അമര്‍ത്യാ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

അമര്‍ത്യാ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്നിനെ വെല്ലുവിളിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലേക്ക് കുതിച്ചുചാടുകയാണെന്ന അമര്‍ത്യാ സെന്നിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജീവ് കുമാര്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഇന്ത്യയുടെ അടിസ്ഥാനവികസനത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്ന് രാജ്യത്തിനകത്ത് നിന്നുകൊണ്ട് മനസ്സിലാക്കണമെന്ന് അമര്‍ത്യാ സെന്നിനോട് രാജീവ് കുമാര്‍ പറഞ്ഞു.

നിലവിലെ രാജ്യത്തിന്റെ അവസ്ഥയെന്താണെന്ന് ഇവിടെ നിന്നുകൊണ്ടുതന്നെ കാണാന്‍ താന്‍ അമര്‍ത്യാ സെന്നിനെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് കുമാര്‍ അമര്‍ത്യാസെന്നിനെ വിമര്‍ശിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമെന്ന് വിശകലനം നടത്തിയിട്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ മതിയെന്ന് അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഇത്രയധികം വികസനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ ഭരണകാലഘട്ടങ്ങളില്‍ ആര്‍ക്കായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ അമര്‍ത്യാ സെന്നിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളും മാലിന്യമുക്തമാക്കാന്‍ മോദി സര്‍ക്കാരിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

2014 മുതല്‍ രാജ്യം പിന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അമര്‍ത്യാസെന്നിന്റെ പ്രസ്താവന. ദ്രുതഗതിയില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ പിന്നോട്ടാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപഭൂഖണ്ഡത്തിലെ ആറ് രാജ്യങ്ങൡ ശ്രീലങ്കയ്ക്ക് പിന്നാലെ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ രാജ്യമായി മാറിയെന്ന് അമര്‍ത്യാ സെന്‍ പറഞ്ഞു.

 

Comments

comments