അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു

അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു

അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ജൂലൈ ഒമ്പത് മുതല്‍ അമ്പലവയല്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സിമ്പോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി അമ്പലവയലില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം നടത്താറുണ്ടങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയില്‍ ഇന്തോനേഷ്യ ,ശ്രീലങ്ക ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

ചക്കയെ ജനകീയമാക്കുന്നതിനും ചക്കയുടെ പോഷക ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ചര്‍ച്ചകളും നയരൂപീകരണവും നടന്നു. ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്ക് അന്തര്‍ദേശീയ ചെയര്‍മാന്‍ മുഹമ്മദ് ദേശ ഹാജി ഹാസിമിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര സിമ്പോസിയം നടന്നത്.

ചക്ക വരവ്, പ്രദര്‍ശനം ,വിവിധ മത്സരങ്ങള്‍, ഗോത്ര സംഗമം, ചക്ക സംസ്‌കരണത്തിലും ഉല്‍പ്പന്ന നിര്‍മ്മാണത്തിലും വനിതകള്‍ക്ക് സൗജന്യ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.

സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ ചെറുവയല്‍ രാമന്‍ പുരസ്‌കാര വിതരണം നടത്തി. കര്‍ണാടക കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. നാരായണ ഗൗഡ, അമ്പലവയല്‍ ആര്‍. എ .ആര്‍. എസ്. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ ,പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. എന്‍.ഇ. സഫിയ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. ഷജീഷ് ജാന്‍, എ.പി. കുര്യാക്കോസ്, കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Comments

comments

Categories: FK News