ബിഎംഡബ്ല്യു ജി310ആര്‍, ജി310ജിഎസ് അവതരിപ്പിച്ചു

ബിഎംഡബ്ല്യു ജി310ആര്‍, ജി310ജിഎസ് അവതരിപ്പിച്ചു

യഥാക്രമം 2.99 ലക്ഷം രൂപ, 3.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി310ആര്‍, ജി310ജിഎസ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 2.99 ലക്ഷം രൂപ, 3.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വലുപ്പം, ഡിസ്‌പ്ലേസ്‌മെന്റ് പരിഗണിക്കുമ്പോള്‍ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും ചെറിയ ബൈക്കുകളാണ് ജി310ആര്‍, ജി310ജിഎസ് എന്നിവ. ജി310ആര്‍ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണെങ്കില്‍ ജി310ജിഎസ് എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കാണ്.

ബെംഗളൂരുവിന് സമീപം ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് രണ്ട് ബൈക്കുകളും നിര്‍മ്മിച്ചത്. മോട്ടോര്‍സൈക്കിളുകളുടെ കയറ്റുമതി നേരത്തെ ആരംഭിച്ചിരുന്നു. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ബിഎംഡബ്ല്യു ജി310ആര്‍ ഇന്ത്യയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളും പ്രദര്‍ശനത്തിന് വെച്ചു. ഇരു മോട്ടോര്‍സൈക്കിളുകളും ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം.

313 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകളും ഉപയോഗിക്കുന്നത്. 9,500 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്, സൈക്കിള്‍ പാര്‍ട്‌സുകള്‍, ഷാസി എന്നിവയെല്ലാം ഇരു മോട്ടോര്‍സൈക്കിളുകളും പങ്കുവെയ്ക്കുന്നു. മണിക്കൂറില്‍ 145 കിലോമീറ്ററാണ് ബിഎംഡബ്ല്യു ജി310ആര്‍ മോട്ടോര്‍സൈക്കിളിന്റെ ടോപ് സ്പീഡ്. എന്നാല്‍ ജിഎസ് മോട്ടോര്‍സൈക്കിളിന്റേത് 143 കിലോമീറ്റര്‍/മണിക്കൂര്‍.

ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ എസ്1000ആര്‍ പോലെ വലിയ റോഡ്‌സ്റ്ററുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ജി310ആര്‍ മോട്ടോര്‍സൈക്കിളിന്റെ നേക്കഡ് ഡിസൈന്‍. അതേസമയം ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രശസ്തമായ ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ നിരയിലെ ഏറ്റവും ചെറിയ അംഗമാണ് ജി310ജിഎസ്. ഇന്ത്യയില്‍ കെടിഎം 390 ഡ്യൂക്കുമായി ബിഎംഡബ്ല്യു ജി310ആര്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ വില വളരെ കുറവാണെന്ന ‘ഫീച്ചര്‍’ ഒരു പക്ഷേ കെടിഎമ്മിന് ഗുണം ചെയ്യും. എന്നിരുന്നാലും ബിഎംഡബ്ല്യു ജി310ആര്‍ മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ മാന്യമായ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരുവിന് സമീപം ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് രണ്ട് ബൈക്കുകളും നിര്‍മ്മിച്ചത്

ചെറിയ, എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ടൂററാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ബിഎംഡബ്ല്യു ജി310ജിഎസിന്റെ ഇന്ത്യയിലെ വില താങ്ങാവുന്നതാണ്. കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് എല്ലാ സാധ്യതയും. ഒരു വര്‍ഷം മുമ്പേ ഇന്ത്യന്‍ വിപണിയിലെത്തിയത് ബിഎംഡബ്ല്യു ജി310ജിഎസ് മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും നല്ല നീക്കമായി വിലയിരുത്താം.

Comments

comments

Categories: Auto