ ഇമോജിയെന്ന് അറിയപ്പെടുന്നത്. 2014 മുതലാണ് ലോക ഇമോജി ദിനാചരണം സംഘടിപ്പിച്ചു വരുന്നത്. ലോക ഇമോജി ദിനത്തിന്റെ ഉപജ്ഞാതാവെന്നു അറിയപ്പെടുന്നത് ജെറമി ബര്‍ജാണ്. ഇമോജിപീഡിയ രൂപീകരിച്ചതും ഇദ്ദേഹമാണ്. ഇമോജികളുടെ വിക്കിപീഡിയയാണ് ഇമോജിപീഡിയ.

ദൈനം ദിന ആശയവിനിമയത്തില്‍ ഇന്‍സ്റ്റന്റ് മെസേജുകള്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് ഇമോജികള്‍ക്കും പ്രചാരം ലഭിച്ചു തുടങ്ങിയത്. ഇന്ന് ഓരോ വികാരങ്ങളും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ക്കു പകരമായി ഇമോജികളെ ഉപയോഗിക്കാറുണ്ട്. ആശയവിനിമയം വാക്കുകളില്ലാതെ എളുപ്പവും, ഭാവം നിറഞ്ഞതുമാക്കി തീര്‍ക്കുമെന്നതാണ് ഇമോജികളുടെ പ്രത്യേകതയായി കാണുന്നത്. ഇപ്രാവിശ്യം ഇമോജി ദിനം ആഘോഷിച്ചപ്പോള്‍ ആപ്പിള്‍ 70 പുതിയ ഇമോജികളെ അവതരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുന്ന ആപ്പിളിന്റെ ഐഒഎസ് 12-ല്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ രൂപത്തിലുള്ള ‘ഹാര്‍ട്ട് ‘ഇമോജിയാണു ഫേസ്ബുക്കിന്റെ പ്ലാറ്റ്‌ഫോമില്‍(വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍) ഏറ്റവുമധികം ഉപയോഗിച്ചതെന്ന് അവര്‍ പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു. ഫേസ്ബുക്കില്‍ 2,800 ഇമോജികളാണുള്ളത്. അവയില്‍ 2,300 ഇമോജികളും എല്ലാ ദിവസങ്ങളിലും ഉപയോഗിക്കുന്നവയാണെന്നും കുറിപ്പില്‍ സൂചിപ്പിച്ചു. ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ പ്രതിദിനം 900 മില്യന്‍ ഇമോജികള്‍ ടെക്സ്റ്റ് കൂടാതെ അയയ്ക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പറയുന്നു. ഫേസ്ബുക്കില്‍ മാത്രം പ്രതിദിനം 700 മില്യന്‍ ഇമോജികള്‍ യൂസര്‍മാര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് ഉടന്‍ പുതിയ രണ്ട് ഇമോജി ഫീച്ചറുകളും അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാകും. 2017 ജുലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിച്ചത് ചിരിക്കുമ്പോള്‍ കരയുന്ന ഇമോജിയായിരുന്നെന്നു(crying while laughing) കമ്പനി പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു.

Comments

comments

Categories: Slider, Tech