പുതിയ എന്‍ജിന്‍ ഓപ്ഷനില്‍ ജാഗ്വാര്‍ എഫ്-ടൈപ്പ്

പുതിയ എന്‍ജിന്‍ ഓപ്ഷനില്‍ ജാഗ്വാര്‍ എഫ്-ടൈപ്പ്

2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഇന്‍ജീനിയം പെട്രോള്‍

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ജാഗ്വാര്‍ എഫ്-ടൈപ്പിന് ഇനി ഇന്ത്യയില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഇന്‍ജീനിയം പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് പുതുതായി നല്‍കിയത്. എന്‍ട്രി ലെവല്‍ ഇന്‍ജീനിയം എന്‍ജിന്‍ നല്‍കിയ ജാഗ്വാര്‍ എഫ്-ടൈപ്പിന്റെ കൂപ്പെ വേര്‍ഷന് 90.93 ലക്ഷം രൂപയും കണ്‍വെര്‍ട്ടിബിള്‍ പതിപ്പിന് 1.01 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. സ്‌പോര്‍ട്‌സ് കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ പുതിയ എന്‍ജിന്‍ 296 ബിഎച്ച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മോട്ടോറിന്റെ വി6, വി8 വേര്‍ഷനുകളിലാണ് ജാഗ്വാര്‍ എഫ്-ടൈപ്പ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

ഇന്ത്യ എക്‌സ് ഷോറൂം വില 90.93 ലക്ഷം രൂപ മുതല്‍

ജാഗ്വാര്‍ എഫ്-ടൈപ്പില്‍ 2.0 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്നതില്‍ ആവേശഭരിതരാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ രോഹിത് സൂരി പറഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ക്ക് സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്വാര്‍ എഫ്-ടൈപ്പിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റിന് 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററായി ടോപ് സ്പീഡ് ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ ഇന്‍ജീനിയം എന്‍ജിന്‍ വാഹനത്തിന്റെ ആകെ ഭാരം 52 കിലോഗ്രാം കുറയ്ക്കാന്‍ സഹായിച്ചു. പുതിയ എന്‍ജിന്‍ നല്‍കിയതോടെ മെച്ചപ്പെട്ട സ്റ്റിയറിംഗ് റെസ്‌പോണ്‍സ്, യാത്രാ സുഖം എന്നിവ ലഭിക്കുന്നതിന് ഷാസി പരിഷ്‌കരിച്ചതായി ജാഗ്വാര്‍ അറിയിച്ചു.

ഉയര്‍ന്ന വേരിയന്റുകളുമായി താരതമ്യം ചെയ്യാതിരിക്കാം. അങ്ങനെയെങ്കില്‍ ഒരു കോടി രൂപ വില വരുന്ന എന്‍ട്രി ലെവല്‍ ജാഗ്വാര്‍ എഫ്-ടൈപ്പ് കൂപ്പെ വിപണിയില്‍ കൂടുതലായി വിറ്റുപോയേക്കും. അതേസമയം കൂടുതല്‍ ഉയര്‍ന്ന വേരിയന്റ് 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 എന്‍ജിനാണ് ഉപയോഗിക്കുന്നത്. 335 ബിഎച്ച്പി കരുത്തും 450 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. മണിക്കൂറില്‍ 260 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 5.3 സെക്കന്‍ഡ് മതി.

ടോപ് വേരിയന്റായ എഫ്-ടൈപ്പ് എസ്‌വിആര്‍ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഉപയോഗിക്കുന്നത്. 567 ബിഎച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം വെറും 3.7 സെക്കന്‍ഡില്‍ കൈവരിക്കും. മണിക്കൂറില്‍ 322 കിലോമീറ്ററാണ് ടോപ് സ്പീഡ്. മറ്റെല്ലാ വേരിയന്റുകളെപ്പോലെ, എന്‍ട്രി ലെവല്‍ എഫ്-ടൈപ്പില്‍ ആക്റ്റീവ് എക്‌സ്‌ഹോസ്റ്റ് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ കൂടുതല്‍ മികച്ച ഡ്രൈവിംഗ് അനുഭവത്തിന് സ്വിച്ചബിള്‍ ആക്റ്റീവ് എക്‌സ്‌ഹോസ്റ്റാണ് ആര്‍-ഡൈനാമിക് വേരിയന്റുകളുടെ സവിശേഷത.

വി6, വി8 എന്‍ജിന്‍ വേര്‍ഷനുകളിലാണ് ജാഗ്വാര്‍ എഫ്-ടൈപ്പ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്

2018 ജാഗ്വാര്‍ എഫ്-ടൈപ്പ് എസ്‌വിആര്‍ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മുന്നിലും പിന്നിലും പരിഷ്‌കരിച്ച ബംപറുകള്‍, ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകള്‍ സഹിതം പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പരിഷ്‌കരിച്ച ടെയ്ല്‍ലൈറ്റുകള്‍ എന്നിവയായിരുന്നു പ്രധാന മാറ്റങ്ങള്‍. എസ്‌വിആര്‍ (സ്‌പെഷല്‍ വെഹിക്കിള്‍ റേസിംഗ്) വേരിയന്റിന് 2.65 കോടി രൂപയാണ് എക്‌സ് ഷോറൂം വില. പോര്‍ഷെ 718 കെയ്മാന്‍, ബിഎംഡബ്ല്യു എം4 തുടങ്ങിയവരാണ് പുതിയ എന്‍ട്രി ലെവല്‍ എഫ്-ടൈപ്പ് മോഡലുകളുടെ എതിരാളികള്‍.

Comments

comments

Categories: Auto