ഫോഡ് കാര്‍ വില്‍പ്പന പത്ത് ലക്ഷം പിന്നിട്ടു

ഫോഡ് കാര്‍ വില്‍പ്പന പത്ത് ലക്ഷം പിന്നിട്ടു

ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് ഇരുപത് വര്‍ഷം കഴിഞ്ഞതിനുപിന്നാലെയാണ് സുപ്രധാന നേട്ടം

ന്യൂഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ വിറ്റു. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് ഇരുപത് വര്‍ഷം കഴിഞ്ഞതിനുപിന്നാലെയാണ് ഫോഡ് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചത്. നിഖില്‍, അലക്‌സാന്‍ഡ്ര എന്നിവര്‍ക്ക് ഫോഡ് ഫ്രീസ്റ്റൈല്‍ കൈമാറി പത്ത് ലക്ഷം കാര്‍ വില്‍പ്പനയെന്ന നാഴികക്കല്ല് ഫോഡ് ഇന്ത്യ താണ്ടി. ഫോഡ് ഇന്ത്യ മേധാവി അനുരാഗ് മെഹ്‌രോത്രയാണ് താക്കോല്‍ കൈമാറിയത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഐകോണ്‍, ഫിയസ്റ്റ, ഫിഗോ, എന്‍ഡവര്‍, ഇക്കോസ്‌പോര്‍ട് തുടങ്ങി നിരവധി ഹിറ്റുകള്‍ പുറത്തിറക്കാന്‍ ഫോഡിന് കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ഭാവി മുന്‍നിര്‍ത്തി മഹീന്ദ്രയുമായി കൈകോര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ ഫോഡ്. ഇരുവരും ചേര്‍ന്ന് രണ്ട് എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കും. എന്‍ജിനുകള്‍ പങ്കുവെയ്ക്കും.

ഈ വര്‍ഷം ഫിഗോ, ആസ്പയര്‍ ഫേസ്‌ലിഫ്റ്റുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോഡ് ഇന്ത്യ

കഴിഞ്ഞ മാസം ഫോഡ് ഇന്ത്യ 8,444 വാഹനങ്ങളാണ് വിറ്റത്. 2017 ജൂണ്‍ മാസത്തേക്കാള്‍ (6,149 വാഹനങ്ങള്‍) 37 ശതമാനം വര്‍ധന. ഈ വര്‍ഷം ഫിഗോ, ആസ്പയര്‍ ഫേസ്‌ലിഫ്റ്റുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Comments

comments

Categories: Auto