പുതിയ വിപണികളിലേക്ക് ചുവടുവെച്ച് പതഞ്ജലി; ഖാദി വിപണിയും ശീതീകരിച്ച പച്ചക്കറി വിപണിയും കീഴടക്കും

പുതിയ വിപണികളിലേക്ക് ചുവടുവെച്ച് പതഞ്ജലി; ഖാദി വിപണിയും ശീതീകരിച്ച പച്ചക്കറി വിപണിയും കീഴടക്കും

 

ന്യൂഡെല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പുതിയ വിപണികളിലേക്ക് ചുവടുവയ്ക്കുന്നു. ഖാദി ഉല്‍പ്പന്ന വിപണിയും ശീതീകരിച്ച പച്ചക്കറി വിപണിയും കീഴടക്കാന്‍ പതഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുകയാണ്. പദ്ധതിക്കായി 10,000 കോടി രൂപയാണ് കമ്പനി മൂലധന നിക്ഷേപം നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ശീതീകരിച്ച കടല പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്നുണ്ടെന്ന് ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂഡില്‍സ് മുതല്‍ ബിസ്‌ക്കറ്റ്‌സ് വരെ വിപണിയിലെത്തിച്ച പതഞ്ജലി ശീതീകരിച്ച പച്ചക്കറികളില്‍ കാരറ്റ്, കടല, കോളിഫഌവര്‍ എന്നിവ ഉള്‍പ്പെടുത്തുന്നുണ്ട്.

കര്‍ഷകരില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ കേടുകൂടാതെ വിപണിയിലെത്തിക്കുന്നതിനായാണ് ശീതീകരിച്ച സംവിധാനം വഴി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ച് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിപണിയിലെത്തിക്കുക. തുടര്‍ന്ന് ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ശീതീകരിച്ച പച്ചക്കറി ഇനത്തില്‍ രണ്ടാം ഘട്ടത്തില്‍ ഉല്‍പ്പെടുത്തും. ഉത്തരാഖണ്ഡ്, ഛത്തീസ്ഗണ്ഡ്, മഹാരാഷ്ട്ര എന്നിവടങ്ങളിലുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള യൂണിറ്റില്‍ നിന്നുമാണ് ശീതീകരിക്കാനാവശ്യമായ പച്ചക്കറികല്‍ ശേഖരിക്കുക.

2019 ഓടുകൂടി രാജ്യത്താകമാനം 10,000 റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ശീതീകരിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണി മൂല്യം ഏകദേശം 1,500 കോടി രൂപയാണ്.

ശീതീകരിച്ച പച്ചക്കറി വില്‍പ്പനയ്ക്ക് പുറമെ ഖാദി വസ്ത്ര വിപണിയിലേക്കും പതഞ്ജലി കടക്കുന്നുണ്ട്. സ്വദേശി എന്ന ബ്രാന്‍ഡില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനാണ് പതഞ്ജലിയുടെ പദ്ധതി. ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് 100 എക്‌സ്‌ക്ലുസീവ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Related Articles