മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി(എംഒസി) നടത്തുന്ന ശിശു പരിപാലന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഉത്തരവ് പുറപ്പെടുവിച്ചത്.

എംഒസി നടത്തുന്ന കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്ത് നല്‍കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ നടത്തുന്ന ശിശുപരിപാലന കേന്ദ്രത്തില്‍ നിന്നും നവജാത ശിശുക്കളെ വില്‍പ്പന നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദത്ത് നല്‍കല്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചാണോ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന.

2015 ല്‍ ദത്തെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം മിഷണറീസ് ഓഫ് ചാരിറ്റി കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ദമ്പതികള്‍ക്ക് മാത്രമല്ല, ഒറ്റ രക്ഷിതാവിനും വിവാഹ മോചനം നേടിയവര്‍ക്കും കുട്ടികളെ ഓണ്‍ലൈന്‍ വഴി ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമത്തില്‍ കേന്ദ്രം പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തുവന്നിരുന്നു.

 

Comments

comments