വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടതുപോലെ ഇനി ആര്‍ക്കും രാജ്യത്തു നിന്നും കടന്നുകളയാന്‍ കഴിയില്ല. ഇത്തരത്തില്‍ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നവരെ തടയാന്‍ പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. ഇതിനായി ഒരു കമ്മിറ്റിയെയും രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യം വിട്ട് മറ്റൊരു പൗരത്വം സ്വീകരിക്കുന്നത് പരിശോധിക്കാനും കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ), ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും സിബിഐയിലെയും പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടും.

പുതിയ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ വയ്ക്കും. മാത്രമവുമല്ല, നിലവിലുള്ള നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമോയെന്ന കാര്യത്തിലും തീരുമാനമെടുക്കും. മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമുള്ളവരിലായിരിക്കും കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വന്‍ തുക ലോണെടുത്ത് കഴിഞ്ഞ് അത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുന്ന കമ്പനി ഉടമകളെ നിരീക്ഷിക്കുകയും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഉടമകള്‍ രാജ്യം വിടാന്‍ ആസൂത്രമം ചെയ്യുന്നുണ്ടോയെന്നും അവര്‍ നടത്തുന്ന യാത്രകളെ കുറിച്ചും കമ്മിറ്റി വിശദാംശങ്ങള്‍ ശേഖരിക്കും. വായ്പാ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി കഴിഞ്ഞാല്‍ ഈ വായ്പാ തുക സ്ഥിരമായ ഒരു നിഷ്‌ക്രിയ ആസ്തിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദീര്‍ഘസമയമെടുക്കും. യാത്ര ചെയ്യാന്‍ ആസൂത്രണം നടത്തുന്നത് കണ്ടെത്തുന്നതിനു മുമ്പ് തട്ടിപ്പ് നടത്തിയവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വളരെ എളുപ്പത്തില്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയെടുത്ത് രാജ്യത്തു നിന്നും കടന്നുകളയുന്നവരെ തടഞ്ഞുനിര്‍ത്തുകയോ, അവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുകയും ചെയ്യാം. ഇത്തരം റിസ്‌ക് ഏറ്റെടുക്കാതിരിക്കാന്‍ ബാങ്കുകളില്‍ നിന്നും വലിയ തുക വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ബാങ്ക് അധികൃതര്‍ വാങ്ങിവയ്ക്കാറുണ്ട്.

Comments

comments