മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാം: മഹാരാഷ്ട്ര സര്‍ക്കാര്‍

മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാം: മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ സ്റ്റാളുകളില്‍ കൂടിയ വിലയ്ക്ക് പോപ്പ്‌കോണുകള്‍ ഉള്‍പ്പടെയുള്ള  ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കുടിവെള്ളവും വില്‍ക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കി. ഉല്‍പ്പന്നങ്ങള്‍ക്ക് പുറത്തുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന വില മാത്രമേ ഈടാക്കാന്‍ പൂടുള്ളൂവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒപ്പം ഓഗസ്റ്റ് ഒന്ന് മുതല്‍ മഹാരാഷ്ട്രയിലെ എല്ലാ മള്‍ട്ടിപ്ലക്‌സുകളിലും പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാനും അനുമതി നല്‍കിയിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ്-ഭക്ഷ്യ വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ അറിയിച്ചു.

ഫുഡ് ആന്‍ഡ് ബിവറേജ് വിഭാഗത്തിന്റെ വളര്‍ച്ചയുടെ 25 ശതമാനവും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഭക്ഷണം തിയേറ്ററുകളില്‍ കൊണ്ടുവരാമെന്ന നിയമം ഈ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

നേരത്തെ ബോംബെ ഹൈക്കോടതി തിയേറ്ററുകളില്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിനും, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും എല്ലായിടത്തും നിശ്ചയിച്ച വില മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നയത്തില്‍ ഭേദഗതി വരുത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് മള്‍ട്ടിപ്ലക്‌സുകളില്‍ വര്‍ധിപ്പിച്ച വില നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും, പുറത്തു നിന്നുള്ള ഭക്ഷണം മള്‍ട്ടിപ്ലക്‌സുകളില്‍ കൊണ്ടുവരാമെന്ന് ഉത്തരവിറക്കിയതും.

1966 ലെ ഭക്ഷ്യനിയമ പ്രകാരം തിയേറ്ററുകളില്‍ പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നതില്‍ തടസ്സങ്ങളിലെന്ന് മന്ത്രി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് മള്‍ട്ടിപ്ലക്‌സുകള്‍ പുറത്തു നിന്നുള്ള ഭക്ഷണത്തിന് അനുമതി നല്‍കാത്തത്. എന്നാല്‍ ഇത് ഓഗസ്റ്റ് 1 മുതല്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കുന്നതോടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ മള്‍ട്ടിപ്ലക്‌സുകള്‍ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments