മക്‌ലാറന്‍ 600എല്‍ടി ആഗോള അരങ്ങേറ്റം കുറിച്ചു

മക്‌ലാറന്‍ 600എല്‍ടി ആഗോള അരങ്ങേറ്റം കുറിച്ചു

മക്‌ലാറന്റെ പുതിയ ലൈറ്റ്-വെയ്റ്റ്, ട്രാക്ക് സൂപ്പര്‍കാര്‍

സസിക്‌സ് (ഇംഗ്ലണ്ട്) : മക്‌ലാറന്‍ ഓട്ടോമോട്ടീവിന്റെ പുതിയ ലൈറ്റ്-വെയ്റ്റ്, ട്രാക്ക് സൂപ്പര്‍കാറായ മക്‌ലാറന്‍ 600എല്‍ടി ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ ആഗോള അരങ്ങേറ്റം കുറിച്ചു. അടിസ്ഥാനപരമായി മക്‌ലാറന്‍ 570എസ് കാറിന്റെ പെര്‍ഫോമന്‍സ് വേര്‍ഷനാണ് 600എല്‍ടി. അതേസമയം ഭാരം സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ 96 കിലോഗ്രാം കുറവാണ്. 1.86 ലക്ഷം പൗണ്ട് മുതലാണ് യുകെയില്‍ വില. ഏകദേശം 1.68 കോടി ഇന്ത്യന്‍ രൂപ. കൂപ്പെ ഫോര്‍മാറ്റിലാണ് ഇപ്പോള്‍ കാര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളുടെ സ്വഭാവം വെച്ചുനോക്കുമ്പോള്‍ മക്‌ലാറന്‍ 600എല്‍ടി സ്‌പൈഡര്‍ പുറത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

3.8 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, വി8 എന്‍ജിന്റെ റീകാലിബ്രേറ്റഡ് വേര്‍ഷനാണ് മക്‌ലാറന്‍ 600എല്‍ടിക്ക് കരുത്തേകുന്നത്. ടോപ് എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം സവിശേഷതയാണ്. 7,500 ആര്‍പിഎമ്മില്‍ 592 ബിഎച്ച്പി പരമാവധി കരുത്തും 5,500-6,500 ആര്‍പിഎമ്മില്‍ 620 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇപ്പോള്‍ ഈ എന്‍ജിന് കഴിയും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 2.9 സെക്കന്‍ഡ് മതി. 0-200 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം 8.2 സെക്കന്‍ഡില്‍ കൈവരിക്കും. മണിക്കൂറില്‍ 328 കിലോമീറ്ററാണ് ടോപ് സ്പീഡ്.

മക്‌ലാറന്റെ റേസിംഗ് കാരണവരായ എഫ്1 ജിടിആര്‍ ലോംഗ്‌ടെയ്ല്‍, പ്രശസ്തമായ മക്‌ലാറന്‍ 675എല്‍ടി മോഡലുകള്‍ എന്നിവയില്‍നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മക്‌ലാറന്‍ 600എല്‍ടി നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ മക്‌ലാറന്‍ ‘ലോംഗ്‌ടെയ്ല്‍’ കാറിന്റെ എല്ലാ ആകാരസൗഷ്ഠവത്തോടെയും എല്‍ടി കുടുംബത്തില്‍ പുതിയ അംഗം പിറന്നിരിക്കുന്നു.

വീതിയേറിയ ഫ്രണ്ട് സ്പ്ലിറ്റര്‍, നീളം കൂടിയ റിയര്‍ ഡിഫ്യൂസര്‍, ഫിക്‌സഡ് റിയര്‍ വിംഗ് എന്നിവ ചില ഡിസൈന്‍ ഘടകങ്ങളാണ്. മക്‌ലാറന്‍ 570എസ്, 720എസ് എന്നിവയില്‍കണ്ട മനോഹരമായ ഓറഞ്ച് ബോഡി കളര്‍ 600എല്‍ടി കടംകൊണ്ടിരിക്കുന്നു. മുന്‍ ഭാഗം, സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയില്‍കൂടാതെ മോണോകോക്ക് ഷാസിയില്‍ പോലും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. സ്റ്റാന്‍ഡേഡ് 570 യേക്കാള്‍ 25 ശതമാനം ഭാരം കുറവാണ്.

യഥാര്‍ത്ഥ മക്‌ലാറന്‍ ‘ലോംഗ്‌ടെയ്ല്‍’ കാറിന്റെ എല്ലാ ആകാരസൗഷ്ഠവത്തോടെയും എല്‍ടി കുടുംബത്തില്‍ പുതിയ അംഗം പിറന്നിരിക്കുന്നു

മക്‌ലാറന്‍ ഓട്ടോമോട്ടീവ് എത്രയെണ്ണം 600എല്‍ടി നിര്‍മ്മിക്കുമെന്ന് അറിയില്ല. ഒരു വര്‍ഷക്കാലം മാത്രമായിരിക്കും കാര്‍ വിപണിയില്‍ ലഭിക്കുന്നത്. വളരെ പരിമിത കാലം മാത്രമായിരിക്കും ഉല്‍പ്പാദനം. പോര്‍ഷെ 911 ജിടി3 ആര്‍എസ്, ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ, ഫെറാറി 488 പിസ്റ്റ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto