ബുള്ളറ്റ് ട്രെയ്‌നുകളുടെയും ആവശ്യകതയുണ്ട്…

ബുള്ളറ്റ് ട്രെയ്‌നുകളുടെയും ആവശ്യകതയുണ്ട്…

ഇന്ത്യന്‍ റെയ്ല്‍വേക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. സാധാരണക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗ്ഗമായി ട്രെയ്‌നിനെ മാറ്റുകയെന്നതുതന്നെയാണ് പ്രഥമ മുന്‍ഗണന നല്‍കുന്ന വിഷയം. അതേസമയം ബുളളറ്റ് ട്രെയ്‌നുകള്‍ വേണ്ടാ എന്ന് പറയുന്ന സമീപനവും ആവശ്യമില്ല

 

ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെന്ന് അറിയപ്പെടുന്നതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന വികസന അജണ്ടകളിലൊന്നായി തന്നെ ഇതിനെ പലരും കാണുന്നുണ്ട്. പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഈ പദ്ധതിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചെലവ് തന്നെയാണ് പ്രധാന ഘടകം. എന്നാല്‍ ഏറ്റവും ക്രിയാത്മകമായി ഈ പദ്ധതിക്കെതിരെ എത്തിയ വിമര്‍ശനം മെട്രോമാന്‍ ഇ ശ്രീധരനില്‍ നിന്നാണ്.

അടുത്തിടെയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയെ ശ്രീധരന്‍ വിമര്‍ശിച്ചത്. ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിന് മാത്രമേ ബുള്ളറ്റ് ട്രെയ്ന്‍ ഗുണം ചെയ്യൂവെന്നും കുറച്ചു കൂടി സുരക്ഷിതമായ റെയല്‍ ശൃംഖല വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറെ പുറകിലാണ് നമ്മുടെ റെയല്‍ സംവിധാനങ്ങള്‍, അതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ശ്രീധരന്റെ വിമര്‍ശനങ്ങളില്‍ കാമ്പുണ്ട്. എന്നാല്‍ ബുള്ളറ്റ് ട്രെയ്ന്‍ നമുക്ക് വേണ്ടെന്ന് പറഞ്ഞുള്ള സമീപനവും ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന് ഉചിതമല്ല.

റെയല്‍വെയും പ്രഥമ പരിഗണന സുരക്ഷിതമായ ട്രെയ്ന്‍ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് ഏര്‍പ്പെടുത്തുക എന്നതുതന്നെയാണ്. രാജ്യത്ത് നടക്കുന്ന ട്രെയ്ന്‍ അപകടങ്ങള്‍ ഒരുകാലത്ത് വലിയ പ്രശ്‌നമായി ഉയര്‍ന്നുവന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത് പരിഹരിക്കാനും റെയ്ല്‍വേയെ നവീകരിക്കാനും കാര്യമായ ശ്രമങ്ങള്‍ തന്നെ സര്‍ക്കാര്‍ നടത്തുന്നുണ്ട്. പല വികസിത രാജ്യങ്ങളിലെയും വികസനം പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുന്നത് നമ്മുടെ രാജ്യത്തെ ആവാസ വ്യവസ്ഥയെയും ജനസംഖ്യയെയും താരതമ്യം ചെയ്യുമ്പോള്‍ അവിടങ്ങളിലേത് അത്ര സങ്കീര്‍ണമല്ല എന്നതിനാലാണ്. ഇന്ത്യപോലൊരു വലിയ രാജ്യത്ത് പരമ്പരാഗത ശീലങ്ങളെ അതിവര്‍ത്തിച്ച് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ശ്രമകരമായ ദൗത്യമാണ്.

നിലവില്‍ വകുപ്പ് കൈയാളുന്ന പിയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സാങ്കേതികപരമായി വലിയ മാറ്റങ്ങള്‍ റെയല്‍വേയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്‍ജിനുകളുടെ ഫോഗ്‌സേഫ് ഉപകരണവും, യൂറോപ്യന്‍ ട്രെയ്ന്‍ കണ്‍ട്രോള്‍ സിസ്റ്റം ലെവല്‍-2 സിഗ്നലിംഗ് സംവിധാനവുമെല്ലാം ഉദാഹരണങ്ങളാണ്. ഇതുപോലുള്ള മാറ്റങ്ങള്‍ പതിയെ റെയല്‍ സംവിധാനങ്ങളെ കാര്യക്ഷമതയിലേക്കും സുരക്ഷിതത്വത്തിലേക്കും എത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഈ സംവിധാനങ്ങളിലെ താളപ്പിഴകള്‍ അതിശക്തമായി വിമര്‍ശിക്കപ്പെടുകയും വേണം. അത് ഒരിക്കലും അര്‍ത്ഥമാക്കേണ്ടത് ബുള്ളറ്റ് ട്രെയ്ന്‍ പോലുള്ള അത്യാഡംബര പദ്ധതികള്‍ നമുക്ക് വേണ്ട എന്നാകരുത്. ബുള്ളറ്റ് ട്രെയ്‌നുകളും ഹൈപ്പര്‍ലൂപ്പ് പോലുള്ള സംവിധാനങ്ങളും കൂടി ചേര്‍ന്നതാകണം സമഗ്രമായ വികസന നയങ്ങള്‍. പദ്ധതിയുടെ ചെലവിടല്‍ തുകയും അത് ആര്‍ക്കെല്ലാം ഉപയോഗപ്പെടും എന്നതുമെല്ലാം വെച്ച് തീവ്രവിമര്‍ശനങ്ങള്‍ വരുമ്പോള്‍ കാലത്തിനനുസരിച്ച് മാറുന്നതില്‍ ചിലപ്പോള്‍ നമ്മള്‍ പുറകില്‍ പോകും.

Comments

comments

Categories: Editorial, FK Special, Slider