വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം

യുവാക്കളും കുട്ടികളുമാണ് ഒരു രാഷ്ട്രത്തിന്റെ യഥാര്‍ഥ സമ്പത്ത്. രാഷ്ട്രത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാനും എല്ലാവിധ ദുരിതങ്ങളില്‍ നിന്നും അതിലെ ജനതയെ കൈപിടിച്ചുയര്‍ത്താനും ശേഷിയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാം മുതല്‍ നൈപുണ്യ പരിശീലനം വരെ വിവിധ മേഖലകളില്‍ തന്ത്രപ്രധാന നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്. ലോകത്തെ ഏറ്റവും ചെറുപ്പമുള്ള രാജ്യമായ ഇന്ത്യയിലെ ഭരണ സംവിധാനങ്ങള്‍ക്ക് ഇതില്‍ വര്‍ധിച്ച ഉത്തരവാദിത്തവുമുണ്ട്. എന്നാല്‍ ജനസംഖ്യയുടെ ഭാരിച്ച ഭാഗം ദാരിദ്ര്യരേഖക്ക് താഴെ തുടരുന്ന വികസ്വര രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഇതില്‍ പരിമിതികളുണ്ട്. ഇതിനുള്ള പോംവഴി നിര്‍ദേശിക്കുകയാണ് ലേഖകന്‍.

 

നമ്മളില്‍ പലര്‍ക്കും എളുപ്പം ഗ്രഹിക്കാനാകാത്ത ഏറെ ദ്രുതഗതിയിലുള്ള, വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഉന്നത രാഷ്ട്രമെന്ന നിലയില്‍ ലോകത്ത് നാം ആഗ്രഹിക്കുന്ന നേതൃ സ്ഥാനം നേടിയെടുക്കണമെങ്കില്‍ മനുഷ്യ മൂലധനമെന്ന അത്യന്താപേക്ഷിതമായ ആസ്തിയാല്‍ സ്വയം സജ്ജരാക്കേണ്ടതുണ്ട്. ലോകത്തിന്റെ നേതൃസ്ഥാനം നേടിയെടുക്കാന്‍ രാഷ്ട്രത്തെ ഒരുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് നമ്മുടെ നേതാക്കള്‍ എപ്പോഴും ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കേണ്ട വിഷയം വരുമ്പോള്‍ ഈ ഉത്സാഹവും പ്രതിബദ്ധതയുമാകെ അപ്രത്യക്ഷമാകുന്നുവോ എന്നു സംശയിച്ചു പോകുന്നു.

വിദ്യാഭ്യാസ മേഖലക്കു വേണ്ടിയുള്ള 2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ 3.84 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതമായ 81,869 കോടി രൂപ ഈ സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 85,010 കോടി രൂപയായി വര്‍ധിച്ചു. 3,141 കോടി രൂപയാണ് ഈ ഇനത്തിലെ ആകെ വര്‍ധന. വിദ്യാഭ്യാസ സെസിലുണ്ടായ ഒരു ശതമാനം വര്‍ധന ഒഴിവാക്കിയാല്‍ ഏതാണ്ട് 2,750 കോടി രൂപ ഇതില്‍ നിന്ന് കുറക്കേണ്ടി വരും. അപ്പോള്‍ വിഹിതത്തിലുണ്ടായ വര്‍ധന 391 കോടി രൂപയായി ചുരുങ്ങും. 50,000 കോടി രൂപ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസത്തിനു മാത്രമായി നീക്കി വെച്ചതാണ്. ഉന്നത വിദ്യാഭ്യാസം പോലെ അസാമാന്യമായ നിക്ഷേപം ആവശ്യമുള്ള മറ്റ് മേഖലകള്‍ക്കായി കേവലം 35,000 കോടി രൂപ മാത്രമേ നീക്കിയിരിപ്പുള്ളൂ. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരമുയര്‍ത്തുന്നതിന് വന്‍തോതിലുള്ള നിക്ഷേപം ആവശ്യമായിരിക്കെ ഈ തുക പര്യാപ്തമല്ല. 85,010 കോടി രൂപ എന്നത് ഒരു ചെറിയ സംഖ്യയല്ലെങ്കിലും വിദ്യാഭ്യാസത്തിനു നമ്മള്‍ നല്‍കുന്ന പ്രാധാന്യം അനുസരിച്ച് ഈ നീക്കിയിരിപ്പ് കുറഞ്ഞു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 3.69 ശതമാനം തുക വിദ്യാഭ്യാസത്തിലുള്ള ബജറ്റ് വിഹിതമായി നീക്കി വെച്ചപ്പോള്‍, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3.40 ശതമാനമായി കുറഞ്ഞു. മാതൃകാപരമായി, ഇത് ജിഡിപിയുടെ ആറ് ശതമാനമെങ്കിലുമായിരിക്കണമെന്നാണ് കരുതുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചടുലമായ പരിവര്‍ത്തനങ്ങളെ കുറിച്ച് അടുത്തിടെ കൊച്ചിയില്‍ നടന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് ഐഐഎം അഹമ്മദാബാദിന്റെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ എബ്രഹാം കോശി സംസാരിച്ചിരുന്നു. സെമസ്റ്റര്‍ അവസാനിക്കുന്നതോടെ സിലബസുകള്‍ കാലഹരണപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തുടനീളം, ജീവിതത്തിന്റെ സമഗ്ര മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ അതിവേഗമാണിത് സൂചിപ്പിക്കുന്നത്.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമെന്ന നിലയില്‍ നാം എപ്പോഴും അഭിമാനിച്ചിരുന്നു. വിവരസാങ്കേതികവിദ്യാ യുഗത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നമുക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍, ഈ പദവി അധികം വൈകാതെ നമുക്ക് നഷ്ടപ്പെട്ടേക്കാം. ഇംഗ്ലീഷ് പഠിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമായി ഇപ്പോള്‍ ചൈന മാറിയിരിക്കുകയാണ്. നിലവില്‍ 6,00,00,000 ല്‍ അധികം ചൈനക്കാരാണ് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്. വിദേശത്ത് പഠിക്കുകയോ ജീവിക്കുകയോ ചെയ്യുന്ന, ഇംഗ്ലീഷില്‍ മികച്ച പ്രാവീണ്യമുള്ള ലക്ഷക്കണക്കിന് ചൈനക്കാര്‍ക്ക് പുറമേയാണിത്. വിദ്യാഭ്യാസ രംഗത്തിനു വേണ്ടിയുള്ള അവരുടെ ചെലവിടല്‍ നമ്മേക്കാള്‍ 45 മടങ്ങ് അധികമാണ്; 600 ബില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 39 ലക്ഷം കോടി രൂപ) വരും അത്്.

കേരളത്തിലെ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അല്‍പ്പം ഉത്കണ്ഠ പ്രകടിപ്പിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി കാണുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ തങ്ങളുടെ ബജറ്റ് വിഹിതത്തില്‍ 970 കോടി രൂപ പൊതു വിദ്യാഭ്യാസത്തിനും 789 കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനുമായി കേരള സര്‍ക്കാര്‍ നീക്കി വെച്ചു. കൂടാതെ സംസ്ഥാനത്തെ 138 വിദ്യാലയങ്ങളെ ‘മികവിന്റെ കേന്ദ്രങ്ങളാക്കി’ നവീകരിക്കാനും, ഒരു സ്‌കൂളിന് 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ഫണ്ട്, അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭ്യമാക്കാനുമായി 614 കോടി രൂപയും വകയിരുത്തി. ക്ലാസ് മുറികള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലേക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന് (കൈറ്റ്) 33 കോടി രൂപഅനുവദിക്കാനും വ്യവസ്ഥയുണ്ട്. നിക്ഷേപിച്ച തുക കുറവാണെങ്കിലും, ഉദ്ദേശങ്ങളും ലക്ഷ്യവും ശരിയായ ദിശയിലാണെന്നും കാലത്തിന്റെ മാറ്റത്തെ പരിഗണിച്ചുള്ളതുമാണെന്ന് കാണാനാവും.

പ്രൊഫഷണല്‍ കോളെജുകള്‍ക്കും മറ്റു കൊളെജുകള്‍ക്കും ഈടാക്കാവുന്ന ഫീസ് വര്‍ഷം തോറും വര്‍ധിക്കുകയാണെങ്കിലും മതിയായ നിലവാരത്തില്‍ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനാവശ്യമായ ഭീമമായ ചെലവ് കണ്ടെത്താന്‍ അവര്‍ക്കും ആവുന്നില്ല.

എന്റെ വ്യക്തിപരമായ ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് കീഴില്‍ സുഹൃത്തിന്റെ മകള്‍ക്ക് എംബിബിഎസിന് സീറ്റ് നേടുന്നതിനു വേണ്ടി ബെംഗളൂരുവിലെ ഒരു അറിയപ്പെടുന്ന മെഡിക്കല്‍ കോളെജിന്റെ ആക്റ്റിംഗ് ചെയര്‍മാനെ ഞാന്‍ സമീപിച്ചു. മാനേജ്‌മെന്റ് സീറ്റ് ലഭ്യമാകണമെങ്കില്‍ തലവരി പണം നല്‍കണം. അതും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. പിന്നീട് പണമടയ്‌ക്കേണ്ട രീതിയുടെ കാര്യം വന്നു. തലവരിപ്പണം കറന്‍സിയായി നല്‍കാനുള്ള ബുദ്ധിമുട്ട് ഞാന്‍ അറിയിച്ചു. തുക ചെക്കായി സ്വീകരിക്കാന്‍ ആക്റ്റിംഗ് ചെയര്‍മാനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നെ അമ്പരപ്പിച്ചു കൊണ്ട്, വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കാന്‍ അനുവദനീയമായ കോഴ്‌സ് ഫീസ് കോളെജിന്റെ നടത്തിപ്പു ചെലവുകള്‍ നിറവേറ്റാന്‍ തികച്ചും അപര്യാപ്തമാണെന്നും തലവരിപ്പണമായി ശേഖരിക്കുന്ന തുക കൂടി ഉപയോഗിച്ചാണ് പ്രവര്‍ത്തന ചെലവ് നിറവേറ്റുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അതുകൊണ്ട് ബാങ്ക് വഴി മുഴുവന്‍ പണവും അടയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കോളെജ് വീണ്ടും തുറക്കുന്നതിനു മുന്‍പ് അവര്‍ നടത്തുന്ന അടിയന്തിര സ്വഭാവമുള്ള അടിസ്ഥാന സൗകര്യ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ടുകളുടെ അഭാവമുള്ളതിനാല്‍ എത്രയും പെട്ടന്ന് ആര്‍ടിജിഎസ് ആയി പണം കൈമാറാനും അദ്ദേഹം അപേക്ഷിച്ചു. ഒരു മെഡിക്കല്‍ കോളെജ് നടത്തിക്കൊണ്ടു പോവുക എന്നത് ഇപ്പോള്‍ ഒരു ലാഭകരമായ ബിസിനസേ അല്ല എന്നതാണ് പൊതുധാരണക്കുപരി, വാസ്തവം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവും മൊത്തത്തിലുള്ള നടത്തിപ്പും മെച്ചപ്പെടുത്താന്‍ ഇന്‍ഡസ്ട്രികള്‍ പിന്തുണയ്ക്കണം. പകരം, വ്യവസായ മേഖലകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യകത നിറവേറ്റാന്‍ ഓരോ വര്‍ഷവും നിലവാരവും നൈപുണ്യവുമുള്ള, ജോലിക്ക് ഉപയോഗപ്പെടുത്താനാവുന്ന വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കേണ്ടതുണ്ട്.

മാനേജ്‌മെന്റ് കോഴ്‌സുകളിലെ ഉന്നത വിദ്യാഭ്യാസവും ചെലവേറിയതായി മാറുകയാണ്. ഉദാഹരണത്തിന്, ഐഐഎമ്മും മറ്റ് പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമസ്റ്ററിന് രണ്ട് ലക്ഷം രൂപ എന്ന നിരക്കിലാണ് നിലവില്‍ ഫീസായി ഈടാക്കുന്നത്. ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും എത്രയോ കൂടുതലാണിത്.

വിദ്യാഭ്യാസ മേഖലയില്‍ ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചടുലമായ പരിവര്‍ത്തനങ്ങളെ കുറിച്ച് അടുത്തിടെ കൊച്ചിയില്‍ നടന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് ഐഐഎം അഹമ്മദാബാദിന്റെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ എബ്രഹാം കോശി സംസാരിച്ചിരുന്നു. ഒരു പ്രത്യേക സെമസ്റ്ററിനു വേണ്ടി തയാറാക്കുന്ന സിലബസ് ആ പഠനകാലം കഴിയുന്നതോടെ കാലഹരണപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തുടനീളം, ജീവിതത്തിന്റെ സമഗ്ര മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ അതിവേഗമാണിത് സൂചിപ്പിക്കുന്നത്.

മുന്‍പ് പറഞ്ഞതു പോലെ, ഒരു രാഷ്ട്രമെന്ന നിലയില്‍ ലോകത്തിന്റെ നേതൃ സ്ഥാനം നേടിയെടുക്കണമെങ്കില്‍, ഈ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യം നേരിടാന്‍ ആവശ്യമായ അറിവിന്റെ അടിത്തറയും, വൈദഗ്ധ്യവും കൊണ്ട് നമ്മുടെ യുവാക്കളെ സജ്ജരാക്കാന്‍ അടിയന്തിരമായി ഏറ്റവും ജാഗ്രതയോടെ നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൂടുതല്‍ ലക്ഷ്യ കേന്ദ്രീകൃതമായും വ്യത്യസ്തമായും ചിന്തിക്കാന്‍ യുവതലമുറയെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കുകയും, മെച്ചപ്പെടുത്തുകയും പശ്ചാത്തല സൗകര്യങ്ങള്‍ തുടര്‍ച്ചയായി ആധുനികവല്‍ക്കരിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കള്‍ നമ്മുടെ രാജ്യത്തെ വിവിധ വ്യവസായ മേഖലകളാണ്. മികച്ച വിദ്യാഭ്യാസം സിദ്ധിച്ച വൈദഗ്ധ്യമുള്ള മനുഷ്യ ശക്തിക്കായുള്ള ആവശ്യകത നിറവേറ്റാന്‍, ഈ ഒഴിവുകള്‍ നികത്താന്‍ പൂര്‍ണമായും സജ്ജരായ കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്തേക്ക് വരേണ്ടതുണ്ട്. നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ നവീകരിച്ചും ആവശ്യമായ നൈപുണ്യ വികസന പരിപാടികള്‍ ആവിഷ്‌കരിച്ചും നിലവാരമുള്ള വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരേണ്ടത് വ്യവസായങ്ങളുടെ ആവശ്യവും ഉത്തരവാദിത്തവുമാണ്.

അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കുമിടയിലുള്ള സഹകരണത്തിന് നമുക്ക് തുടക്കമിടാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവും മൊത്തത്തിലുള്ള നടത്തിപ്പും മെച്ചപ്പെടുത്താന്‍ ഇന്‍ഡസ്ട്രികള്‍ പിന്തുണയ്ക്കണം. പകരം, വ്യവസായ മേഖലകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യകത നിറവേറ്റാന്‍ ഓരോ വര്‍ഷവും നിലവാരവും നൈപുണ്യവുമുള്ള, ജോലിക്ക് ഉപയോഗപ്പെടുത്താനാവുന്ന വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കേണ്ടതുണ്ട്. അന്യോന്യം ആവശ്യകതകള്‍ തിരിച്ചറിയാനും അത് ഫലപ്രദമായി നിറവേറ്റാനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇന്‍ഡസ്ട്രികളെയും പരസ്പര സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കുകയും വേണം. കോളെജുകളില്‍ പഠിപ്പിക്കുന്നതിനായി തങ്ങളുടെ മാനേജര്‍മാരെയും വിവിധ ഇന്‍ഡസ്ട്രികള്‍ക്ക് നിയോഗിക്കാം. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ നൈപുണ്യം പകര്‍ന്നു നല്‍കാന്‍ സാധിക്കും. ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടുത്തിടെ തന്റെ ഒരു ട്വീറ്റില്‍ സൂചിപ്പിച്ചതു പോലെ, സര്‍ക്കാരിന്റെ പിന്തുണയ്ക്കായി കാത്തു നില്‍ക്കാതെ, പരസ്പരം ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍ഡസ്ട്രികളും അന്യോന്യം പിന്തുണച്ച് മുന്നോട്ട് പോകട്ടെ.

Comments

comments

Categories: FK News, Slider
Tags: education