യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ അവതരിപ്പിച്ചു

യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 57,898 രൂപ

ന്യൂഡെല്‍ഹി : യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. യമഹ മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും സ്‌പോര്‍ടിയായ സ്‌കൂട്ടറാണ് റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി. 57,898 രൂപയാണ് സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. അതായത് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ രണ്ടായിരം രൂപ മാത്രം കൂടുതല്‍. റാലി റെഡ്, റേസിംഗ് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ജൂലൈ അവസാന വാരം മുതല്‍ യമഹ ഡീലര്‍ഷിപ്പുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും.

ചിറകുകള്‍ എന്ന് തോന്നിപ്പിക്കുന്ന മുന്നിലെ ഫെയറിംഗാണ് സ്റ്റാന്‍ഡേഡ് മോഡലില്‍നിന്ന് സ്ട്രീറ്റ് റാലി എഡിഷനെ വ്യത്യസ്തമാക്കുന്നത്. കൈവിരലുകളെ സംരക്ഷിക്കുന്നതിന് അഡ്വഞ്ചര്‍ ബൈക്കുകളില്‍ മാത്രം കാണുന്നതുപോലെ നക്കിള്‍ ഗാര്‍ഡുകള്‍ നല്‍കിയിരിക്കുന്നു. റിയര്‍ വ്യൂ മിററുകള്‍ പുതിയതാണ്. സ്റ്റാന്‍ഡേഡ് മോഡലില്‍ കാണുന്ന കണ്ണാടികളേക്കാള്‍ സ്‌പോര്‍ടി. യമഹ റേ ഇസഡ്ആര്‍ സ്റ്റാന്‍ഡേഡ് മോഡലില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കില്‍ സ്ട്രീറ്റ് റാലി എഡിഷനില്‍ പൂര്‍ണമായും ഡിജിറ്റലാണ്.

സ്റ്റാന്‍ഡേഡ് മോഡലിലെ അതേ 113 സിസി എന്‍ജിനാണ് സ്ട്രീറ്റ് റാലി എഡിഷന് കരുത്തേകുന്നത്. 7 ബിഎച്ച്പി പരമാവധി കരുത്തും 8 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അധിക സുരക്ഷ എന്ന നിലയില്‍ പുതിയ യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്റെ മുന്‍ ചക്രത്തില്‍ 170 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. മൊബീല്‍ ഫോണും മറ്റും സൂക്ഷിക്കുന്നതിന് മുന്നില്‍ സ്‌റ്റോറേജ് പോക്കറ്റ് കാണാം.

റാലി റെഡ്, റേസിംഗ് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ജൂലൈ അവസാന വാരം മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭിക്കും

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്‍ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ പ്രദര്‍ശിപ്പിച്ച വാഹനത്തില്‍ ഡുവല്‍ ടോണ്‍ സീറ്റ് കൂടാതെ ഹാന്‍ഡില്‍ബാര്‍ വെയ്റ്റുകള്‍, ലിവറുകള്‍, അലോയ് വീലുകള്‍ എന്നിവിടങ്ങളില്‍ സ്വര്‍ണവര്‍ണം നല്‍കിയിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ മോഡലില്‍ ഇവയൊന്നും കാണാനില്ല. ഈയിടെ പരിഷ്‌കരിച്ച ഹോണ്ട ഡിയോ സ്‌കൂട്ടറാണ് പുതിയ യമഹ റേ ഇസഡ്ആര്‍ സ്ട്രീറ്റ് റാലി എഡിഷന്റെ എതിരാളി.

Comments

comments

Categories: Auto