‘പറക്കും ടാക്‌സി’ നിര്‍മിക്കാന്‍ റോള്‍സ് റോയ്‌സും

‘പറക്കും ടാക്‌സി’ നിര്‍മിക്കാന്‍ റോള്‍സ് റോയ്‌സും

പറക്കും ടാക്‌സി (ഫ്‌ളൈയിംഗ് ടാക്‌സി) എന്ന പേരില്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് എഞ്ചിന്‍ നിര്‍മാണ കമ്പനിയായ റോള്‍സ് റോയ്‌സ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കുംടാക്‌സി ആകാശത്ത് യാത്ര ആരംഭിക്കാന്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറക്കല്‍ വിജയകരമായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്‌സികളെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി.

വിമാനങ്ങളിലേതുപോലെ ആകാശത്ത് പറക്കാന്‍ അനുയോജ്യമായ പ്രൊപ്പല്‍ഷെന്‍ സംവിധാനത്തിന്റെ രൂപകല്‍പ്പന കമ്പനി പൂര്‍ത്തിയാക്കി. റോള്‍സ് റോയ്‌സിന്റെ പറക്കും ടാക്‌സിയുടെ ഡിജിറ്റല്‍ അവതരണം ഫാന്‍ബറോ എയര്‍ഷോയില്‍ നടത്തും. പദ്ധതി പൂര്‍ത്തീകരിക്കാന്‍ പങ്കാളികളെ തേടുകയാണ് കമ്പനി ഇപ്പോള്‍. മികച്ച പങ്കാളിയെ ലഭിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ നിര്‍മാണം അന്തിമഘട്ടത്തിലെത്തുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ബാറ്ററി കരുത്തില്‍ നിന്നും പറന്നുയരുന്ന വിധമാണ് പറക്കും ടാക്‌സിയുടെ നിര്‍മാണം. നാലോ അഞ്ചോ യാത്രികര്‍ക്ക് പറക്കും ടാക്‌സിയില്‍ യാത്ര ചെയ്യാം. മണിക്കൂറില്‍ ഏകദേശം 402 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പറക്കും ടാക്‌സിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റോള്‍സ് റോയ്‌സിനു മുമ്പ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാവായ യൂബറും വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസും ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കിറ്റി ഹോക്ക് എന്നിവ പറക്കും ടാക്‌സി നിര്‍മാണ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

 

 

Comments

comments

Tags: Flying taxi