അസ്ഗാര്‍ഡിയ ഉയര്‍ത്തുന്ന സമസ്യകള്‍

അസ്ഗാര്‍ഡിയ ഉയര്‍ത്തുന്ന സമസ്യകള്‍

ഭൂമിയുടെ നിലനില്‍പ്പ് അപകടത്തിലാണന്ന് കണ്ട നാള്‍ മുതല്‍ ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യതകളെപ്പറ്റി മനുഷ്യരാശി ആലോചിച്ചു തുടങ്ങിയിരുന്നു. വാസയോഗ്യമായ ഗ്രഹങ്ങളെ തെരഞ്ഞ് നമ്മുടെ അസംഖ്യം ഉപഗ്രഹങ്ങളും ഭീമന്‍ ടെലസ്‌കോപ്പുകളും ബഹിരാകാശത്ത് ചുറ്റിത്തിരിയുന്നുണ്ട്. എന്നാല്‍ പ്രതീക്ഷ വളര്‍ത്തുന്ന കണ്ടു പിടുത്തങ്ങളൊന്നും നടന്നിട്ടില്ല. പ്രതീക്ഷിച്ചതിലും വേഗം ജഡത്വത്തിലേക്ക് കുതിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനായി പുതിയൊരു കൃത്രിമ ലോകം വിഭാവനം ചെയ്തിരിക്കുകയാണ് റഷ്യന്‍ ശാസ്ത്രജ്ഞനായ ആഷര്‍ബെയ്‌ലിയും സംഘവും. അസ്ഗാര്‍ഡിയ എന്ന സാങ്കല്‍പിക മാവേലി നാടിന്റെ സാംഗത്യം എന്താണെന്ന് പരിശോധിക്കുകയാണ് ലേഖകന്‍.

 

‘ശാസ്ത്രമങ്ങുയരത്തിലെത്തി, മിഴിച്ചു നില്‍ക്കും കവികളേ…
ശൂന്യബാഹ്യവിയല്‍പഥങ്ങളില്‍
വിജയപര്യടനത്തിനായി വളര്‍ക്കുവിന്‍ പുതുചിറകുകള്‍
അഗ്രഗാമികളങ്ങുചെന്നുയരത്തില്‍ വീശി പതാകകള്‍
……….
ഭസ്മമാക്കിടുമാസര്‍ഗ്ഗജ്വാല വീശുക നാമിനി’

     – അയ്യപ്പപ്പണിക്കര്‍, ‘ഹേഗഗാറിന്‍!’

1961 ഏപ്രില്‍ 12 നാണ് ആദ്യമായി ഒരു മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ആയിരുന്നു ആ വ്യക്തി. അദ്ദേഹത്തിന്റെ ബഹിരാകാശ സഞ്ചാരത്തിന്റെ പശ്ചാത്തലത്തില്‍ അയ്യപ്പപ്പണിക്കര്‍ രചിച്ച കവിതയാണ് ‘ഹേഗഗാറിന്‍!’

ഇക്കഴിഞ്ഞ ജൂണ്‍ 25 ന് വിയന്നയിലെ ഹോഫ്ബര്‍ഗ്ഗ് കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ഒരു ചടങ്ങില്‍ വച്ച് ഇഗോര്‍ ആഷര്‍ബെയ്ലി എന്ന റഷ്യന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ‘അസ്ഗാര്‍ഡിയ’ എന്ന രാജ്യത്തിന്റെ രാഷ്ട്രത്തലവനായി ചുമതലയേറ്റ വിവരം മലയാള പത്രങ്ങളിലൊന്നും വലിയ തലക്കെട്ട് ആയിരുന്നില്ല. നമുക്കിവിടെ വിഷയങ്ങള്‍ മറ്റൊരുപാടുണ്ടല്ലോ വിവാദവല്‍ക്കരിക്കാന്‍. എന്നാല്‍ ഇഗോര്‍ ആഷര്‍ബെയ്ലി രാഷ്ട്രനിര്‍മ്മാണത്തിനൊരുങ്ങുന്ന വിവരം 2016 ഒക്ടോബറിലും ഈ ജൂണിലും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തിരുന്നു.

യുനെസ്‌കോയുടെ സയന്‍സ് ഓഫ് സ്പേസ് കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ആഷര്‍ബെയ്ലി. ഭൗമഗോളത്തിന് പുറത്ത്, ശൂന്യാകാശത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഈ പുതിയ രാഷ്ട്രത്തിന്റെ മുഴുവന്‍ പേര് ‘സ്പേസ്‌നേഷന്‍ ഓഫ് അസ്ഗാര്‍ഡിയ’ എന്നാണ്. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളില്‍ ദൈവങ്ങളുടെ നാടിന്റെ പേര് ആണ് അസ്ഗാര്‍ഡ് അഥവാ ആകാശത്തെ നഗരം. ഇംഗ്ലീഷിലേക്ക് പകര്‍ത്തുമ്പോള്‍ വേണമെങ്കില്‍ അത്യധികം ഭൗതികവല്‍ക്കരിക്കപ്പെട്ട പ്രയോഗമായ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന് പറയാം; നമ്മുടെ ഭാഷയില്‍ നമ്മള്‍ കടം കൊണ്ട വിശേഷനാമം ‘ദൈവത്തിന്റെ സ്വന്തം നാട്’.

പുതിയ രാജ്യത്തെ പ്രജകളായി മാറുവാന്‍ ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു; അതിലൊരു പതിനായിരത്തിലധികം ഭാരതീയരാണെന്നും അറിയുന്നു. കൃത്രിമ ഉപഗ്രഹങ്ങളുടെ ഒരു സമുച്ചയത്തിലാണ് പുതിയ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഷര്‍ബെയ്ലി പദ്ധതിയിട്ടിരിക്കുന്നത്. പറ്റുമെങ്കില്‍ ചന്ദ്രഗ്രഹത്തിലും. മനുഷ്യകുലത്തിന്റെ ഏറ്റവും മികവുറ്റതും ശോഭയാര്‍ന്നതും സര്‍ഗ്ഗശക്തിയുള്ളതുമായ ഒരു സമ്പുഷ്ട സമൂഹത്തെ ആണ് പുതിയ രാഷ്ട്രത്തിലേക്ക് എടുക്കുന്നത്; അല്ലാതെ കാശുള്ളവര്‍ക്കെല്ലാം കയറിപ്പറ്റാവുന്ന ഒരിടമാവില്ല അത്. ഭൂമിയിലെ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അസ്ഗാര്‍ഡിയയില്‍ സ്ഥാനമുണ്ടാവില്ല. ഉത്തരോത്തരം പുഷ്ടി പ്രാപിക്കുന്ന മാനവിക-മാനസിക പരിപൂര്‍ണ്ണതയാണ് അസ്ഗാര്‍ഡിയ സ്വയം ലക്ഷ്യം വെ്ക്കുന്നത്. ഏറ്റവും ഉദാത്തമായ ഒരു ജൈവകുലം അവിടെ വാര്‍ത്തെടുക്കപ്പെടണം എന്നതാണ് അസ്ഗാര്‍ഡിയയുടെ സ്വപ്നം. ആയതിനാല്‍ തന്നെ കര്‍ശനമായ ഉപാധികളോടെ തിരഞ്ഞെടുക്കപ്പെടുന്ന ആറ് ലക്ഷം പേര്‍ക്ക് മാത്രമേ പുതിയ രാജ്യത്ത് പ്രവേശനമുള്ളൂ. പിന്നീടൊരിക്കല്‍ ജനസംഖ്യ കൂടുമ്പോള്‍ പുതിയ ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് ആവശ്യത്തിന് സ്ഥലമുണ്ടാക്കാം.

രാജ്യത്തിന്റെ ലക്ഷ്യങ്ങളും ഭരണഘടനയും വഹിച്ചുകൊണ്ടുള്ള ആദ്യ ഉപഗ്രഹം കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്ന് ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്നുണ്ട്. ഭാവിയിലെ ബഹിരാകാശസമൂഹത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തയ്യാറെടുപ്പുകളുമായി ഒരു കൂട്ടം ഉപഗ്രഹങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യാത്രയാവും. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് മധുര മനോഹര മനോജ്ഞ രാജ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.

‘മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു രാജ്യം കെട്ടിപ്പടുക്കണമെന്ന മോഹം എന്നില്‍ അങ്കുരിച്ചിട്ട് പത്ത് വര്‍ഷത്തോളമായി,’ ആഷര്‍ബെയ്ലി പറയുന്നു. എന്നാല്‍ നിറഞ്ഞ് കവിഞ്ഞ നമ്മുടെ ഗ്രഹത്തില്‍ ഇനി സ്ഥലമില്ല. ആ അന്വേഷണത്തിലാണ്, 2016 ല്‍ മോണ്‍ട്രിയലില്‍ വച്ച് ബഹിരാകാശ നിയമങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവെ ഒരാശയം അദ്ദേഹത്തിന്റെ തലയില്‍ മിന്നിയത്: എന്തുകൊണ്ട്, പുതിയ രാഷ്ട്രം ബഹിരാകാശത്ത് ആയിക്കൂടാ? അനുബന്ധമായി അദ്ദേഹം വെളിപ്പെടുത്തുന്ന ഒരു കാര്യം ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍: ‘ഇന്ത്യന്‍ പുരാണങ്ങളിലെ ശംഭല പോലെ, ഭൗമഗോളത്തിന് പുറത്ത് എല്ലാം തികഞ്ഞ ഒരു രാജ്യം എന്ന മനുഷ്യന്റെ മിത്തോളജിക്കല്‍ സങ്കല്‍പം എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്,’ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയുടെ ജന്മസ്ഥലമാണ് വിഷ്ണുപുരാണ പ്രകാരം ശംഭല. ഹൈന്ദവ പുരാണങ്ങളില്‍ മാത്രമല്ല, ബുദ്ധസങ്കല്‍പ്പങ്ങളിലും ശംഭല ഉണ്ട്. ടിബറ്റ് ഉള്‍പ്പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡം, ചൈന, മംഗോളിയന്‍ ദേശങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാം പുരാണ കഥകളില്‍ ശംഭല എന്ന സാങ്കല്‍പ്പിക രാഷ്ട്രം ഉണ്ട്. അത്യാഗ്രഹങ്ങളും യുദ്ധങ്ങളും മൂലം ഭൂമിയില്‍ എല്ലാം അസ്തമിക്കുമ്പോള്‍ അവശിഷ്ട ദുഷ്ടശക്തികളെ കൂടി ഉന്മൂലനം ചെയ്ത് സ്വപ്നരാജ്യം നിര്‍മ്മിക്കുവാന്‍ ഇരുപത്തഞ്ചാമത് കല്‍ക്കി രാജാവ് ആയി മഹാവിഷ്ണു അവതരിക്കും എന്നാണ് വിശ്വാസം. അതാണ് കലിയുഗാന്ത്യം. ചില ജ്യോതിഷികള്‍ പ്രവചിക്കുന്നത് കലിയുഗം ഇനി 4,26,900 വര്‍ഷങ്ങള്‍ കൂടിയുണ്ടെന്നാണ്. എന്നാല്‍, ‘കാലചക്ര തന്ത്ര’ത്തിലെ ഗണനസങ്കേതങ്ങള്‍ ഉപയോഗിച്ച്, ബുദ്ധമത പണ്ഡിതനായ അലക്‌സ് ബെര്‍സിന്‍ കണക്കുകൂട്ടുന്നത്, ഇത് എഡി 2424 ല്‍ ആയിരിക്കും എന്നാണ്. ബ്രിട്ടീഷ് നോവലിസ്റ്റ് ആയിരുന്ന ജെയിംസ് ഹില്‍ട്ടണ്‍ 1933 ല്‍ എഴുതിയ ‘ലോസ്റ്റ് ഹൊറൈസണ്‍’ എന്ന നോവലിലെ ഷാങ്ഗ്രിലയുടെ പ്രചോദനം ശംഭല ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചൈനീസ് ഭാഷയുടെ റോമന്‍ അക്ഷരമാറ്റമായ പിന്‍യിങ് ലിപിയില്‍ ‘xiangbala’ എന്ന് വിവക്ഷിക്കുന്നതും ശംഭല ആണ്. മാവേലി നാട് വാണീടും കാലത്തെപ്പോലുള്ള രാഷ്ട്രസങ്കല്‍പ്പം; കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം.

റഷ്യന്‍ പുരാണങ്ങളിലും സമാനമായൊരു സങ്കല്‍പ്പമുണ്ട്. മധ്യറഷ്യയിലെ വോസ്‌ക്രെസെന്‍സ്‌കി ജില്ലയിലെ സ്വേറ്റ്‌ലോയര്‍ തടാകത്തിലെ വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന കിറ്റിഷ് നഗരം. ആത്മാവും മനസ്സും പരിശുദ്ധമായവര്‍ക്ക് മാത്രമുള്ള വാസസ്ഥലം ആയിരുന്നു കിറ്റിഷ് എന്നാണ് വിശ്വാസം.

അതുപോലൊരു രാജ്യമാണ് ആഷര്‍ബെയ്ലി വിഭാവനം ചെയ്യുന്നത്. മൂന്ന് തത്വങ്ങളിലാണ് അസ്ഗാര്‍ഡിയ സ്ഥാപിക്കപ്പെടുന്നത്: ഒന്ന്, സമാധാനം. സംഘര്‍ഷങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. രണ്ട്, ഏത് രാജ്യക്കാര്‍ക്കും അസ്ഗാര്‍ഡിയയിലേക്കുള്ള പ്രവേശനത്തിന് തുല്യ അര്‍ഹതയായിരിക്കും. മൂന്ന്, എല്ലാ രാജ്യക്കാര്‍ക്കും തുല്യസംരക്ഷണം ഉറപ്പ് നല്‍കല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതത്തിനും അവിടെ പ്രവേശനമില്ല. അസ്ഗാര്‍ഡിയ പൗരന്മാര്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ തുടങ്ങി. ഐക്യരാഷ്ട്രസഭയില്‍ അംഗത്വത്തിനും അസ്ഗാര്‍ഡിയ അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, ഒരു വെബ്സൈറ്റും ചെറിയ റൊട്ടിപ്പൊതിയോളം (20 x 10 x 20സെന്റിമീറ്റര്‍) പോന്ന ഒരു ഉപഗ്രഹവുമല്ലാതെ ഭൗതികമായി മറ്റൊന്നും നിലവില്‍ വന്നിട്ടില്ല. ഇതുതന്നെ, ഒരു രാജ്യം എന്ന സാധ്യതയെ വലിയൊരളവില്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവല്‍ക്കരിക്കുന്നതിലുള്ള പ്രായോഗിക പരിമിതികളെ അസ്ഗാര്‍ഡിയ എങ്ങനെ തരണം ചെയ്യും എന്ന സമസ്യക്ക് ഇതുവരെ ഉത്തരമായിട്ടില്ല എന്നതാണ് ആഷര്‍ബെയ്ലി നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം.

നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നുള്ള, എട്ട് ഭാഷകള്‍ സംസാരിക്കുന്ന, നൂറോളം പ്രതിനിധികള്‍ (അസ്ഗാര്‍ഡിയന്‍ പൗരത്വം അപേക്ഷിച്ചിട്ടുള്ള എല്ലാവരും ചേര്‍ന്നാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്) പതിനൊന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്ത്, ഇരുപത് വോട്ടെടുപ്പുകള്‍ നടത്തിയാണ് ഭരണഘടന അംഗീകരിച്ചതും രാഷ്ട്രത്തലവനെ തിരഞ്ഞെടുത്തതും. എന്നാല്‍, അത് അത്ര സുതാര്യമായ തിരഞ്ഞെടുപ്പായിരുന്നില്ല എന്നും വിമര്‍ശനം ഉണ്ട്. ആഷര്‍ബെയ്ലി സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നവരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി എന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പിന്നെയെങ്ങനെയാണ് മദമാത്സര്യങ്ങളില്ലാത്ത രാജ്യരൂപീകരണം നടക്കുക എന്ന് അസ്ഗാര്‍ഡിയന്‍ അംഗങ്ങള്‍ക്കിടയില്‍ സന്ദേഹം പരന്നിട്ടുണ്ട്.

അംഗങ്ങളുടെ പ്രവേശനവും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ വെബ്സൈറ്റില്‍ ലളിതമായ ചില വ്യക്തിവിവരങ്ങള്‍ നല്‍കി, ഭരണഘടന അംഗീകരിക്കുന്നു എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അംഗത്വത്തിനുള്ള അപേക്ഷ പൂര്‍ണ്ണമായി. അംഗങ്ങളുടെ ചിന്താശ്രേഷ്ഠത ഉറപ്പ് വരുത്താന്‍ യാതൊരു ക്രമീകരങ്ങളുമില്ല. അവര്‍ക്കെങ്ങിനെയാണ് ഒരു ശ്രേഷ്ഠരാജ്യം സൃഷ്ടിക്കാനാവുക? അസ്ഗാര്‍ഡിയയിലെ പൗരന്മാര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭൂമിയില്‍ എപ്പോഴെപ്പോള്‍ ധര്‍മ്മത്തിന് ഗ്ലാനിസംഭവിക്കുന്നുവോ, വാല്‍നക്ഷത്രമോ അധികരിച്ച സൂര്യതാപമോ നിപതിക്കുമ്പോഴോ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം താഴെയിറങ്ങി വരേണ്ട ആളുകളാണ് അവര്‍. ആഷര്‍ബെയ്ലിയുടെ ഈ വാഗ്ദാനങ്ങളെ ‘വട്ടന്‍ ആശയങ്ങള്‍’ എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും കുറവല്ല.

ഒരു ശാസ്ത്രജ്ഞന്‍ എന്നതുപോലെ തന്നെ കച്ചവടക്കാരനുമാണ് ആഷര്‍ബെയ്ലി. കഴിഞ്ഞ ഇരുപത് വര്‍ഷമായി റഷ്യയുടെ ഏറോസ്‌പേസ് വ്യവസായത്തില്‍ സജീവസാന്നിധ്യമാണ് അദ്ദേഹം. റഷ്യയുടെ എസ്-400 വിമാനവേധ മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ഇവിടെ അദ്ദേഹത്തിന്റെ ആശയങ്ങളും അഭിമുഖ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വെളിവാകുന്നു. അസര്‍ബൈജാനിലെ വരേണ്യ തറവാടായ ആഷര്‍ബെക്കോവ് കുടുംബാംഗമാണ് ആഷര്‍ബെയ്ലി. സ്വന്തമായ നിരവധി കച്ചവട താല്‍പ്പര്യങ്ങളുള്ള കുടുംബമാണ് അത്. ശാന്തി താല്‍പ്പര്യമാണോ ശാസ്ത്ര താല്‍പ്പര്യമാണോ അതോ കച്ചവട താല്‍പ്പര്യമാണോ അദ്ദേഹത്തെ നയിക്കുന്നത് എന്ന് വഴിയേ മാത്രമേ മനസ്സിലാവൂ. യാഥാര്‍ഥ്യമാവുകയാണെങ്കില്‍ പോലും ഇതൊരു റിയല്‍ എസ്റ്റേറ്റ് കച്ചവടമല്ല എന്ന് ഉറപ്പിക്കാനാവില്ല. അസ്ഗാര്‍ഡിയ പൗരന്മാര്‍ ഇപ്പോഴേ നികുതി നല്‍കേണ്ടതുണ്ട് എന്ന ഭരണഘടനാ നിബന്ധന ഈ സംശയങ്ങള്‍ക്ക് ബലം പകരുന്നു.

രാജ്യം യഥാര്‍ത്ഥമായി ഭവിക്കുകയാണെങ്കില്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന ഭരണഘടന പ്രകാരം ആഷര്‍ബെയ്ലിക്ക് അനിയന്ത്രിതമായ വീറ്റോ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് ജനാധിപത്യത്തേക്കാള്‍ അദ്ദേഹത്തിന്റെ സര്‍വ്വാധിപത്യത്തിനാണ് മുന്‍തൂക്കം കൊടുക്കുക. ഭൂമിയിലെ രാഷ്ട്രീയത്തിന്റെ ബഹിരാകാശ പതിപ്പ് മാത്രമാവും ആ രാജ്യനീതി; ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദത്ത ഭൂമി എന്ന സ്വപ്നത്തിന് കടകവിരുദ്ധവും.

അസ്ഗാര്‍ഡിയയുടെ ഭരണഘടന വോട്ടെടുപ്പില്‍ (ഓണ്‍ലൈന്‍), അത് സ്വീകരിക്കാനോ നിരാകരിക്കാനോ മാത്രമുള്ള ഓപ്ഷനുകളെ ഉള്ളൂ. മാറ്റങ്ങള്‍ നിര്‍ദേശ്ശിക്കാന്‍ അതില്‍ മാര്‍ഗ്ഗങ്ങളില്ല. അതായത് ആശയങ്ങള്‍ സ്വീകരിക്കാനുള്ള പ്രകടമായ വൈമുഖ്യം ദൃശ്യമാണ്. ഇത് പരിഷ്‌കൃത ജനാധിപത്യത്തിന് ചേര്‍ന്നതല്ല.

അസ്ഗാര്‍ഡിയയുടെ വെബ്പേജില്‍ പറയുന്ന പോലെയാണെങ്കില്‍ അതിന് മൂന്ന് തരം ലക്ഷ്യങ്ങളുണ്ട്: നിയമപരം, തത്വശാസ്ത്രപരം, ശാസ്ത്രപരം. നിയപരമായി, ബഹിരാകാശത്തെ ആദ്യത്തെ രാജ്യമാവുക. തത്വശാസ്ത്രപരമായി, ഭൂമിയിലെ എല്ലാ വിഭാഗീയതകളില്‍ നിന്നും വേര്‍പെട്ട്, ഭൂമിയെ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഏക മനസ്സായി പ്രവര്‍ത്തിക്കുന്ന ഒരു ജനതയുടെ ഇഴയടുപ്പം. ശാസ്ത്രപരമായി, ശാസ്ത്രത്തിന്റെ സൈനികേതര വികസനവും അറിവ് ആവശ്യമുള്ളവര്‍ക്കെല്ലാം യഥേഷ്ടം അത് പകര്‍ന്ന് കൊടുക്കാനുള്ള സന്മനസ്സും. ഈ സങ്കല്‍പ്പങ്ങളിലാണ് ആശയപരമായി യോജിപ്പുള്ളവര്‍, അവര്‍ ബംഗ്ലാദേശ് മുതല്‍ അര്‍ജന്റീന വരെ പല ദേശക്കാരാവാം, ഒത്തു ചേരുന്നത്. പക്ഷേ, അവര്‍ക്ക് അവരുടെ ഉള്‍മനസ്സിലെ മാതൃരാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലനില്‍പുണ്ടാവുമോ? അപ്പോള്‍, ഭൂമിയിലെ രാഷ്ട്രീയവും സംഘര്‍ഷങ്ങളും സ്വപ്നരാജ്യത്ത് പകര്‍ന്നെത്തില്ലേ? സ്ഥാപകന്റെ രാഷ്ട്രീയം വേറെ മുഴച്ചും നില്‍ക്കില്ലേ?

അസ്ഗാര്‍ഡിയ വലിയൊരു ആശയമാണെന്ന് പറയാതെ വയ്യ. എന്നാല്‍ അതുയര്‍ത്തുന്ന സമസ്യകള്‍ക്ക് സമര്‍ത്ഥമായി ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ ആസന്നമരണയായ ഭൂമിക്ക് താങ്ങാവുന്നതിന് പകരം ഒരു മുള്‍ക്കിരീടമായി അത് പരിണമിക്കാം. അയ്യപ്പപ്പണിക്കര്‍ എഴുതിയ പോലെ, കേവലസ്ഥലസീമകള്‍ ഇല്ലാതാവുന്നത് നല്ലത് തന്നെ. പക്ഷേ, ‘സര്‍ഗകല്‍പ്പന സ്വപ്‌നതല്‍പ്പനിസര്‍ഗ്ഗഭാവമണിഞ്ഞുപോകു’മ്പോള്‍, നമ്മള്‍ ഒരുപാട് മദിക്കരുത്.

പുതിയ രാജ്യത്തെ പ്രജകളായി മാറുവാന്‍ ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു; അതിലൊരു പതിനായിരത്തിലധികം ഭാരതീയരാണെന്നും അറിയുന്നു. കൃത്രിമ ഉപഗ്രഹങ്ങളുടെ ഒരു സമുച്ചയത്തിലാണ് പുതിയ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഷര്‍ബെയ്ലി പദ്ധതിയിട്ടിരിക്കുന്നത്. പറ്റുമെങ്കില്‍ ചന്ദ്രഗ്രഹത്തിലും.

 

Comments

comments

Categories: FK Special, Slider, Top Stories