എടിഎമ്മുകളുടെ എണ്ണം കുറയരുത്

എടിഎമ്മുകളുടെ എണ്ണം കുറയരുത്

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയിലാണ് രാജ്യം. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം ഈ മുന്നേറ്റത്തില്‍ കുറയരുത്. ഗ്രാമീണ പ്രദേശങ്ങളില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. ഔപചാരിക ധനകാര്യ സേവനങ്ങള്‍ എത്തിപ്പെടാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയും രാജ്യത്തുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സുപ്രധാനമായ പദ്ധതിയായിരുന്നു ജന്‍ധന്‍യോജന. ഇതുമായി ബന്ധപ്പെട്ട് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിനിടയിലാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാകാന്‍ തുടങ്ങിയത്.

2016 നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയത്തോടെ ഡിജിറ്റല്‍ പേമെന്റ് ആവസവ്യവസ്ഥ പുതിയ തലത്തിലെത്തി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിണാമത്തിലെ സുപ്രധാന ഏടായി നോട്ട് അസാധുവാക്കല്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുമ്പോഴും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക്ക് ടെല്ലര്‍ മഷീനുകള്‍ അഥവാ എടിഎമ്മുകള്‍ വളരെയധികം പ്രസക്തമാണെന്നാണ് പ്രശസ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി അടുത്തിടെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.

ഇത്തരമൊരു പരാമര്‍ശം ശ്രദ്ധേയമാകാന്‍ കാരണം ഡിജിറ്റല്‍ കുത്തൊഴുക്കില്‍ എടിഎമ്മുകളുടെ എണ്ണം കുറയുന്നുവോ എന്ന ആശങ്കയാണ്. ഇന്ത്യ പോലെ ഏറെ സങ്കീര്‍ണതകള്‍ ഉള്ള ഒരു രാജ്യത്ത് മുഴുവനായും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥ സമീപകാലത്ത് പ്രാപ്യമാണോയെന്നത് തന്നെ ചര്‍ച്ചയ്‌ക്കെടുക്കേണ്ട വിഷയമാണ്. അത്തരമൊരു അവസ്ഥ വരുന്നത് തീര്‍ത്തും നല്ലതുതന്നെയാണ്. എന്നാല്‍ ആ പരിണാമത്തില്‍ ജനങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടരുത്. ഉള്‍പ്രദേശങ്ങളില്‍ എടിഎമ്മുകളുടെ അഭാവം സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പിഡബ്ല്യുസിയിലെ വിവേക് അയ്യര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. എല്ലാ ഇടപാടുകളും ഡിജിറ്റലായ എസ്റ്റോണിയെ പോലെയാകാന്‍ ഇന്ത്യക്ക് പെട്ടെന്ന് സാധിക്കില്ല. നോട്ടിന് ഇപ്പോഴും വലിയ ആവശ്യകതയുണ്ട്. എടിഎം അടിസ്ഥാനസൗകര്യങ്ങളില്‍ ബാങ്കുകള്‍ വേണ്ടത്ര നിക്ഷേപം നടത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും വരിക-അദ്ദേഹം പറഞ്ഞു.

എടിഎമ്മുകളുടെ പ്രവര്‍ത്തന ചെലവ് കൂടിയതുകൊണ്ടാണ് ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ അത്ര വലിയ താല്‍പ്പര്യമില്ലാത്തത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള അടിസ്ഥാനസൗകര്യമേര്‍പ്പെടുന്നതിനേക്കാള്‍ ചെലവ് കൂടുതലാണ് എടിഎം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാന്‍. ഇതില്‍ വസ്തുതയുണ്ട് താനും. എങ്ങനെ എടിഎമ്മുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാം എന്നതിനെകുറിച്ചായിരിക്കണം ചിന്തിക്കേണ്ടത്. അല്ലാതെ എടിഎമ്മിനായി നിക്ഷേപം നടത്താതിരുന്നാല്‍ ഗ്രാമീണ മേഖലകളെ അത് സാരമായി ബാധിക്കും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതി പോലും അവതാളത്തിലാകും. ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഇതിനോടൊപ്പമാകണം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ വേഗത ത്വരിതപ്പെടുത്തേണ്ടത്. ആ മാറ്റത്തില്‍ ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ ഡിജിറ്റല്‍ സാക്ഷരത അഥവാ മൊബീല്‍ സാക്ഷരതയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

Comments

comments

Categories: Editorial, Slider
Tags: ATM